'ഞാനിങ്ങനെയാവാൻ കാരണം ദാവൂദ് ഇബ്രാഹിം; ആത്മകഥ സമർപ്പിച്ചതും അദ്ദേഹത്തിന്': രാം ഗോപാൽ വർമ

രാം ഗോപാൽ വർമ / AFP
രാം ഗോപാൽ വർമ / AFP

1990-കളിൽ ബോളിവുഡിൽ അധോലോകത്തിന്റെ സാന്നിധ്യം സജീവമായുണ്ടായിരുന്ന കാലമാണ്. സിനിമയുടെ കഥയും അതിൽ അഭിനയിക്കുന്ന താരങ്ങളെയും വരെ തീരുമാനിച്ചിരുന്നത് അധോലോകമായിരുന്നു. അധോലോക നേതാക്കൻമാരിൽനിന്ന് ഭീഷണിസന്ദേശങ്ങൾ ലഭിച്ചതായി പല താരങ്ങളും ചലച്ചിത്രപ്രവർത്തകരും സമ്മതിച്ചിട്ടുമുണ്ട്. അവരുടെ വെടിയേറ്റ ചലച്ചിത്രപ്രവർത്തകരുമുണ്ട്.

എന്നാൽ, തനിക്ക് അത്തരം അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും തന്റെ സിനിമകളെല്ലാം ഗുണ്ടാസംഘങ്ങളെല്ലാം ഇഷ്ടപ്പെട്ടിരുന്നുവെന്നും അവകാശപ്പെടുകയാണ് ഫിലിം മേക്കർ രാം ഗോപാൽ വർമ. തനിക്ക് ഭീഷണി കോളുകളോ സന്ദേശങ്ങളോ ലഭിച്ചിട്ടില്ലെന്നും രാം ഗോപാൽ വർമ പറയുന്നു.

ഫിലിംഫെയറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ ആത്മകഥയായ 'ഗൺസ് & തൈസ്' (Guns & Thighs) അധോലോകതലവൻ ദാവൂദ് ഇബ്രാഹിമിന് സമർപ്പിച്ചിരുന്നതായും എന്നാൽ പുസ്തകത്തിന്റെ പ്രസാധകർ ദാവൂദിന്റെ പേര് നീക്കം ചെയ്തതാണെന്നും അദ്ദേഹം പറയുന്നു. ''എന്റെ ആത്മകഥ ഞാൻ ദാവൂദ് ഇബ്രാഹിമിനും സമർപ്പിച്ചു. പക്ഷേ പ്രസാധകർ അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. ദാവൂദ് ഇബ്രാഹിം ഇല്ലായിരുന്നുവെങ്കിൽ, സത്യ, കമ്പനി എന്നീ രണ്ടു പ്രശസ്തമായ സിനിമകൾ ഞാൻ ചെയ്യുമായിരുന്നില്ല. അങ്ങനെയുള്ളപ്പോൾ എനിക്കെന്തുകൊണ്ട് അദ്ദേഹത്തിന് സമർപ്പിച്ചുകൂടാ? ഞാൻ എന്റെ ഉപജീവനമാർഗം കണ്ടെത്താൻ കാരണവും അദ്ദേഹം തന്നെ''.

അധോലോകത്തിൽനിന്ന് ഭീഷണികോളുകൾ കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് ആർ.ജി.വി മറുപടി നൽകിയതിങ്ങനെ, ''ഒരിക്കലും ഭീഷണി കോളുകൾ ലഭിക്കാത്ത ഒരേയൊരു വ്യക്തി ഞാനായിരുന്നു. കാരണം അവർ സത്യയെയും കമ്പനിയെയും സ്‌നേഹിച്ചിരുന്നു. എന്നെ ശല്യപ്പെടുത്താൻ അവർ ആഗ്രഹിച്ചില്ല. ഞാൻ അവരുടെ ആത്മമിത്രമായി മാറി''.

എന്നാൽ, ആർ.ജി.വി.യുടെ പല സിനിമകൾക്കും ഫണ്ട് ചെയ്തിരുന്നത് അധോലോകമാണെന്ന് മുംബൈ ജോയിന്റ് കമ്മീഷണറായിരുന്ന ഡി.ശിവാനന്ദൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആർ.ജി.വി.യുടെ സിനിമകളായ സത്യ, കമ്പനി തുടങ്ങിയവ 'ഗുണ്ടാസംഘങ്ങളുടെ പ്രതിച്ഛായ ഉയർത്താൻ' നിർമിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ''അവയ്‌ക്കെല്ലാം ധനസഹായം നൽകിയതും അധോലോകം തന്നെ''.

ജെ.ഡി.ചക്രവർത്തി, ഊർമിള മധോൺകർ, മനോജ് ബാജ്‌പേയ് എന്നിവർ പ്രധാനകഥാപാത്രങ്ങളായ സിനിമയാണ് 'സത്യ'. 2002-ൽ റിലീസായ 'കമ്പനി'യിൽ മോഹൻലാൽ, അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയ്, മനീഷ കൊയ്‌രാള, അന്തര മാലി എന്നിവരാണ് അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ram Gopal Varma credits Dawood Ibrahim for his success with films like Satya and Company. RGV claims he never received threats from the underworld because they loved his work