'കത്രീന രസഗുള പോലിരിക്കുന്നു, എന്തെങ്കിലും അസുഖമാണോ? എന്താണിങ്ങനെ'; മറുപടിയുമായി ബോളിവുഡ് താരം

2025 നവംബറിലാണ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും കുഞ്ഞുണ്ടായത്. പ്രസവശേഷം സിനിമയിൽനിന്നും പൊതുവിടങ്ങളിൽനിന്നും വിട്ടുനിൽക്കുകയാണ് കത്രീന (Katrina Kaif). അതിനുശേഷം പാപ്പരാസികളുടെ ക്യാമറകൾക്കുമുന്നിലും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. സോഷ്യൽമീഡിയയിലും തന്റെ സാന്നിധ്യം അവർ പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കത്രീനയുടെ പുറത്തുവരുന്ന ഓരോ ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
അതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം കത്രീനയുടെയും വിക്കിയുടെയും ഒരു വീഡിയോ പുറത്തുവരുന്നത്. അന്തരിച്ച സംവിധായകൻ കുക്കു കോഹ്ലിയുടെ പ്രാർഥനാചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിക്കിയും കത്രീനയും. വെള്ളവസ്ത്രമണിഞ്ഞെത്തിയ ഇരുവരും പ്രാർഥനയിൽ പങ്കെടുത്തശേഷം ക്യാമറകൾക്കുമുന്നിൽ പോസ് ചെയ്യാതെ മടങ്ങുകയും ചെയ്തു.
ഈ വീഡിയോ പുറത്തുവന്നതിനുപിന്നാലെ കത്രീനയ്ക്കെതിരെ രൂക്ഷമായ ട്രോളിങ്ങും ബോഡി ഷെയ്മിങ്ങുമാണ് (Body Shaming) ഉണ്ടായത്. പ്രസവശേഷമുള്ള കത്രീനയുടെ ശരീരപ്രകൃതിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു സോഷ്യൽമീഡിയയിലെ ഒരു വിഭാഗം. 'ഇത് വളരെ മോശമായിപ്പോയി, അവർക്ക് എന്തെങ്കിലും അസുഖമാണോ?, കത്രീനയ്ക്ക് പ്രായമായി, കത്രീനയ്ക്ക് എന്തുപറ്റി?, അവരെ കാണാൻ ഒരു രസഗുളയെപ്പോലെയുണ്ട്...' തുടങ്ങി വളരെ മോശം കമന്റുകളാണ് വീഡിയോയുടെ താഴെ നിറഞ്ഞത്.
അതിനെതിരെ പലരും രംഗത്തെത്തിയിരുന്നു. ട്രോൾ ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശിവലീക ഒബ്റോയ്. ''എന്തുപറ്റിയെന്നാണോ?ഇതാണ് മദർഹുഡ്. പ്രസവശേഷമുള്ള സാധാരണ അവസ്ഥ ഇങ്ങനെയൊക്കെയാണ്, നല്ലതും ചീത്തയും, ശരീരഭാരം കൂടുന്നത്, ക്ഷീണം തുടങ്ങി എല്ലാം ചേർന്ന ഒരവസ്ഥ'', കത്രീനയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശിവലീക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
''യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒരുതരം മാതൃത്വ സങ്കൽപ്പത്തെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കൂ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം നിരവധി പോസ്റ്റുകൾ കണ്ടപ്പോൾ, ആളുകളുടെ ചിന്താഗതി എത്രത്തോളം അസംബന്ധമാണെന്ന് ചിന്തിക്കാതിരിക്കാനാവുന്നില്ല!'', താരം കൂട്ടിച്ചേർത്തു. 'യേ സാലി ആഷിഖി', എന്ന ബോളിവുഡ് ചിത്രത്തിലൂടെയും 'ഖുദാ ഹാഫിസ്' എന്ന ഫിലിം സിരീസിലൂടെയും ശ്രദ്ധേയയായ നടിയാണ് ശിവലീക ഒബ്റോയ്.
2024-ൽ റിലീസായ 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ് കത്രീന അവസാനമായി അഭിനയിച്ചത്. അതിൽ വിജയ് സേതുപതിയായിരുന്നു നായകൻ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Katrina faced harsh body shaming and trolls after a recent public appearance. Actress Shivalika Oberoi strongly defended Katrina, highlighting the realities of motherhood.