മൈക്കിൾ ജാക്‌സന്റെ പ്രിയപ്പെട്ട ചിമ്പാൻസി; മ്യൂസിക് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട ബബിൾസ് എവിടെ?

അന്റോയിൻ ഫ്യുക്വേ സംവിധാനം ചെയ്ത 'മൈക്കിൾ' പുറത്തിറങ്ങിയത് കുറച്ചുദിവസങ്ങൾക്കുമുമ്പാണ്. സിനിമയിലെ മനോഹരമായ രംഗങ്ങളിലൊന്നാണ് മൈക്കിൾ ജാക്‌സൻ ഒരു ചിമ്പാൻസി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതും വളർത്തുന്നതും. ബബിൾസ് എന്നാണ് ആ കുഞ്ഞ് ചിമ്പാൻസിക്ക് മൈക്കിൾ പേരിട്ടത്. ആ രംഗം കണ്ടതോടെ മൈക്കിളിന്റെ 'ബബിൾസ്' (Bubbles) വീണ്ടും ചർച്ചകളിലിടം പിടിക്കുകയാണ്.
1983-ലാണ് ബബിൾസിന്റെ ജനനം. ഏകദേശം അതേസമയത്താണ് മൈക്കിൾ അതിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതും. മൈക്കിളിനൊപ്പം താരത്തിളക്കമുള്ള ഒരു ജീവിതമാണ് ബബിൾസ് പിന്നീട് നയിച്ചത്. മ്യൂസിക് വീഡിയോകളിലും, ജാക്‌സന്റെ അഭിമുഖങ്ങളിലും, പ്രസ് മീറ്റുകളിലും, ജാക്‌സനൊപ്പമുള്ള സെറ്റുകളിലുമെല്ലാം ബബിൾസ് പ്രത്യക്ഷപ്പെട്ടു.
1987-ൽ വെറും നാലുവയസ്സുള്ളപ്പോൾ ജാക്‌സനൊപ്പം ജപ്പാനിലേക്കുള്ള ഒരു പ്രൊമോഷണൽ ടൂറിലും ബബിൾസ് അംഗമായി. ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന ബബിൾസ് ഇപ്പോൾ എവിടെയാണെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഫ്‌ളോറിഡയിലെ മൃഗശാലയായ സെന്റർ ഫോർ ഗ്രേറ്റ് ആപ്‌സിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം കഴിയുകയാണ് ബബിൾസ്. 2005-ൽ വളരെയധികം വലുതായ ശേഷമാണ് ബബിൾസ് ഈ കേന്ദ്രത്തിലെത്തിയതെന്ന് അവരുടെ വെബ്‌സൈറ്റ് പറയുന്നു.
''ഇപ്പോൾ 185 പൗണ്ട് ഭാരമുള്ള ബബിൾസ്, സങ്കേതത്തിലെ ശാന്തമായ സാന്നിധ്യമാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഊപ്സി, ബോമ, കൊഡുവ, സ്‌ട്രൈക്കർ എന്നിവരടങ്ങുന്ന ചിമ്പാൻസി ഗ്രൂപ്പിന്റെ നേതാവ് കൂടിയാണ് ബബിൾസ്. ലജ്ജാശീലനാണെങ്കിലും, വളരെ വിനോദപ്രിയൻ കൂടിയാണ്. മൃഗശാലയിലെത്തുന്നവരുടെ മേൽ തമാശയ്ക്ക് വെള്ളം തളിക്കുകയും മണ്ണ് വിതറുകയും ചെയ്യുന്നത് അവന്റെ വിനോദമാണ്''.
ബബിൾസ് വളരെ ക്രിയേറ്റീവ് ആണെന്നും വരയ്ക്കാൻ അവനേറെ ഇഷ്ടമാണെന്നും വെബ്‌സൈറ്റിൽ പറയുന്നു. എന്നിരുന്നാലും, ഫോട്ടോ എടുക്കുന്നതിനോട് അവന് വെറുപ്പാണ്. ''അവന്റെ ചിത്രങ്ങളെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം ക്യാമറയ്ക്കുമുന്നിൽ നിൽക്കാൻ അവന് താത്പര്യമില്ല. ക്യാമറ കാണുമ്പോഴെല്ലാം അവൻ പുറംതിരിഞ്ഞ് നിൽക്കും'', വെബ്‌സൈറ്റിലിങ്ങനെ പറയുന്നു.
''മൈക്കിൾ കൊണ്ടുനടന്ന, മുഖത്ത് പിങ്ക് നിറമുള്ള ഒരു കുഞ്ഞായിട്ടാണ് ആളുകൾ ഇപ്പോഴും അവനെ സങ്കൽപ്പിക്കുന്നത്. പക്ഷേ ഇപ്പോൾ അവൻ വലിയ കുട്ടിയാണ്'', മൃഗശാലാ അധികൃതർ പറയുന്നു. മൃഗശാലയിലെത്തുന്നവരിലേറെയും അവന്റെ ചിത്രമെടുക്കാൻ ആഗ്രഹിക്കുന്നവരാണെന്നും അവർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bubbles was adopted by Michael Jackson in the 1980s and appeared in global media. Bubbles currently resides at the Center for Great Apes in Florida.