മക്കളോട് ക്യാന്‍സര്‍ വെളിപ്പെടുത്തിയത് വളരെ പണിപ്പെട്ടെന്ന് കേറ്റ്, രോഗശാന്തി നേര്‍ന്ന് പ്രമുഖര്‍

ബ്രിട്ടനിലെ വെയ്ല്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ടണ്‍ താന്‍ അര്‍ബുദബാധിതയാണെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. മാസങ്ങളായി കേറ്റിനെ പൊതുമധ്യത്തിലൊന്നും കാണാത്തതിന്റെ പേരില്‍ ലോകം മുഴുവന്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് തനിക്ക് അര്‍ബുദം ബാധിച്ചെന്നും കീമോതെറാപ്പിയിലൂടെ കടന്നുപോവുകയാണെന്നും കേറ്റ് തുറന്നുപറഞ്ഞത്. ജനുവരിയില്‍ നടന്ന ഉദരശസ്ത്രക്രിയക്കുശേഷമാണ് അര്‍ബുദം സ്ഥിരീകരിച്ചതെന്നും രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കേറ്റ് പറഞ്ഞു.
'അര്‍ബുദവാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി, കടന്നുപോയ മാസങ്ങള്‍ വളരെയേറെ കഠിനമായിരുന്നു. കുട്ടികളെയോര്‍ത്ത് പരമാവധി ഇക്കാര്യം സ്വകാര്യമായി വെക്കാന്‍ ഞാനും വില്യമും തീരുമാനിക്കുകയായിരുന്നു. പത്തും എട്ടും അഞ്ചും വയസ്സുള്ള മക്കളെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ ഞങ്ങള്‍ക്ക് സമയം വേണ്ടിവന്നു. മേജര്‍ സര്‍ജറിക്കാണ് വിധേയയായത്. ചികിത്സയാരംഭിക്കുന്നതിനു മുമ്പ് അതിന്റെ അവശതകളില്‍നിന്ന് പുറത്തുകടക്കേണ്ടിയിരുന്നു.
പക്ഷേ, അതിലെല്ലാം ഉപരി മക്കളെ അവര്‍ക്ക് ഉചിതമായ രീതിയില്‍ പറഞ്ഞുമനസ്സിലാക്കുകയായിരുന്നു പ്രധാനം. ഞാന്‍ ആരോഗ്യം തിരിച്ചുപിടിക്കുമെന്നും അവരെ എനിക്ക് ബോധ്യപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ ഞാന്‍ നന്നായിരിക്കുന്നു, ഓരോ ദിവസവും കൂടുതല്‍ ശക്തയാവുകയാണ്'-കേറ്റ് പറഞ്ഞു.
രോഗമറിഞ്ഞതുമുതല്‍ ഭര്‍ത്താവ് വില്യം നല്‍കുന്ന പിന്തുണയ്ക്കും കരുതലിനും സ്‌നേഹത്തിനും കേറ്റ് നന്ദി പറഞ്ഞു. ഒരു കുടുംബമെന്ന നിലയില്‍ തങ്ങള്‍ക്ക് കുറച്ചുസമയം വേണമായിരുന്നു. ചികിത്സ കഴിയുന്നതുവരെ സ്വകാര്യത ആഗ്രഹിക്കുന്നുവെന്നും കേറ്റ് പറഞ്ഞു. കേറ്റിന് വളരെ പെട്ടെന്ന് രോഗമുക്തിയുണ്ടാവട്ടേയെന്ന് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും പ്രതികരിച്ചു.
ബ്രിട്ടിഷ് രാജാവ് ചാള്‍സും അര്‍ബുദബാധിതനാണ്. കുറച്ചുമാസങ്ങള്‍ക്കുമുമ്പാണ് ചാള്‍സിന്റെ അര്‍ബുദബാധയെപ്പറ്റി കൊട്ടാരം അറിയിച്ചത്. ധൈര്യത്തോടെ സ്വന്തം രോഗവിവരം തുറന്നുപറഞ്ഞ കേറ്റിനെ ചാള്‍സ് അഭിനന്ദിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്‌റ്റഫര്‍ ലക്‌സണ്‍ തുടങ്ങി ഒട്ടേറെ രാഷ്ട്രനേതാക്കള്‍ കേറ്റിന് രോഗമുക്തി നേര്‍ന്നു.
കേറ്റിന്റെ സഹോദരന്‍ ജെയിംസ് മിഡില്‍ട്ടണ്‍, കേറ്റിന്റെയും തന്റെയും കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിന്തുണയറിയിച്ചത്. 'ഇത്രയും കാലം ഒരുപാട് കൊടുമുടികള്‍ നമ്മളൊരുമിച്ച് താണ്ടിയിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയില്‍ ഇതും നമ്മളൊന്നിച്ച് കയറു'മെന്ന് സഹോദരന്‍ കുറിച്ചു. ജനങ്ങളോട് തന്റെ രോഗവിവരം നേരിട്ടറിയിച്ച കേറ്റിനെ ഒട്ടേറെപ്പേര്‍ പ്രശംസിച്ചു.
Content Highlights: What Kate Middleton Told Her Children After Learning About Cancer Diagnosis