ഒരാള്‍ക്ക് എത്രതുക വരെ വായ്പ കിട്ടും?

#കെ.കെ ജയകുമാര്‍ (പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് മെന്റര്‍)
പ്രതീകാത്മകചിത്രം/ Shutterstock
പ്രതീകാത്മകചിത്രം/ Shutterstock

ഏതാവശ്യത്തിനും വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാണ്. പക്ഷേ ഒരാള്‍ക്ക് എത്ര രൂപവരെ വായ്പ കിട്ടും. എന്താണ് അതിന് മാനദണ്ഡം. വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ഒരോറ്റ മാനദണ്ഡമേയുള്ളൂ. വായ്പ എടുക്കുന്ന ആളിന്റെ സാമ്പത്തിക നില. വായ്പ എടുത്താല്‍ തിരിച്ചടയ്ക്കുന്ന സ്വഭാവക്കാരനാണോ? അതിനുള്ള ശേഷിയുണ്ടോ? മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടോ? ഇതാണ് ബാങ്ക് ഓരോ വായ്പ അപേക്ഷയും ലഭിക്കുമ്പോള്‍ ആദ്യം പരിശോധിക്കുന്നത്. ഇത്തരത്തില്‍ അപേക്ഷകന്റെ സാമ്പത്തിക നിലയും പ്രതിമാസ തിരിച്ചടവ് ശേഷി പരിശോധിക്കാനും ബാങ്കുകള്‍ പ്രധാനമായും പരിശോധിക്കുന്നത് ചില രേഖകളാണ്. ശമ്പളവരുമാനക്കാരനാണ് എങ്കില്‍ സാലറി സ്ലിപ്പും ചുരുങ്ങിയത് ആറുമാസത്തെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റും. പ്രൊഫഷണലാണ് എങ്കില്‍ ഇന്‍കംടാക്‌സ് റിട്ടേണ്‍. ബിസിനസുകാരനാണ് എങ്കില്‍ ബാലന്‍സ് ഷീറ്റും പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടും.  

യഥാര്‍ത്ഥ പ്രതിമാസ വരുമാനം കണ്ടുപിടിക്കാനാണ് ഇവയൊക്കെ പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എത്രരൂപവരെ പ്രതിമാസതവണയായി അടയ്ക്കാന്‍ പറ്റും എന്ന് ബാങ്ക് വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് എത്രമാത്രം വായ്പാതുകയ്ക്ക് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ബാങ്കുകള്‍ കണക്കാക്കുന്നത്.

മാസവരുമാനത്തിന്റെ അല്ലെങ്കില്‍ ശമ്പളത്തിന്റെ 60-70 ഇരട്ടിവരെ തുക പേഴ്‌സണല്‍ ലോണില്‍ ലഭിക്കും. എന്നാല്‍ നിലവില്‍ നിങ്ങള്‍ക്ക് മറ്റുവായ്പകളോ കടബാധ്യതയോ ഉണ്ടെങ്കില്‍ അത്രയും തുക ലഭിക്കില്ല. നിലവിലുള്ള വായ്പയുടെ പ്രതിമാസ തവണ തുകകള്‍ നിങ്ങളുടെ അറ്റമാസ വരുമാനത്തില്‍ നിന്ന് കുറയ്ക്കും. ഇങ്ങനെ കിട്ടുന്ന മാസവരുമാനത്തിന്റെ നിശ്ചിത ഇരട്ടി വായ്പമാത്രമാണ് നിങ്ങള്‍ക്ക് ലഭിക്കുക.

ഇനി അറ്റ ശമ്പളം കണക്കാക്കുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ലീവ്-ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ അലവന്‍സ് തുടങ്ങിയവ ഒഴിവാക്കും. അതുപോലെ പ്രോവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, ടി.ഡി.എസ് പിടുത്തം എന്നിവയും ഒഴിവാക്കും. ഇത്തരത്തില്‍ കിഴിവുകളെല്ലാം ഒഴിവാക്കിയുള്ള അറ്റ ശമ്പളമാണ് വായ്പാതുക നിശ്ചയിക്കാന്‍ പരിഗണിക്കുക.

പ്രതിമാസ തവണയ്ക്കും പരിധി
ശമ്പളത്തിന്റെ നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ പ്രതിമാസ തവണ വരുന്ന രീതിയില്‍ വായ്പാതുക തരില്ല.  പ്രതിമാസ ശമ്പളത്തിന്റെ അമ്പത് ശതമാനത്തില്‍ കൂടുതല്‍ പ്രതിമാസ തവണ വരുന്ന രീതിയില്‍ വായ്പ എടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തിന് ബാങ്കുകള്‍ പുതുതായി എടുക്കുന്ന വായ്പ ഇ.എം.ഐ മാത്രമല്ല നിലവിലുള്ള വായ്പകളുടെ ഇ.എം.ഐയും കണക്കിലെടുക്കും എന്നത് മറക്കരുത്.

വായ്പാ അര്‍ഹത കൂട്ടാനുള്ള വഴികള്‍
നിങ്ങളുടെ അറ്റ പ്രതിമാസ വരുമാനത്തെ ആശ്രയിച്ചാണ് ബാങ്കുകള്‍ വായ്പാതുക നിശ്ചയിക്കുന്നത്. അതുപ്രകാരം നിങ്ങള്‍ ആഗ്രഹിച്ചത്ര വായ്പ കിട്ടാന്‍ അര്‍ഹത ഇല്ലെങ്കില്‍ വായ്പാതുക വര്‍ധിപ്പിക്കാന്‍ ചില വഴികള്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. വായ്പാ കാലാവധി കൂടുതല്‍ വര്‍ഷത്തേക്ക് തിരഞ്ഞെടുക്കുക എന്നതാണ് അതിലൊന്ന്. പക്ഷേ കാലാവധി കൂടുംതോറും പലിശബാധ്യതയും കൂടും എന്നത് മറക്കരുത്. ഇത്തരത്തിലെ അധിക പലിശ ഭാരം വഹിക്കാന്‍ തയ്യാറാണ് എങ്കില്‍ കൂടുതല്‍ കാലാവധിയില്‍ വായ്പ എടുക്കാം. നിങ്ങളുടെ അറ്റശമ്പളം ആഗ്രഹിക്കുന്ന തുക ലഭിക്കാന്‍ അപര്യാപ്തമാണ് എങ്കില്‍ സ്ഥിരവരുമാനമുള്ള ഭാര്യ, മാതാപിതാക്കള്‍ എന്നിവരില്‍ ആരെങ്കിലുമായി ചേര്‍ന്ന് വായ്പയ്ക്ക് സംയുക്തമായി അപേക്ഷ നല്‍കുകയാണെങ്കിലും കൂടുതല്‍ തുക ലഭിക്കും.

പുതിയ വായ്പ എടുക്കുന്നതിന് അപേക്ഷിക്കും മുമ്പ് നിലവിലുള്ള വായ്പ അടച്ചുതീര്‍ക്കാന്‍ പറ്റുമോ എന്നു നോക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ മാസവരുമാനത്തില്‍ നിന്ന് നിലവിലുള്ള വായ്പാ ഇ.എം.ഐ കുറയ്ക്കുന്നതും അതിലൂടെ മാസവരുമാനം കുറയുന്നതും ഒഴിവാക്കാം. ശമ്പളത്തിന്റെ കൂടെ ചേര്‍ക്കുന്ന ചില ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ വരുമാനമായി കണക്കാക്കാറില്ല. കാരണം അത് സ്ഥിരമായി എല്ലാമാസവും ലഭിക്കാറുള്ളതല്ല എന്നതുകൊണ്ടാണ്. വാഹന ചിലവ്, ഓവര്‍ടൈം അലവന്‍സ്, ഇന്ധന ചിലവ്, ടെലഫോണ്‍, ഡാറ്റ ചാര്‍ജ്, ബോണസ് ഇന്‍സെന്റീവ് തുടങ്ങിയവ ഇത്തരത്തില്‍ പെടുന്നു. തനിക്കുവരുന്ന മാസ ചിലവ് കമ്പനി വഹിക്കുന്നു എന്ന് ബാങ്കിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ കയ്യില്‍ നിന്ന് അത്രയും തുക ചിലവാകില്ല എന്ന വിലയിരുത്തലില്‍ നിങ്ങളുടെ ക്രയശേഷി ഉയര്‍ന്ന നിലയിലുള്ളതായി ബാങ്ക് കണക്കാക്കും.

ആര്‍ക്കൊക്കെ വായ്പകള്‍ ലഭിക്കും
ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വരുമാനത്തിന്റെ പ്രധാന ഉറവിടം വായ്പ നല്‍കുന്നതിലൂടെ ലഭിക്കുന്ന പലിശയാണ്. അതുകൊണ്ട് വായ്പാ ബിസിനസ് ആണ് അവരുടെ പ്രധാന ബിസിനസ്. പണം നിക്ഷേപിക്കാന്‍ വരുന്നവരേക്കാള്‍ ഇവര്‍ക്ക് പ്രിയം വായ്പ എടുക്കാന്‍ വരുന്നവരെയാണ്. പക്ഷേ തിരിച്ചടവ് ശേഷി ഉണ്ട് എന്ന് ബാങ്കുകള്‍ക്ക് ബോധ്യമുള്ളവര്‍ക്ക് മാത്രമേ വായ്പ നല്‍കൂ. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്‌പോണ്‍സേഡ് വായ്പകള്‍ ഒഴികെയുള്ള വായ്പകള്‍ ലഭിക്കണമെങ്കില്‍ തിരിച്ചടവ് ശേഷി ബാങ്കുകളെ ബോധ്യപ്പെടുത്തണം. വായ്പ എടുക്കുന്ന ആള്‍ക്ക് സ്ഥിരവരുമാനമുള്ള ജോലിയോ ബിസിനസോ മറ്റെന്തെങ്കിലും സാമ്പത്തിക ഉറവിടമോ പെന്‍ഷനോ ഉണ്ടായിരിക്കണം. സ്ഥിര വരുമാനം ലഭിക്കുന്നത് ജോലിയില്‍ നിന്നാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക നിലയിലും ബാങ്കിന് തൃപ്തിവരണം. സ്വന്തമായി ബിസിനസ് ചെയ്യുന്ന ആളാണെങ്കില്‍ ബിസിനസില്‍ നിന്നുള്ള വരുമാനം നികുതി റിട്ടേണ്‍, ടാക്‌സ് റിട്ടേണ്‍ തുടങ്ങിയവ പരിശോധിച്ച് ബാങ്കുകള്‍ക്ക് ബോധ്യപ്പെടണം. ഇങ്ങനെയൊക്കെയാണ് വായ്പ നല്‍കേണ്ടത് എന്നാണ് ചട്ടം. പക്ഷേ ബാങ്കുമായോ ബാങ്കിലെ ഉദ്യോഗസ്ഥരുമായോ നല്ല ബന്ധവും മികച്ച സാമ്പത്തിക അച്ചടക്കവും ഉള്ള ആളാണ് നിങ്ങളെങ്കില്‍ ഏതുവ്യവസ്ഥയിലും ഇളവ് ലഭിച്ചേക്കാം.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍- 9447667716. ഇ-മെയില്‍ jayakumarkk8@gmail.com)

Content Highlights: what is the maximum amount on a personal loan