ഖാബിക്ക് എന്ത് സംഭവിച്ചു? വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കുന്ന താരം, കാറപകടത്തിൽ മരിച്ചുവെന്ന് പ്രചരണം

നിശ്ശബ്ദമായി, ആംഗ്യങ്ങൾ കാണിച്ചുള്ള കോമഡി വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ടിക് ടോക് താരമാണ് ഖാബി ലെയ്ം. അദ്ദേഹം ദാരുണമായ ഒരു അപകടത്തിൽ പെട്ടുവെന്ന വാർത്തകൾ കുറച്ചുദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും എക്സിലുമെല്ലാം ഖാബി കാറപകടത്തിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ചിത്രങ്ങൾ സഹിതം വന്നിരുന്നു.
ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ടിക് ടോക്ക് താരങ്ങളിൽ ഒരാളാണെങ്കിലും, ഖാബി തൻ്റെ വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിൽ പതിവ് അപ്ഡേറ്റുകൾ വരാതിരുന്നതോടെ ഖാബിയുടെ മരണവാർത്ത വൈറലാവുകയും ചെയ്തു. ആയിരക്കണക്കിനാളുകളാണിത് ഷെയർ ചെയ്തത്.
എന്നാലിത് സത്യമല്ല. വിശ്വസനീയമായ വാർത്താ മാധ്യമങ്ങളോ ഖാബി ലെയ്മിൻ്റെ ഔദ്യോഗിക പ്രതിനിധികളോ ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാർത്താ ഏജൻസികൾ പറയുന്നു. ക്ലിക്ക്ബെയ്റ്റ് പേജുകളാണ് വ്യാജപോസ്റ്റുകളുടെ ഉറവിടമെന്നും കണ്ടെത്തി. ഖാബി ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നുവെന്ന് പല സ്രോതസ്സുകളും സ്ഥിരീകരിച്ചിട്ടുമുണ്ട്.
സെനഗലിലാണ് ഖാബി ജനിച്ചത്. വളർന്നത് ഇറ്റലിയിലും. 2020-ൽ കോവിഡ് മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ടതിനു ശേഷം ടിക് ടോക് വീഡിയോകൾ ചെയ്തുതുടങ്ങി, അങ്ങനെ പ്രശസ്തിയിലേക്കുയരുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ 78 മില്യൺ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്.
2023-ൽ, ഖാബി ഡാനിഷ്-ദക്ഷിണാഫ്രിക്കൻ മോഡലായ വെൻഡി തെംബെലിലി ജുവലിനെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് ദ സൺ യുകെ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുമുമ്പ്, ഇറ്റാലിയൻ ഇൻഫ്ലുവൻസർ സൈറ നൂച്ചിയുമായി അദ്ദേഹത്തിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും, അത് വിവാഹത്തിലേക്കെത്തിയില്ല. നിലവിൽ, ഖാബി ലെയ്ം അവിവാഹിതനാണെന്നും തൻ്റെ കരിയർ വളർത്തുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് വിവരം.
കൂടുതല് ഫീച്ചറുകള് വായിക്കാന് ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില് അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Viral rumors about Khaby Lame`s death in a car accident have been debunked. Discover the truth behind the misleading clickbait and phishing scams targeting the TikTok star.