കളിക്കളത്തിലേക്ക് ഇറങ്ങും മുൻപ് വിരാട് കോഹ്‌ലി കേൾക്കുന്ന ആ പാട്ട് ഇതാണ്

ചില പാട്ടുകൾ നമ്മുടെ മനസ്സിൽ എന്നും മായാതെ കിടക്കാറുണ്ട്. നമ്മുടെ ജീവിതയാത്രകളെയും ഓർമ്മകളെയും അവ ഓർമ്മിപ്പിക്കുന്നത് കൊണ്ടാകാം ആ പാട്ടുകളിലേക്ക് തന്നെ നമ്മൾ വീണ്ടും വീണ്ടും മടങ്ങിയെത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും അത്തരത്തിൽ ഹൃദയത്തോട് ചേർത്തുവെച്ച, ഒരു പാട്ടുണ്ട്. പ്രശസ്ത പഞ്ചാബി സംഗീതജ്ഞൻ കരൺ ഔജ്‌ലയുടെ 'വിന്നിങ് സ്പീച്ച്' (Winning Speech) എന്ന ഗാനമാണ് തന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി കോഹ്‌ലി തിരഞ്ഞെടുത്തത്. 'വൺ8' (One8) ഗ്ലോബൽ പ്രീമിയറിനിടെയാണ് താരം ഈ രഹസ്യം പങ്കുവെച്ചത്.
വാർത്താ ഏജൻസിയായ പിടിഐ (PTI) പങ്കുവെച്ച വീഡിയോയിൽ, കരൺ ഔജ്‌ലയെ കോഹ്‌ലി പ്രശംസിക്കുന്നുണ്ട്. ഈ പാട്ട് തന്റെ ജീവിതത്തോട് ഏറെ അടുത്തുനിൽക്കുന്നതാണെന്ന് കോഹ്‌ലി പറയുന്നു.
"നിങ്ങൾ ഹൃദയത്തിൽ നിന്നാണ് പാട്ടുകൾ എഴുതുന്നത്. അതിൽ എനിക്ക് ഏറ്റവും കൂടുതൽ കണക്ട് ചെയ്യാൻ സാധിച്ചത് 'Winning Speech' എന്ന പാട്ടാണ്. കാരണം അത് നിങ്ങളുടെ ജീവിതയാത്രയെയാണ് അടയാളപ്പെടുത്തുന്നത്. എന്റെ ജീവിതവുമായി അതിന് ഒരുപാട് സാമ്യതകൾ തോന്നാറുണ്ട്. നിങ്ങളെപ്പോലെ തന്നെ എനിക്കും വളരെ ചെറിയ പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് ഈ പാട്ട് എനിക്ക് ഏറെ സവിശേഷമാണ്. പലപ്പോഴും മത്സരങ്ങൾക്കായി കളിക്കളത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് ഞാൻ ഈ പാട്ട് കേൾക്കാറുണ്ട്," കോഹ്‌ലി വ്യക്തമാക്കി.
'കളി അവസാനിക്കുന്നത് വരെ പ്രതീക്ഷ കൈവിടില്ല'
അതേ വേദിയിൽ തന്നെ, കരിയറിലുടനീളം താൻ കാത്തുസൂക്ഷിക്കുന്ന 'ഒരിക്കലും തോറ്റുകൊടുക്കില്ല' എന്ന മനോഭാവത്തെക്കുറിച്ചും കോഹ്‌ലി സംസാരിച്ചു. ഇതിന് ഉദാഹരണമായി 2022-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ചരിത്രപരമായ മത്സരത്തെ താരം ഓർത്തെടുത്തു.
"ഞാൻ ജനിച്ചതും വളർന്നതും ഈ രീതിയിലാണ്. കളി കൈവിട്ടുപോയി എന്ന് എല്ലാവരും കരുതിയിരിക്കുന്ന സാഹചര്യങ്ങളിൽ പോലും, എങ്ങനെയെങ്കിലും ജയിക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്. ചെറുപ്പം മുതലേ സാഹചര്യങ്ങളെ ഞാൻ അങ്ങനെയാണ് നോക്കിക്കണ്ടത്. കളി തീരുന്നത് വരെ നമ്മൾ തോറ്റുപോയെന്നോ ഇനി ജയിക്കാൻ കഴിയില്ലെന്നോ ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ചില അത്ഭുതങ്ങൾ സംഭവിച്ചിട്ടുമുണ്ട്."
"മെൽബണിൽ പാകിസ്ഥാനെതിരെ നടന്ന ആ മത്സരം എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്. മത്സരത്തിൽ ഇന്ത്യ ജയിക്കാനുള്ള സാധ്യത വെറും മൂന്ന് ശതമാനം മാത്രമാണെന്ന് പിന്നീട് ആരോ എന്നോട് പറഞ്ഞു. എന്നാൽ ഞാൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിരുന്നില്ല. എനിക്ക് ഒരു ശതമാനം സാധ്യത പോലും മതിയാകും. ഒരു ചെറിയ സാധ്യതയെങ്കിലും ഉണ്ടെങ്കിൽ അവിടെ പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ കളി പൂർണ്ണമായി തോൽക്കുന്നത് വരെ തോറ്റുവെന്ന് പറയാനാകില്ല," അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Virat Kohli identifies with Karan Aujla's 'Winning Speech' due to shared life experiences., Kohli listens to the track before entering the field for motivation., Kohli emphasizes his 'never give up' attitude, citing the 2022 T20 World Cup match against Pakistan., He believes in fighting until the very end, even when win probability is minimal.