കൊളംബിയയിലെ കൊക്കെയ്ൻ ഹിപ്പോകൾ; പെറ്റുപെരുകിയ ഇവയെ കൊന്നൊടുക്കാനൊരുങ്ങി രാജ്യം

കൊളംബിയയിലെ ഹിപ്പോകളാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. മറ്റ് മൃഗങ്ങൾക്ക് ഭീഷണിയായതിനാൽ അവയെ കൊന്നൊടുക്കാൻ കൊളംബിയൻ സർക്കാർ തീരുമാനിച്ചതോടെയാണിത്.
കൊളംബിയയിലെത്തിച്ച ഹിപ്പോകൾ പിന്നീട് പ്രദേശത്തിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ പെറ്റുപെരുകുകയായിരുന്നു. ലഹരിമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറാണ് 1980-കളിൽ നാല് ഹിപ്പോകളെ കൊളംബിയയിലേക്ക് കൊണ്ടുവരുന്നത്. ആനകളും ജിറാഫുകളുമെല്ലാമുള്ള തന്റെ മൃഗശാലയിൽ (സ്വകാര്യ എസ്‌റ്റേറ്റ്) ഹിപ്പോകളും വേണമെന്ന ആഗ്രഹത്തിനുപുറത്താണ് അവയെ അങ്ങോട്ടെത്തിക്കുന്നത്. അതും അനധികൃതമായിട്ട്.
ഡാലസിലെ ഒരു വൈൽഡ് ലൈഫ് ബ്രീഡിങ് സെന്ററിൽനിന്നാണ് അവയെ തന്റെ നാട്ടിലേക്ക് പാബ്ലോ കൊണ്ടുവരുന്നത്. മൂന്ന് പെണ്ണും ഒരാണുമാണ് ഉണ്ടായിരുന്നത്. അവ കൊക്കെയ്ൻ ഹിപ്പോ (Pablo Escobar's Cocaine Hippos) എന്നാണറിയപ്പെട്ടത്.
1993-ൽ പാബ്ലോ കൊല്ലപ്പെട്ടപ്പോൾ, ബാക്കിയെല്ലാ മൃഗങ്ങളെയും സർക്കാർ ആ എസ്റ്റേറ്റിൽനിന്ന് മാറ്റി. എന്നാൽ, ഹിപ്പോകളെ കൈകാര്യം ചെയ്യാൻ പറ്റില്ലെന്നുപറഞ്ഞ്, അവയെ എസ്റ്റേറ്റിൽ തന്നെ വിട്ടു. അതവിടെ കിടന്ന് ചത്തുപോവുമെന്നായിരുന്നു അധികൃതർ കരുതിയത്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചും. ഹിപ്പോകൾ ആ എസ്‌റ്റേറ്റിൽ അലഞ്ഞുതിരിഞ്ഞു, അവിടെ കിടന്ന് പെറ്റുപെരുകി. ഒടുവിൽ അവിടുന്ന് പുറത്തുകടന്നു. പ്രശ്‌നം അവിടംകൊണ്ടും തീർന്നില്ല.
2007 ആയപ്പോൾ അവയുടെ എണ്ണം 16 ആയി. മാത്രമല്ല ഭക്ഷണത്തിനായി മഗ്ദലേന നദിയുടെ കരയിലൂടെ അലഞ്ഞുതിരിയാനും തുടങ്ങി. ഏഴുവർഷം കഴിഞ്ഞപ്പോഴേക്കും എണ്ണം 40 ആയി ഉയർന്നു. 2019 ആയപ്പോഴേക്കും ഏകദേശം 120 ഹിപ്പോകളാണ് പെറ്റുപെരുകിയുണ്ടായത്.
2026 ആയപ്പോഴേക്കും എണ്ണം 160-ലേറെ ആയി വർധിച്ചു. ഹിപ്പോകളുടെ എണ്ണത്തിലുണ്ടായ വർധനവ് പ്രദേശത്തെ മറ്റ് ജന്തുജാലങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കടുത്ത ആശങ്കയുണ്ടായി. മാത്രമല്ല ആളുകളുടെ ജീവനും ഇവ ഭീഷണിയാകുന്നുവെന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. 2030 ആവുമ്പോഴേക്കും ഇവയുടെ എണ്ണം 500 ആവുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ കണക്കുകൂട്ടുന്നത്.
2009-ൽ തന്നെ സർക്കാരിന്റെ അനുമതിയോടെ ഒരു ഹിപ്പോയെ കൊന്നിരുന്നു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാണെന്ന് പറഞ്ഞാണ് ഇതിനെ കൊല്ലാൻ ഉത്തരവിട്ടത്. ഇത് രാജ്യത്തിനകത്തും പുറത്തും വൻപ്രതിഷേധങ്ങൾക്കിടയാക്കി. അതിനിടെയാണ് ഈ ഏപ്രിലിൽ സർക്കാർ ഏറ്റവും സുപ്രധാനമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ജൈവവൈവിധ്യത്തിനും ജനങ്ങൾക്കും ഭീഷണിയായതിനാൽ ഏകദേശം 80 ഹിപ്പോകളെ കൊല്ലാനൊരുങ്ങുന്നുവെന്നാണത്.
പിന്നാലെ ഈ തീരുമാനം വമ്പൻചർച്ചകൾക്ക് വഴിതെളിച്ചു. കൊളംബിയൻ സർക്കാരിനോട് ഈ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് അനന്ത് അംബാനിയും രംഗത്തെത്തി. അവയെ തന്റെ വന്യജീവിസങ്കേതമായ 'വൻതാര' (Vantara)യിൽ സംരക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൊളംബിയൻ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെ തീരുമാനം എന്താവുമെന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pablo Escobar's illegal import of 4 hippos in the 1980s led to an invasive population crisis. The population has surged to over 160 hippos by 2026, threatening local biodiversity.