അവധിയില്ല, രാപ്പകല്‍ ജോലി, ഇത്രയും ശമ്പളം വാങ്ങാന്‍ അവകാശമുണ്ടെന്ന് ലളിത ഡിസില്‍വ

ഒട്ടേറെ സെലിബ്രിറ്റി വീടുകളില്‍ കുട്ടികളുടെ ആയയായും പീഡിയാട്രിക് നഴ്സായും ജോലിചെയ്ത വ്യക്തിയാണ് ലളിത ഡിസില്‍വ. ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മൂത്ത മകന്‍ തൈമൂറിനും ഇളയ മകന്‍ ജെയ്ക്കുമൊപ്പമായിരുന്നു അവരുടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. സ്റ്റാര്‍ കിഡ്ഡുകളെ പരിചരിച്ചുവളര്‍ത്തി പ്രസിദ്ധയായ അവര്‍ നേരത്തേ ആനന്ദ് അംബാനിയുടെ അടക്കം കുഞ്ഞുനാളിലെ പരിചാരകയായിരുന്നു.
തൈമൂറിന്റെ കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങിയതുതൊട്ട് ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് ലളിതയുടെ ശമ്പളമായിരുന്നു. പ്രധാനമന്ത്രിയുടെ ശമ്പളവുമായി പോലും ആളുകള്‍ ഇതിനെ താരതമ്യം ചെയ്തു. ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ എട്ട് വര്‍ഷത്തോളം തൈമൂറിന്റെയും ജെയുടെയും ഒപ്പം സഞ്ചരിച്ച ലളിതയ്ക്ക് മറുപടിയുണ്ട്.
'24 മണിക്കൂറാണ് പലപ്പോഴും എന്റെ ജോലി. അവധിയില്ല, ഞാന്‍ രാപ്പകല്‍ ഡ്യൂട്ടിയിലാണ്. കോര്‍പ്പറേറ്റ് ജോലിക്കാര്‍ 9-5 വരെ ജോലി ചെയ്യുന്നു, അവര്‍ക്ക് വാരാന്ത്യങ്ങളും കുടുംബത്തോടൊപ്പമുള്ള അവധികളും, ദീപാവലിയും ക്രിസ്മസുമെല്ലാം ലഭിക്കും, എനിക്ക് എന്താണ് ലഭിക്കുന്നത്? ദീപാവലി, ക്രിസ്മസ്, വേനല്‍ അവധികള്‍ വരുമ്പോള്‍ ഞാന്‍ നാട്ടിലുണ്ടാവില്ല. അതുകൊണ്ട് അത്രയും പണം എടുക്കാന്‍ എനിക്ക് അവകാശമുണ്ട്.'- ലളിത പറയുന്നു. കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമാണെങ്കില്‍ മാത്രമേ തനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കാറുള്ളൂവെന്നും ഇത്രയും വലിയൊരു കുടുംബത്തിനൊപ്പം ജീവിക്കുക എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ പറയുന്നു.
രണ്ടര ലക്ഷം രൂപയായിരുന്നു ലളിതയുടെ ശമ്പളമെന്നാണ് ഇന്റര്‍നെറ്റിലെ ഊഹാപോഹം. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ നഴ്സായിരുന്ന ലളിത 1996 മുതലാണ് അംബാനി കുടുംബത്തിനുവേണ്ടി ജോലിചെയ്തത്. ആനന്ദ് അംബാനിയുടെ കാര്യങ്ങള്‍ നോക്കാന്‍ 12 വര്‍ഷത്തോളം അവര്‍ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. തന്റെ ആദ്യമകന്‍ ആനന്ദ് ആണെന്ന് അവരെപ്പോഴും പറയാറുണ്ട്. രാംചരണിന്റെയും ഉപാസനയുടെയും മകള്‍ ക്ലിന്‍ കാരയുടെ നഴ്‌സാണ് ലളിതയിപ്പോള്‍.
Content Highlights: taimur's pediatric nurse lalita d'silva says her salary was being compared to prime minister