'ഒരു ക്രിക്കറ്ററോ ബിസിനസുകാരനോ അല്ല, അതുകൊണ്ടാവാം ആര്‍ക്കും അദ്ദേഹത്തെ അറിയാത്തത്'

ബോളിവുഡിലെ മികച്ച അഭിനേത്രികളിലൊരാളാണ് തപ്‌സി പന്നു. മികച്ച, ശക്തമായ കഥാപാത്രങ്ങളാണ് തപ്‌സി എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. ഥപ്പഡ്, ഹസീന്‍ ദില്‍റുബ, രഷ്മി റോക്കറ്റ്, ലൂപ് ലപേട്ട തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണം.
ഈ വര്‍ഷം മാര്‍ച്ച് 23-നായിരുന്നു തപ്‌സിയുടെ വിവാഹം. മറ്റ് ബോളിവുഡ് സെലിബ്രിറ്റികളില്‍നിന്നും വ്യത്യസ്തമായി തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നുവത്. സ്വകാര്യചടങ്ങായി നടത്തിയതിനുപിന്നിലെ കാരണങ്ങള്‍ പിന്നീട് തപ്‌സി വിശദീകരിച്ചിരുന്നു. ''എന്റെ സ്വകാര്യജീവിതമാണ്. അത് ആളുകള്‍ക്ക് വിമര്‍ശിക്കാനും ഇഴകീറി പരിശോധിക്കാനും ഇട്ടുകൊടുക്കണമെന്ന് എനിക്ക് തോന്നിയില്ല. ഇത് വലിയ ആഘോഷമായി നടത്തിയാല്‍, ആളുകള്‍ അതിലുള്ള ഓരോ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തുടങ്ങും, അത് ചിലപ്പോള്‍ എന്നെ ബാധിക്കാം. അതിനൊന്നും ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല''.
ഡെന്‍മാര്‍ക്കില്‍നിന്നുള്ള ബാഡ്മിന്റണ്‍ കളിക്കാരനും കോച്ചുമായ മത്യാസ് ബോ ആണ് ഭര്‍ത്താവ്. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ 2012-ല്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട് മത്യാസ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഫ്രഞ്ച് ഓപ്പണും വിജയിച്ചിട്ടുമുണ്ട്. ഏപ്രില്‍ 2020-ലാണ് അദ്ദേഹം ബാഡ്മിന്റണില്‍നിന്ന് വിരമിച്ചത്. മാനസികസമ്മര്‍ദമാണ് കാരണമായി അന്ന് പറഞ്ഞത്. അതിനുശേഷം ഇന്ത്യന്‍ പുരുഷ ഡബിള്‍സ് താരങ്ങളുടെ ദേശീയ കോച്ചാണ് മത്യാസ്. ഇപ്പോള്‍ ഒളിംപിക്‌സ് മത്സരങ്ങളുടെ ഭാഗമായി പാരീസിലാണുള്ളത്.
ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് തപ്‌സി. ''മത്യാസ് ബോ എന്ന കളിക്കാരനെ ആളുകള്‍ക്ക് അറിയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. അദ്ദേഹം ഒരു ക്രിക്കറ്ററോ ബിസിനസുകാരനോ അല്ലാത്തതുകൊണ്ടായിരിക്കാം ആളുകള്‍ മത്യാസിനെക്കുറിച്ച് അറിയാന്‍ ശ്രമിക്കാത്തത്. അതായിരിക്കാം അദ്ദേഹം പ്രശസ്തനല്ലാത്തതിനു കാരണവും. ബാഡ്മിന്റണില്‍ ഇത്രയും നേട്ടങ്ങള്‍ കൈവരിച്ച ലോകത്തിലെ തന്നെ ചുരുക്കം ചില ആളുകളിലൊരാളാണ് മത്യാസ്. നമ്മുടെ പുരുഷ ഡബിള്‍സ് ടീമിന്റെ ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നിലും അദ്ദേഹമാണ്'', ഒരു സ്വകാര്യ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി പറഞ്ഞു. 2013-ലാണ് തപ്‌സിയും മത്യാസും പരിചയപ്പെടുന്നത്. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
Content Highlights: taapsee pannu on her badminton player husband, mathias boe