'ഇന്ത്യന്‍ സിനിമയില്‍ പുരുഷന്മാര്‍ വിക്റ്റിം കാര്‍ഡ് ഇഷ്ടപ്പെടുന്നു, അതിനേക്കാള്‍ നന്നായി വില്‍ക്കാന്‍ മറ്റൊന്നില്ല' സ്വര ഭാസ്‌കര്‍

സ്വര ഭാസ്കർ / മാതൃഭൂമി ലൈബ്രറി
സ്വര ഭാസ്കർ / മാതൃഭൂമി ലൈബ്രറി

ചില നിര്‍മ്മാതാക്കളുടെയും ബ്രാന്‍ഡുകളുടെയും വിലക്കിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് നടി സ്വര ഭാസ്‌കര്‍. തന്റെ 'രാഞ്ജന' എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തെക്കുറിച്ച് അവര്‍ വീണ്ടും സംസാരിച്ചു. സ്റ്റോക്കിങ്ങിനെ സിനിമയില്‍ പോസിറ്റീവ് രീതിയില്‍ കാണിച്ചതിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരാള്‍ മറ്റൊരാളെ ഭയമോ അസ്വസ്ഥതയോ അരക്ഷിതാവസ്ഥയോ തോന്നുന്ന രീതിയില്‍ ആവര്‍ത്തിച്ച് പിന്തുടരുകയോ, നിരീക്ഷിക്കുകയോ, ബന്ധപ്പെടുകയോ ചെയ്യുന്നതിനെയാണ് സ്റ്റോക്കിങ് എന്ന് പറയുന്നത്.

ട്രെയിലര്‍ പുറത്തിറങ്ങുന്നതുവരെ തനിക്കും മറ്റുള്ളവര്‍ക്കും ഇതിലെ പ്രശ്‌നത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വര പറഞ്ഞു. ഇന്ത്യയിലെ ഒരു വിഭാഗം പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സമാനമായ ആശയങ്ങള്‍ ഉപയോഗിക്കുന്ന മറ്റ് സിനിമകളെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വര കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇരയാക്കപ്പെട്ട ഒരു മനുഷ്യന്റെ വേദന കാണിക്കുന്ന പരിചിതമായ ഇന്ത്യന്‍ കഥപറച്ചില്‍ രീതിയാണ് ഈ സിനിമ പിന്തുടരുന്നതെന്ന് അവര്‍ വിശദീകരിച്ചു. 'ഹിമാന്‍ഷു ശര്‍മ്മയുടെ തിരക്കഥ വളരെ രസകരമാണ്. അതിനാല്‍ ഞാന്‍ ഉള്‍പ്പെടെ ആരും അതിലെ സ്റ്റോക്കിങ് എന്ന ഘടകത്തെപ്പറ്റി ശ്രദ്ധിച്ചില്ല.' സിനിമയുടെ നിര്‍മ്മാണ സമയത്ത് പ്രശ്‌നം മനസ്സിലായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രെയിലര്‍ ലോഞ്ചില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഇംഗ്ലീഷില്‍ ഒരു ചോദ്യം ചോദിച്ചപ്പോഴാണ് താന്‍ ആദ്യമായി ഇക്കാര്യം അറിഞ്ഞതെന്ന് അവര്‍ ഓര്‍മ്മിച്ചു. അതിനുശേഷം, പ്രമോഷണല്‍ ടൂറിനിടെ സ്‌റ്റോക്കിങ്ങിനെ ന്യായീകരിക്കരുതെന്നും ആ സംഭാഷണം ഒഴിവാക്കണമെന്നും ഹിമാന്‍ഷുവിനോടും സംവിധായകന്‍ ആനന്ദ് എല്‍. റായിയോടും പറഞ്ഞുവെന്നും സ്വര വ്യക്തമാക്കി.

'പുരുഷന്മാര്‍ പലപ്പോഴും ഇരയുടെ വേഷം ഏറ്റെടുക്കുന്നുവെന്നും അതിനുള്ള അവസരങ്ങള്‍ എപ്പോഴും തേടുന്നുവെന്നും അവര്‍ വാദിച്ചു. അത് പുരുഷന്മാരുടെ പ്രിയപ്പെട്ട കാര്യമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ ഇരകളാകാന്‍ ആഗ്രഹിക്കുന്നു. അവര്‍ എപ്പോഴും ഇരയെ അവതരിപ്പിക്കാന്‍ ഒരു വഴി കണ്ടെത്തുന്നു. പുരുഷന്മാര്‍ നിരന്തരം വിക്റ്റിം കാര്‍ഡ് കളിക്കുന്നു!

നമ്മുടെ ഹിറ്റുകള്‍ നോക്കൂ. രാഞ്ജനയിലും സയാരയിലും ഇതിന് ഉദാഹരണങ്ങളുണ്ട്... ഇരകളാക്കപ്പെട്ട പുരുഷന്മാരുടെ കഥകളേക്കാള്‍ നന്നായി വില്‍ക്കാന്‍ മറ്റൊന്നില്ല' സ്വര പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: swara bhasker is set to return to acting after a ban by some producers. she discusses the controversy surrounding her film `raanjhanaa` and the depiction of stalking.