ട്രംപിനൊപ്പം പ്രവർത്തിച്ചെന്ന് സുസ്മിത സെൻ, ആ യാത്ര അത്ര സുഖകരമായിരുന്നില്ലെന്നും താരം

ഇന്ത്യയുടെ ആദ്യത്തെ മിസ് യൂണിവേഴ്സായ സുസ്മിത സെൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ജോലിചെയ്തിട്ടുണ്ടെന്നറിയാമോ? സംഗതി സത്യമാണ്. 2010-നും 2012-നും ഇടയിൽ മിസ് ഇന്ത്യ യൂണിവേഴ്സിൻ്റെ ഫ്രാഞ്ചൈസി ഉടമയായിരുന്ന സമയത്താണ് ട്രംപിനൊപ്പം പ്രവർത്തിച്ചതെന്ന് സുസ്മിത പറയുന്നു. സെൻ റിനെ ജ്വല്ലേഴ്സിൽ ജോലി ചെയ്യുന്ന സമയത്താണ് സുസ്മിതയെത്തേടി ഒരു ഭാഗ്യാവസരമെത്തുന്നത്. സുസ്മിത ഒട്ടേറെ പരസ്യങ്ങളിലും അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു സ്വപ്ന വാഗ്ദാനമെന്നാണ് സുസ്മിത അതിനെ വിശേഷിപ്പിച്ചത്.
'മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ എന്നെ വിളിച്ച് ചോദിച്ചു, നിങ്ങൾക്ക് ഫ്രാഞ്ചൈസി എടുക്കാൻ താൽപ്പര്യമുണ്ടോ എന്ന്. ഞാൻ ഞെട്ടിപ്പോയി, സത്യമായിട്ടും? അതൊരു സ്വപ്നം പോലെയായിരുന്നു. ഞാൻ ഈ ഫ്രാഞ്ചൈസി ഏറ്റെടുത്തപ്പോൾ വളരെ കടുപ്പമേറിയ ഒരു കരാറിലാണ് ഒപ്പുവെച്ചത്. കാരണം അതിൻ്റെ ഉടമ ഡൊണാൾഡ് ട്രംപ് ആയിരുന്നു, അത് കാര്യങ്ങളത്ര എളുപ്പമാക്കിയില്ല'-സുസ്മിത പറഞ്ഞു.
അതേസമയം, ട്രംപ് അപ്പോൾ തൻ്റെ ബോസ് ആയിരുന്നില്ലെന്നും അതൊരു ആശ്വാസമായിരുന്നെന്നും സുസ്മിത സൂചിപ്പിച്ചു. 'ഭാഗ്യവശാൽ, ആ സമയത്ത് എൻ്റെ ബോസ് പാരാമൗണ്ട് കമ്മ്യൂണിക്കേഷൻസും മാഡിസൺ സ്ക്വയർ ഗാർഡനും മാത്രമായിരുന്നു, ഞാൻ ഒരു വർഷത്തേക്ക് മിസ് യൂണിവേഴ്സിൽ ജീവനക്കാരിയായിരുന്നപ്പോൾ അവരായിരുന്നു അതിൻ്റെ ഉടമകൾ. ഞാൻ ട്രംപിൻ്റെ ഒരു ഫ്രാഞ്ചൈസി ഉടമ മാത്രമായിരുന്നു.'
ഫ്രാഞ്ചൈസി അദ്ദേഹവുമായി ബന്ധപ്പെട്ടതായതുകൊണ്ട് പല തവണ ട്രംപിനെ കണ്ടിട്ടുണ്ടെന്ന് സുസ്മിത വിശദീകരിച്ചു. ട്രംപുമായുള്ള ബന്ധത്തെപ്പറ്റി കൂടുതലൊന്നും പറയാൻ അവർ തയ്യാറായില്ല. 'അതൊന്നും ഒരു വിഷയമല്ല' എന്നുപറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ട്രംപിനോടുള്ള കടുത്ത താൽപ്പര്യമില്ലായ്മയും സുഖകരമല്ലാത്ത അനുഭവവും അവർ കൃത്യമായി സൂചിപ്പിക്കുകയും ചെയ്തു. 'ചില ആളുകൾ നമ്മളിൽ ഒരു മതിപ്പ് അവശേഷിപ്പിക്കും, അത് അവരുടെ നേട്ടങ്ങൾ കൊണ്ടോ അധികാരം കൊണ്ടോ ആകണമെന്നില്ല. അവർ എന്താണോ, ആ വ്യക്തിത്വം കൊണ്ടുമാത്രം. അദ്ദേഹം അങ്ങനെയുള്ള ഒരാളല്ല'-സുസ്മിത പറഞ്ഞു. 1994-ലാണ് സുസ്മിത വിശ്വസുന്ദരിപ്പട്ടം ചൂടിയത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Former Miss Universe Sushmita Sen reveals her experience working with Donald Trump as Miss India Universe franchise holder.