സഞ്ജയ്‌യുടെ അമ്മയുമായുള്ള തർക്കം സൗഹൃദത്തിൽ പരിഹരിച്ചൂടേ? പ്രിയ സച്ച്‌ദേവിനോട് സുപ്രീം കോടതി

സഞ്ജയ് കപുർ, പ്രിയ സച്ച്ദേവ്
സഞ്ജയ് കപുർ, പ്രിയ സച്ച്ദേവ്

വ്യവസായി സഞ്ജയ് കപുറിന്റെ മരണത്തിനുപിന്നാലെ അദ്ദേഹത്തിന്റെ കുടുംബം സ്വത്തു തർക്കത്തിലാണ്. സഞ്ജയ്‌യുടെ 80 വയസ്സുള്ള അമ്മ റാണി കപുർ, ഭാര്യ പ്രിയ സച്ച്‌ദേവ്, മുൻ ഭാര്യ കരിഷ്മ കപൂറിലുള്ള മക്കൾ എന്നിവരാണ് സ്വത്തവകാശം സംബന്ധിച്ച് തങ്ങളുടെ അവകാശവാദവുമായി കോടതിയെ സമീപിച്ചത്. 2025 ജൂൺ 12-ന് ലണ്ടനിൽ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം വന്നാണ് സഞ്ജയ് കപുർ മരിച്ചത്. പിന്നാലെ സ്വത്തുക്കളുടെ പൂർണ അവകാശം പ്രിയ സച്ച്ദേവ് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് മറ്റു കുടുംബാംഗങ്ങളുടെ ആരോപണം. വിഷയം സൗഹാർദ്ദപരമായി പരിഹരിക്കാനും സഞ്ജയുടെ പ്രായമായ അമ്മയുടെ ക്ഷേമം പരിഗണിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ സുപ്രീം കോടതി.

വ്യാഴാഴ്ച, കേസിൽ (Estate Feud) വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച്, മധ്യസ്ഥ നടപടികളുടെ പുരോഗതി പുന:പരിശോധിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചു. "നടപടികൾ ആരംഭിക്കാൻ ഞങ്ങൾ മധ്യസ്ഥനോട് ഇതിനകം അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ, മധ്യസ്ഥതയെ നേരിട്ട് ബാധിക്കുന്ന ഒന്നും ചെയ്യാതിരിക്കാൻ എതിർകക്ഷികളോട് അഭ്യർഥിക്കുന്നു. ഈ തർക്കം അവസാനിപ്പിക്കുന്നത് എല്ലാ കക്ഷികൾക്കും പ്രയോജനകരമാകുമെന്നും അല്ലെങ്കിൽ അത് വളരെ നീണ്ട പോരാട്ടമായിരിക്കുമെന്നും ഞങ്ങൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്" ബെഞ്ച് പറഞ്ഞു.

റാണി കപുറിൻ്റെ പ്രായം പരാമർശിച്ച്, തർക്കം പരിഹരിക്കാൻ കോടതി കുടുംബാംഗങ്ങളോട് അഭ്യർഥിച്ചു. "അവർക്ക് 80 വയസ്സുണ്ട്. നമ്മളെല്ലാം ശൂന്യമായ കൈകളോടെയാണ് വന്നത്, ശൂന്യമായ കൈകളോടെയാണ് പോകേണ്ടത്. നമ്മുടെ ആത്മാക്കൾ മാത്രമേ നമുക്ക് കൂട്ടിനായുള്ളൂ. ഈ വിഷയം പരിഹരിക്കാൻ ഇച്ഛാശക്തി ഉണ്ടാവണം. കോടതി നിർബന്ധിതരാക്കി എന്നതുകൊണ്ടുമാത്രം ഭാരപ്പെട്ട ഹൃദയത്തോടെ മധ്യസ്ഥന്റെ മുന്നിൽ പോകരുത്. നിങ്ങളോരോരുത്തരും ശ്രമിക്കുക."

ഇതിനിടെ സമർപ്പിച്ച മറ്റൊരു ഹർജിയെക്കുറിച്ചും കോടതി ചോദിച്ചു: "നിങ്ങൾ വീണ്ടും ഇവിടെയെത്തിയത് എന്തുകൊണ്ടാണ്? മധ്യസ്ഥതയിൽ താല്പര്യമില്ലെങ്കിൽ, ഞങ്ങൾ സമയം കളയില്ല, കേസ് കേൾക്കും. ഞങ്ങൾ മധ്യസ്ഥതയ്ക്ക് അയച്ചാൽ, കക്ഷികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു."

റാണി കപുർ സമർപ്പിച്ച ഇടക്കാല അപേക്ഷയാണ് കോടതി കേൾക്കുന്നത്. മരുമകൾ പ്രിയ കപൂറും മറ്റുള്ളവരും തർക്കത്തിലുള്ള സ്വത്ത് "ബലമായി ഏറ്റെടുക്കാൻ" ശ്രമിച്ചുവെന്നാണ് റാണി കപുർ പരാതിയിൽ ആരോപിക്കുന്നത്.

സഞ്ജയ് കപുറിൻ്റെ കുടുംബത്തിലെ അനന്തരാവകാശ തർക്കത്തിൽ ഉൾപ്പെട്ട ഒരു പ്രധാന കമ്പനിയെ സ്വതന്ത്ര ഡയറക്ടർമാരുടെ നിയമനം തുടരുന്നതിൽ നിന്ന് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ധനഞ്ജയ വൈ. ചന്ദ്രചൂഡിന് മുമ്പാകെയാണ് വിഷയം മധ്യസ്ഥതയ്ക്ക് വിട്ടത്.

സഞ്ജയ്ക്കും പ്രിയ സച്ച്ദേവിനും അസേരിയസ് എന്നൊരു മകനുണ്ട്. നടി കരിഷ്മ കപൂറുമായുള്ള ആദ്യ വിവാഹത്തിൽ സമൈറ, കിയാൻ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Supreme Court mandates mediation to resolve the Sunjay Kapur estate battle., Court emphasizes the health and age of 80-year-old Rani Kapur., Interim stay placed on board appointments at Raghuvanshi Investment Private Limited., Dispute involves family holdings and corporate entities linked to the late businessman.