സയനൈഡ് കഴിച്ചാണ് അയാള്‍ മരിച്ചത്; അരികില്‍ ചെറുതായി കടിച്ചൊരു ആപ്പിളുണ്ടായിരുന്നു

ഓരോ ബ്രാന്‍ഡിന്റെ ലോഗോകള്‍ക്കുമുണ്ടാവും പറയാന്‍ ചില കഥകള്‍. ആളുകളെ ആകര്‍ഷിച്ച ലോഗോകള്‍ എത്രെയെത്ര. കടിച്ച ആപ്പിള്‍ പോലെയുള്ള ആപ്പിളിന്റെ ലോഗോയ്ക്കും ഇന്‍സ്റ്റഗ്രാം ലോഗോയ്ക്കുമെല്ലാം പറയാന്‍ ചില കഥകളുണ്ട്.
2010-ല്‍ ആദ്യത്തെ ഇന്‍സ്റ്റഗ്രാം ലോഗോ വെറുമൊരു പോളറോയ്ഡ് ക്യാമറയുടെ മുന്‍ഭാഗമാണ്. ലോഗോയേക്കാള്‍ ഒരു ചിത്രം എന്നു പറയുന്നതാകും ശരി. അതിനുമുകളില്‍ ഇന്‍സ്റ്റഗ്രാം എന്ന എഴുത്തുമുണ്ടായിരുന്നു. 2011-ലെ ലോഗോ ബെല്‍ ആന്റ് ഹവല്‍ ക്യാമറയുടെ മാതൃകയിലായിരുന്നു. അതിന് മുകളില്‍ മഴവില്‍നിറവും. അതും കഴിഞ്ഞാണ് പിങ്കും ഓറഞ്ചുമെല്ലാം കലര്‍ന്ന പുതിയ ലോഗോ വരുന്നത്.
പല ലോഗോകളിലൂടെ കടന്നുവന്ന കഥയാണ് ആപ്പിള്‍ എന്ന ലോകോത്തര ബ്രാന്‍ഡിന്റേത്. ആദ്യകാലത്തെ ലോഗോ, ഐസക് ന്യൂട്ടണ്‍ ഒരു ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നതായിരുന്നു. അതില്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ കോ. എന്നെഴുതിയ റിബ്ബണും. ഒരു ആന്റിക് ലുക്കായിരുന്നു ആ ലോഗോയ്ക്ക്.
ഇന്ന് കാണുന്ന, ചെറുതായി കടിച്ച ആപ്പിള്‍ ലോഗോ ഡിസൈന്‍ ചെയ്തത്, റോബ് ജനോഫാണ്. ഏഴുനിറങ്ങളിലുള്ള ആപ്പിള്‍. ഗുരുത്വാകര്‍ഷണ സിദ്ധാന്തം കൂടി ഉള്‍ക്കൊണ്ടാണത്രേ ആപ്പിള്‍ തന്നെ ലോഗോയിലും വന്നത്.
സൈദ്ധാന്തിക കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവെന്നറിയപ്പെടുന്ന അലന്‍ ട്യൂറിങ്ങിന്റെ ഓര്‍മയ്ക്കായാണ് ഈ ലോഗോയെന്നും പറയപ്പെടുന്നു. 41-ാം വയസ്സില്‍ സൈനൈഡ് കഴിച്ച് ട്യൂറിങ് ആത്മഹത്യ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കിടക്കയ്ക്കരികില്‍ പകുതി കടിച്ച ഒരു ആപ്പിളുമുണ്ടായിരുന്നു. സ്വവര്‍ഗരതിയില്‍ തത്പരനായ ട്യൂറിങ്ങിന്റെ ഓര്‍മയിലാണ് ഏഴുനിറങ്ങളുള്ള പകുതി കടിച്ച ആപ്പിള്‍ ലോഗോയില്‍ വന്നതെന്നും കഥകളുണ്ട്. പിന്നീട് കറുപ്പിലേക്ക് മാറി. അതും കഴിഞ്ഞാണ് ഇന്ന് കാണുന്ന ലോഗോയിലേക്കെത്തിയത്.
ലോകോത്തര ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സിന്റെ ലോഗോയ്ക്കും പിന്നിലുമുണ്ട് ഒരു രസകരമായ കഥ. ആപ്പിള്‍ ബ്രാന്‍ഡ് പോലെ ഒരുപാട് മാറ്റങ്ങളിലൂടെ കടന്നാണ് ഇന്നത്തെ ലോഗോയിലെത്തിയത്. 1937-ല്‍ ഒരു ഫുഡ്സ്റ്റാന്‍ഡായാണ് കമ്പനിയുടെ തുടക്കം. പിന്നീടത് മക്‌ഡൊണാള്‍ഡ്‌സ് ബാര്‍-ബി-ക്യൂ എന്നായി മാറി, പിന്നെ മക്‌ഡൊണാള്‍ഡ്‌സും. പുതിയ റെസ്റ്റോറന്റ് നിര്‍മിക്കുമ്പോള്‍, രണ്ട് ഗോള്‍ഡന്‍ ആര്‍ച്ചുകള്‍ വേണമെന്ന് ഉടമസ്ഥര്‍ ആഗ്രഹിച്ചിരുന്നു. ആ ആര്‍ച്ചുകള്‍ പിന്നീട് ലോഗോയുടെയും ഭാഗമാവുകയായിരുന്നു.
1962-ലാണ് M ലോഗോ ആയി വരുന്നത്. ജിം ഷിന്‍ഡ്‌ലറാണ് ഇതിനുപിന്നില്‍. അതും പിന്നീട് പല മാറ്റങ്ങള്‍ക്കും വിധേയമായി. ഒടുവില്‍ ഇന്നത്തെ ലോഗോയിലെത്തി.
Content Highlights: story related to logos of different brands