ബർലിനിൽ ഡികാപ്രിയോയെക്കാൾ ആരാധകരുണ്ടായിരുന്നു ഷാരൂഖ് ഖാനെന്ന് അനുരാഗ് കശ്യപ്

ഷാരൂഖ് ഖാൻ, അനുരാഗ് കശ്യപ് | AFP
ഷാരൂഖ് ഖാൻ, അനുരാഗ് കശ്യപ് | AFP

യൂറോപ്പിലും വടക്കേ അമേരിക്കയിലുമടക്കം ആഗോളതലത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഷാരൂഖ് ഖാന്. ജർമ്മനി, ഫ്രാൻസ് പോലെ ഹിന്ദി അറിയാത്ത രാജ്യങ്ങളിൽ പോലും ഷാരൂഖിന്റെ സിനിമകൾക്ക് റെക്കോർഡ് കാണികളെത്തിയിട്ടുണ്ട്. അടുത്തിടെ, സംവിധായകൻ അനുരാഗ് കശ്യപ്, ഷാരൂഖിന്റെ അന്താരാഷ്ട്ര പ്രശസ്തി വ്യക്തമാക്കുന്ന ഒരു സംഭവം പങ്കുവെച്ചു.

"ഞാൻ എന്റെ കണ്ണുകൊണ്ട് നേരിട്ട് കണ്ടതാണ്. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഹോളിവുഡ് നടൻ ലിയോനാർഡോ ഡി കാപ്രിയോയും ഷാരൂഖ് ഖാനും ഒരേ ദിവസം ഉണ്ടായിരുന്നു. രാവിലെ മുതൽ ആളുകൾ ഷാരൂഖിനെ കാണാൻവേണ്ടി വരിനിൽക്കുകയായിരുന്നു."

ഷാരൂഖ് ഖാൻ 2008, 2010, 2012 വർഷങ്ങളിലായി മൂന്ന് തവണ ബെർലിൻ ചലച്ചിത്രോത്സവത്തിലെത്തിയിരുന്നു. 2012-ൽ, അദ്ദേഹവും ലിയോനാർഡോ ഡി കാപ്രിയോയും അവിടെയുണ്ടായിരുന്നു. 'ഡോൺ 2'-ന്റെ പ്രീമിയറിനായാണ് ഷാരൂഖ് എത്തിയത്. അതേസമയം, 'ഗ്യാങ്‌സ് ഓഫ് വാസേപൂർ' എന്ന സിനിമയുടെ പ്രീമിയറിനായാണ് അനുരാഗ് കശ്യപ് ചലച്ചിത്രോത്സവത്തിലെത്തിയത്. ചിത്രത്തിന് ബെർലിനിൽ എഴുന്നേറ്റുനിന്നുള്ള കയ്യടി ലഭിച്ചിരുന്നു.

2010-ലും ഷാരൂഖിനെ ഒരുനോക്ക് കാണാൻ വേണ്ടി മാത്രം നൂറുകണക്കിന് ആരാധകർ ഫ്രീഡ്രിക്ക്‌സ്റ്റാഡ് പാലസിന് പുറത്ത് തമ്പടിച്ചു. ഇതിന്റെ സന്തോഷം ഒരു വാർത്താസമ്മേളനത്തിൽ ഷാരൂഖ് പ്രകടിപ്പിക്കുകയും ചെയ്തു.

"ബെർലിനിൽ എത്തിയതിൽ ഞാൻ സന്തോഷവാനാണ്. എനിക്കിവിടം ഇഷ്ടമാണ്. ഒരു ടൂറിസ്റ്റ് ബസിന്റെ മുകളിൽ കയറി നൃത്തം ചെയ്യാൻ പറഞ്ഞാൽ പോലും ഞാനത് ചെയ്യും."

രസകരമായ മറ്റൊരു കാര്യം, 'എക്‌സ്ട്രീം സിറ്റി' എന്ന ചിത്രത്തിൽ ഷാരൂഖും ലിയോനാർഡോയും ഒന്നിച്ച് അഭിനയിക്കേണ്ടതായിരുന്നു. എന്നാൽ, ബജറ്റും ഷെഡ്യൂളിങ്ങുമൊന്നും ഒത്തുവരാഞ്ഞതിനാൽ അത് നടന്നില്ല. 'കിങ്' സിനിമയുടെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഇപ്പോൾ. മകൾ സുഹാനയോടൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യചിത്രമാണിത്. പോൾ തോമസ് ആൻഡേഴ്സന്റെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ത്രില്ലർ ചിത്രത്തിലാണ് ലിയോനാർഡോ ഡി കാപ്രിയോ ഇപ്പോൾ അഭിനയിക്കുന്നത്. അതേസമയം, അനുരാഗ് കശ്യപിന്റെ 'നിഷാഞ്ചി' എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്. ബോബി ഡിയോൾ നായകനാവുന്ന 'ബന്ദർ' എന്ന ചിത്രവും അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anurag Kashyap reveals Shah Rukh Khan outshone Leonardo DiCaprio at Berlin Film Festival, drawing massive crowds.