“30 കിലോ കുറച്ച് ദബങ്ങിൽ അഭിനയിച്ചശേഷവും ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്.”- സൊനാക്ഷി സിൻഹ

സൊനാക്ഷി സിൻഹ/ ഇൻസ്റ്റഗ്രാം(aslisona)
സൊനാക്ഷി സിൻഹ/ ഇൻസ്റ്റഗ്രാം(aslisona)

സൊനാക്ഷി സിൻഹ തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘ജടാധാര’യുടെ റിലീസിനായി ഒരുങ്ങുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, നടി എന്ന നിലയിലുള്ള തൻ്റെ യാത്രയെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ കമൻ്റുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും താരം സംസാരിച്ചു.

‘ദബങ്ങി’ലൂടെ അരങ്ങേറ്റം കുറിച്ചപ്പോൾ താൻ കഠിനാധ്വാനം ചെയ്തിരുന്നുവെന്നും, എന്നിട്ടും ബോഡി ഷെയ്മിങ് കമൻ്റുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സൊനാക്ഷി പറഞ്ഞു.

“ഞാൻ എത്തിപ്പെട്ടത് രൂപഭംഗിക്ക് പ്രാധാന്യം നൽകുന്ന ഒരു തൊഴിൽ മേഖലയിലാണ്. ഇവിടെ എത്തിയപ്പോഴേക്കും അതൊന്നും എനിക്കൊരു വിഷയമായിരുന്നില്ല. ഫിറ്റാകാൻ ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അത് കാണാനോ തിരിച്ചറിയാനോ ആളുകൾക്ക് കഴിയുന്നില്ലെങ്കിൽ, വെറും നിസ്സാര കാരണങ്ങൾ പറഞ്ഞ് എന്നെ വെറുക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ മാത്രം പ്രശ്നമാണ്.

30 കിലോ കുറച്ച് ‘ദബങ്ങി’ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷവും എനിക്ക് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള ആളുകളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.”

സൽമാൻ ഖാനോടൊപ്പം ‘ദബങ്ങി’ലൂടെയാണ് സൊനാക്ഷി തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 2010-ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറി. കുറച്ച് ദിവസങ്ങൾക്ക് മുൻപ്, ഭർത്താവ് സഹീർ ഇഖ്ബാലിനൊപ്പം താൻ ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്ക് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സൊനാക്ഷി വിരാമമിട്ടു.

അതേക്കുറിച്ച് സൊനാക്ഷി കുറിച്ചത് ഇങ്ങനെയായിരുന്നു: “വയറിന് കുറുകെ കൈ വെച്ച് പോസ് ചെയ്തതിന് മാത്രം, മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗർഭധാരണത്തിൻ്റെ ലോക റെക്കോർഡ് ഉടമയായി. അതിബുദ്ധിമാന്മാരായ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് 16 മാസമായി തുടരുന്നു.”

അതേസമയം, സൊനാക്ഷിയുടെ അടുത്തതായി റിലീസ് ചെയ്യുന്ന ‘ജടാധാര’ ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ്. ചിത്രത്തിൽ സുധീർ ബാബു, ശിൽപ ശിരോദ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സീ സ്റ്റുഡിയോസും പ്രേരണ അറോറയും ചേർന്ന് അവതരിപ്പിക്കുന്ന ജടാധര, ഉമേഷ് കുമാർ ബൻസാൽ, ശിവൻ നാരങ്, അരുണ അഗർവാൾ, പ്രേരണ അറോറ, ശിൽപ സിങാൾ, നിഖിൽ നന്ദ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അക്ഷയ് കെജ്‌രിവാളും കുസ്സും അറോറയുമാണ് സഹനിർമ്മാതാക്കൾ. നവംബർ 7-ന് ഹിന്ദിയിലും തെലുങ്കിലുമായി ‘ജടാധാര’ റിലീസ് ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi‌

Content Highlights: Sonakshi Sinha opens up about her journey in Bollywood, body shaming trolls, and her upcoming supernatural thriller, Jataadhara.