ഒന്‍പത് മണിക്കൂര്‍ ഉറങ്ങിയാല്‍ ഒന്‍പത് ലക്ഷം പ്രതിഫലം

ഉറങ്ങുന്നതിന് ലക്ഷങ്ങള്‍ പ്രതിഫലമോ? കേട്ടാല്‍ ഒന്ന് ഞെട്ടുമെങ്കിലും സംഗതി സത്യമാണ്. ബെംഗളൂരുവില്‍ നടന്ന 60 ദിവസത്തെ സ്ലീപ് ഇന്റേണ്‍ഷിപ്പിന്റെ സമ്മാനത്തുക 9.1 ലക്ഷം രൂപയാണ്. പ്രമുഖ ബ്രാന്‍ഡായ വേക്ക്ഫിറ്റാണ് സ്ലീപ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുന്നത്. പുണെയിൽ ഐ.പി. എസ് സര്‍വീസ് ഉദ്യോഗാര്‍ഥി പൂജ മാധവ് വാവ്ഹലാണ് ഈ വര്‍ഷത്തെ 'സ്ലീപ്പ് ചാമ്പ്യന്‍ ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷത്തോളം വരുന്ന അപേക്ഷകരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത പതിനഞ്ചുപേരെ പിന്തള്ളിക്കൊണ്ടാണ് പൂജ ഈ നേട്ടം സ്വന്തമാക്കിയത്.

2019-ല്‍ തുടങ്ങിയ ട്രെന്‍ഡ്
2019-ലാണ് വേക്ക്ഫിറ്റ് ആദ്യമായി സ്ലീപ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഉറക്കത്തിലൂടെ

ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു ഇത്. സ്ലീപ് ഇന്റേണ്‍ഷിപ്പിന്റെ നാലാം പതിപ്പിലാണ് പൂജ വിജയിയായത്. രണ്ട്മാസക്കാലം രാത്രിയില്‍ തടസ്സമില്ലാതെ ഒന്‍പത് മണിക്കൂര്‍ ഉറങ്ങാമെന്നാതായിരുന്നു സ്ലീപ് ചാമ്പ്യനാകാനുള്ള യോഗ്യത. കൂടാതെ സുഖകരമായ ഉറക്കത്തിന് ബ്രാന്‍ഡിന്റെ കിടക്കയും നല്കും. മത്സരാര്‍ഥികളുടെ ഉറക്കം നീരിക്ഷിക്കുന്നതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്വന്തം വീട്ടില്‍ കിടന്ന് ഉറങ്ങിക്കൊണ്ടുതന്നെ മത്സരത്തില്‍ പങ്കെടുക്കാമെന്നുള്ളതാണ് മറ്റൊരു പ്രേത്യകത. മത്സരാര്‍ഥികള്‍ക്ക് ചെറിയ വര്‍ക്കഷോപ്പുകളും ഇതോടൊപ്പം നടത്തും. കണ്ണുകെട്ടി മെത്തനിര്‍മിക്കല്‍, വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അലാറം ക്ലോക്കുക്കള്‍ കണ്ടെത്തൽ തുടങ്ങി വിവിധ രസകരമായ മത്സരങ്ങളും ഇതോടൊപ്പം നല്കുന്നതാണ്. മത്സരാര്‍ഥികളുടെ ആരോഗ്യനില പരിശോധിക്കുകയും ലഹരിയോ മറ്റ് ഗുളികയോ കഴിക്കുന്നവരെ ഇതില്‍ നിന്നും അയോഗ്യരാക്കുകയും ചെയ്യുന്നതാണ്.

ഇന്റേണ്‍ഷിപ്പിന്റെ യോഗ്യത
ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് 22 വയസ്സ് പൂര്‍ത്തിയായിരിക്കണം. വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ആപ്ലിക്കേഷനുകള്‍ ക്യത്യസമയത്ത് സമര്‍പ്പിക്കാത്തപക്ഷം അത്തരം ആപ്ലിക്കേഷനുകള്‍ അസാധുവാക്കപ്പെടും. ആപ്ലിക്കേഷന്‍ ഫോമിനെക്കൂടാതെ വീഡിയോ റെസ്യൂമുകള്‍, ഇന്റര്‍വ്യൂ എന്നിവ വഴിയും തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. യോഗ്യത കണക്കിലെടുത്ത് വിവിധ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞടുപ്പ് നടക്കുന്നത്.

ഇന്ന് ഈ പ്രോഗ്രാം യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായിക്കഴിഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകളാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്.ആരോഗ്യത്തിന് ഏറ്റവും പ്രധാനം സുഖകരമായ ഉറക്കമാണ്. ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും മെച്ചപ്പെട്ട ഉറക്കം അതിവശ്യമാണെന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ഇന്റേണ്‍ഷിപ്പ് നടത്തുന്നത്.

ഒന്‍പത് മണിക്കൂര്‍ സുഖകരമായ ഉറക്കത്തിന് 91.36 എന്ന സ്‌കോര്‍ നിലയിലാണ് പൂജ ഒന്നാം സ്ഥാനത്തെത്തിയത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഓരോ ലക്ഷം വീതം പ്രോത്സാഹന സമ്മാനം നല്കി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: sleep internship offers ₹9.1 Lakh for sleeping 9 hours daily for 60 days