സിദ്ധു മൂസെവാല മരിച്ചില്ലെന്ന് ആരാധകർ; മരിച്ച് മൂന്നുവർഷത്തിനുശേഷം സംഗീതപരിപാടി പ്രഖ്യാപിച്ച് കുടുംബം

സിദ്ധു മൂസെവാല / ANI
സിദ്ധു മൂസെവാല / ANI

പ്രശസ്ത പഞ്ചാബിഗായകനായ സിദ്ധു മൂസെവാല മരിച്ചിട്ട് മൂന്നുവർഷമായി. അതിനിടയിലാണ് അദ്ദേഹത്തിന്റെ പേരിൽ വേൾഡ് മ്യൂസിക് ടൂർ പ്രഖ്യാപിച്ചുകൊണ്ട് കുടുംബമെത്തിയത്. ഇത് അദ്ദേഹത്തിന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. 'സൈൻഡ് ടു ഗോഡ് വേൾഡ് ടൂർ' എന്നാണതിന് പേരിട്ടിട്ടുള്ളത്. അതോടെ മൂസെവാല ശരിക്കും മരിച്ചില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. 'ശരിക്കും മരിച്ചോ, അതോ മൂന്നുവർഷമായിട്ട് പ്രാങ്ക് ചെയ്യുകയാണോ' അവർ കുറിച്ചു. 'മരിച്ച ആത്മാവിനെ ബഹുമാനിക്കൂ' എന്നും ആരാധകർ പറയുന്നു.

പരിപാടിയുടെ കൃത്യമായ വേദി, ടിക്കറ്റ് സംബന്ധമായ വിവരങ്ങൾ ഒന്നും അറിയിച്ചിട്ടില്ല. 2026-ലാണ് മ്യൂസിക് ടൂർ നടക്കുകയെന്ന് പരിപാടിയുടെ വെബ്‌സൈറ്റിൽ പറയുന്നു. ടൊറന്റോ, ലോസ് ആഞ്ചൽസ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടി നടക്കുക. ഔദ്യോഗിക വെബ്‌സൈറ്റിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, ''ജീവിതത്തിലെ അതിരുകൾ തകർത്ത് എല്ലാവർക്കും ഇപ്പോഴും പ്രചോദനം നൽകുന്ന ഒരു ആത്മാവിന്റെ ആഘോഷമാണിത്''.

ആരാധകർക്ക് സിദ്ധു മൂസെവാലയെ വെർച്വലായി കാണാൻപറ്റും എന്നതാണ് ഇതിലെ പ്രധാനആകർഷണം. ''അദ്ദേഹം വെറുമൊരു കലാകാരനായിരുന്നില്ല, ഒരു പ്രസ്ഥാനമായിരുന്നു. ലോകമെങ്ങുമുള്ള ആരാധകർക്ക് അദ്ദേഹത്തിന്റെ ഊർജവും ശബ്ദവും സാന്നിധ്യവുമെല്ലാം വീണ്ടും അനുഭവിക്കാൻ പറ്റും ആദ്യമായി നടക്കുന്ന ഈ ഹോളോഗ്രാം ടൂറിലൂടെ. സിദ്ധുവിന്റെ യഥാർഥശബ്ദം, വിഷ്വലുകൾ എന്നിവ സമന്വയിപ്പിച്ചാണ് പരിപാടി'', സൈറ്റിലൂടെ അണിയറപ്രവർത്തകർ വിശദീകരിക്കുന്നു.

2022 മെയ് 29-നാണ് സിദ്ധു മൂസെവാല വെടിയേറ്റുമരിക്കുന്നത്. അദ്ദേഹം ജീപ്പിൽ സഞ്ചരിക്കുമ്പോഴാണ് അക്രമികൾ വെടിവെക്കുന്നത്. 30-ഓളം തവണയാണ് അദ്ദേഹത്തിനുനേരെ അക്രമികൾ വെടിയുതിർത്തത്. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 24 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് കണ്ടെടുത്തത്. മൂസെവാല ഉൾപ്പെടെയുള്ള വി.ഐ.പി.കൾക്കുള്ള പ്രത്യേകസുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിനു തൊട്ടടുത്തദിവസമാണ് സംഭവം നടന്നത്. 29 വയസ്സായിരുന്നു അദ്ദേഹത്തിന്.

തൊട്ടുപിന്നാലെ കൊടുംകുറ്റവാളി ഗോൾഡി ബാർ പിടിയിലാവുകയും ചെയ്തു. ഗോൾഡിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ''അവന്റെ അഹങ്കാരം കൊണ്ട് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ് ചെയ്തു. അവനെ കൊല്ലുകയല്ലാതെ വേറെ മാർഗവുമുണ്ടായിരുന്നില്ല. അവന്റെ പ്രവർത്തികളുടെ ഫലമാണ് അവന് അനുഭവിക്കേണ്ടി വന്നത്'', ബി.ബി.സി.ക്ക് നൽകിയ അഭിമുഖത്തിൽ ഗോൾഡി പിന്നീട് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്ന് പുറത്തുവന്ന വിവരം.

ശുഭ്ദീപ് സിങ് സിദ്ധു എന്നായിരുന്നു യഥാർഥപേര്. മാൻസ ജില്ലയിലെ മൂസ എന്ന ഗ്രാമത്തിലാണ് ജനനം. പ്രശസ്തനായപ്പോൾ മൂസ എന്ന ഗ്രാമത്തോടുള്ള ആദരസൂചകമായിട്ടാണ് മൂസെവാല എന്ന പേരിട്ടതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. 2017-ൽ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന ആൽബത്തിലൂടെയാണ് ജനപ്രീതി നേടിയത്. 2020-ൽ ഭാവിയിലെ മികച്ച 50 കലാകാരൻമാരിലൊരാളായി 'ദ ഗാർഡിയൻ' തിരഞ്ഞെടുത്തവരിൽ സിദ്ധുവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ ഗ്ലോബൽ യൂട്യൂബ് മ്യൂസിക് ചാർട്ടിലും ഇടംപിടിച്ചു. എക്കാലത്തെയും മികച്ച പഞ്ചാബി റാപ്പർമാരിലൊരാളായിരുന്നു അദ്ദേഹം. ആരാധകരുടെ ഒരു നീണ്ടനിര തന്നെയുണ്ടായി. ഇന്നും അതിന് കുറവൊന്നും വന്നിട്ടില്ല. ലെജന്റ്, ഡെവിൾ, ബ്രൗൺ ബോയ്‌സ്, ദ ലാസ്റ്റ് റൈഡ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ആൽബങ്ങൾ. പക്ഷേ സിദ്ധുവിന്റെ പാട്ടുകളിലെ വരികൾ തോക്ക് സംസ്‌കാരത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന കടുത്ത വിമർശനവും അദ്ദേഹത്തിനെതിരെ ഉയർന്നു. അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസുകളും വന്നു. അദ്ദേഹത്തിന്റെ മരണശേഷം കുടുംബം അദ്ദേഹത്തിന്റെ കുറേ പാട്ടുകൾ പുറത്തുവിട്ടിരുന്നു. അതെല്ലാം സൂപ്പർഹിറ്റാവുകയും ചെയ്തു.

സിദ്ധുവിന്റെ മരണത്തിനുശേഷം കടുത്ത വിഷാദത്തിലായിരുന്നു മാതാപിതാക്കൾ. മാനസികാരോഗ്യം തകർന്ന അവരെ കുടുംബത്തിന്റെ പിന്തുണയാണ് തിരിച്ചുകൊണ്ടുവന്നത്. വീണ്ടുമൊരു കുഞ്ഞ് എന്ന ചിന്തയുണ്ടാവുന്നതും അപ്പോൾ തന്നെ. ചികിത്സകൾക്കൊടുവിൽ 2024-ൽ മാതാപിതാക്കൾക്ക് ഐവിഎഫിലൂടെ ഒരുകുഞ്ഞ് പിറന്നു. 58-ാം വയസ്സിലാണ് അമ്മ രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: sidhu moose wala`s family announced a world tour featuring a hologram of the late singer, sparking mixed reactions from fans