'എനിക്കിത് ഇഷ്ടമല്ല' പാപ്പരാസികളോട് അലറിവിളിച്ച് ശ്രിയ ശരണിന്റെ മകൾ, പിന്നാലെ വിമർശനവും

സിനിമാ താരങ്ങളെ കാണുമ്പോഴേക്കും ക്യാമറയുമായി ചുറ്റും കൂടുന്നവർ പലപ്പോഴും അവരുടെ സ്വകാര്യനിമിഷങ്ങളെ അലങ്കോലപ്പെടുത്താറുണ്ട്. ചിലർ ചിത്രങ്ങൾക്ക് പോസ് ചെയ്യുമ്പോൾ മറ്റു ചിലർ പരമാവധി അവരെ അകറ്റി നിർത്താൻ ശ്രമിക്കും.
ചൊവ്വാഴ്ച മുംബൈയിലെ ഇസ്കോൺ ക്ഷേത്രത്തിൽ നിന്ന് കുടുംബത്തോടൊപ്പം പുറത്തിറങ്ങി വന്ന നടി ശ്രിയ ശരണിനെയും കുടുംബത്തെയും പാപ്പരാസികൾ (Paparazzi) ഇതുപോലെ വട്ടംകൂടി. താരം അവർക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തയ്യാറായി. എന്നാൽ ഇതൊന്നും അവരുടെ 5 വയസ്സുകാരി മകൾ രാധയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കുട്ടി 'എനിക്കിത് ഇഷ്ടമല്ല' എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. ഈ രംഗത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ, സ്വകാര്യത മാനിക്കാത്ത പാപ്പരാസികൾക്കുനേരെ വീണ്ടും വിമർശനമുയരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മറ്റ് കുടുംബാംഗങ്ങളോടൊപ്പം ശ്രിയ ക്ഷേത്രത്തിൽ നിന്ന് വരികയായിരുന്നു. പാപ്പരാസികളെ കാണുന്നതുവരെ അമ്മയുടെ കൈപിടിച്ചുനടന്നിരുന്ന രാധ, ഒരു ഫോട്ടോഗ്രാഫർ സംസാരിക്കാൻ ശ്രമിച്ചപ്പോൾ അമ്മയുടെ പിന്നിലൊളിക്കാൻ ശ്രമിച്ചു. “എനിക്കിത് ഇഷ്ടമല്ല” എന്ന് പറയുകയും ചെയ്തു. ഫോട്ടോയെടുക്കുന്നത് തുടർന്നപ്പോൾ, "നിനക്ക് അമ്മയുടെ പിന്നിലൊളിക്കാ"മെന്ന് ശ്രിയ മകളോട് പറയുന്നുണ്ട്.
നടിയുടെ മറ്റ് കുടുംബാംഗങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും, രാധ അമ്മയെ മുറുകെപ്പിടിച്ച് പോസ് ചെയ്യാൻ വിസമ്മതിച്ചു.
ആ കൊച്ചു കുട്ടിയുടെ വികാരങ്ങളെ മാനിക്കണം, എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്. മുതിർന്നവരായ നമുക്ക് എന്തുകൊണ്ട് ഒരു കുട്ടിയുടെ അതിരുകളെയും അവളുടെ ലളിതമായ ‘NO’കളെയെടും മാനിച്ചുകൂടാ? വളരെ ചെറുപ്പത്തിൽ തന്നെ അവൾ തന്റെ അതിരുകൾ അറിയുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നത് അവളെ നന്നായി വളർത്തിയതിന്റ തെളിവാണ്, ആളുകൾ ഇത് മനസ്സിലാക്കി അവരെ വെറുതെ വിടണം എന്നിങ്ങനെ നീളുന്നു മറ്റു കമന്റുകൾ.
2001-ൽ പുറത്തിറങ്ങിയ 'ഇഷ്ടം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രിയ തന്റെ കരിയറിൽ തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shriya Saran's 5-year-old daughter Radha was captured by paparazzi leaving an ISCKON temple., Radha expressed discomfort and yelled 'I don't like it' at the photographers., Fans heavily criticized the paparazzi on social media for ignoring the child's boundaries., Shriya Saran's upcoming projects include Drishyam 3 and Sandakkari.