ഗായകരെ വിമർശിച്ച് ശ്രേയ ഘോഷാൽ, കച്ചേരികളിൽ ലിപ്-സിങ്ക് ചെയ്യുന്നതിൽ അർഥമില്ല, അതിൽ കഠിനാധ്വാനമില്ല

പാട്ടുകൾ ലൈവായി പാടിക്കേൾക്കുന്നതിലുള്ള സുഖമാണ് ആളുകൾ സംഗീതകച്ചേരികൾ ഇഷ്ടപ്പെടാൻ കാരണം. അതേസമയം, ചില ഗായകർ ലൈവായി പാടുന്നതിന് പകരം ലിപ്-സിങ്ക് (lip syncing) ചെയ്യാറുണ്ട്. അതിനെതിരേ ജനങ്ങളിൽ നിന്നുതന്നെ വിമർശനവും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ലിപ് സിങ്ക് ചെയ്യുന്നത് അലസമായ പ്രവൃത്തിയാണെന്നു പറയുകയാണ് ഗായിക ശ്രേയ ഘോഷാൽ.
ഒരു പോഡ്‌കാസ്റ്റിലാണ്, കച്ചേരികളിൽ ഗായകർ ലിപ്-സിങ്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ശ്രേയ പങ്കുവെച്ചത്. "അതൊരു അലസമായ പ്രവൃത്തിയാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നില്ല, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, അതൊരു നല്ല സമീപനമല്ല." സ്ഥിരമായൊരു നിലവാരം പുലർത്താതെ, ഇഷ്ടമുള്ള രീതിയിൽ പ്രകടനം നടത്തുന്ന ഗായകരുടെ മനോഭാവത്തോടും അവർ എതിർപ്പ് രേഖപ്പെടുത്തി.
"പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതിനെ എനിക്ക് നിഷേധിക്കാനാവില്ല, എന്നാൽ ഒരു കലാകാരി എന്ന നിലയിൽ എനിക്ക് ചില തത്വങ്ങളുണ്ട്. ഞാൻ തന്നെ കേൾക്കാൻ ഇഷ്ടപ്പെടാത്ത എന്റെ ഏതെങ്കിലും പ്രകടനം പൊതുവായി പ്രദർശിപ്പിക്കുന്നത് എനിക്ക് പ്രശ്നമാണ്. ഒരർഥത്തിൽ നാണക്കേടും അപമാനകരവുമാണ്. ഒരു ഗാനമോ ലൈവ് പ്രകടനമോ പരാജയപ്പെട്ടാൽ, ഒരു കലാകാരൻ അസ്വസ്ഥനാകണം. നിങ്ങൾ ഒരു കിരീടമോ സിംഹാസനമോ നേടിയെടുത്തവരാണ് - അത് നേടിയെന്ന് കരുതി നിസ്സാരമായി കാണരുത്. ഓരോ ദിവസവും കഠിനാധ്വാനം ചെയ്യണം."-അവർ പറഞ്ഞു.
എ.പി. ധില്ലൻ ‘ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യിലെത്തിയപ്പോൾ, തന്റെ ജനപ്രിയ ഗാനമായ 'വിത്ത് യൂ' ലിപ്-സിങ്ക് ചെയ്തിരുന്നു. അത് വിമർശനങ്ങൾക്ക് ഇടയാക്കി. ഷോയിൽ ലൈവായി പാടാത്തതിന് നിരവധി പ്രേക്ഷകർ അദ്ദേഹത്തെ വിമർശിച്ചു.
സഞ്ജയ് ലീലാ ഭൻസാലി സംവിധാനം ചെയ്ത 'ദേവദാസ്' എന്ന ചിത്രത്തിലൂടെ പതിനാറാം വയസ്സിലാണ് ശ്രേയ പ്ലേബാക്ക് (Playback Singer) ഗാനരംഗത്തേക്ക് പ്രവേശിച്ചത്. മികച്ച വനിതാ പ്ലേബാക്ക് ഗായികയ്ക്കുള്ള ദേശീയ അവാർഡും അവർക്ക് ലഭിച്ചു. അന്നു മുതൽ, ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ അവർ പാടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ, സൽമാൻ ഖാൻ അഭിനയിച്ച 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ചിത്രത്തിലും ആലപിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shreya Ghoshal strongly criticizes singers who lip-sync during live concerts., She describes the practice as a 'lazy act' and a lack of hard work ('Apne mehanat nahi kari')., Emphasizes the importance of an artist's principles and maintaining high standards in performance., Mentions the recent controversy involving AP Dhillon lip-syncing on a TV show.