'സിദ്ധാർഥിന്റെ മരണശേഷം ഞാനൊരുപാട് മാറി, ആ നിഷ്‌കളങ്കത എന്നെ വിട്ടുപോയി'

ഹിന്ദി ബിഗ് ബോസിന്റെ 13-ാം സീസണാണ് ഇപ്പോഴും ഏറ്റവും ജനകീയമായ സീസണുകളിലൊന്നായി പറയപ്പെടുന്നത്. ഒട്ടേറെ സൗഹൃദങ്ങൾക്കും പ്രണയബന്ധങ്ങൾക്കും സാക്ഷ്യം വഹിച്ചു ആ സീസൺ. അതിലെ ഏറ്റവും ആരാധിക്കപ്പെട്ട ജോഡിയാണ് സിദ്ധാർഥ് ശുക്ലയും ഷെഹനാസ് ഗില്ലും. ഇന്ത്യൻ ടെലിവിഷനിലെ പ്രശസ്തതാരങ്ങളിലൊരാളെന്ന ഖ്യാതിയുമായാണ് സിദ്ധാർഥ് ബിഗ് ബോസിലെത്തിയത്. ഷെഹനാസ് ആണെങ്കിൽ പഞ്ചാബി ഗായികയും. അവർ തമ്മിലുള്ള അടുപ്പം ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. 'സിഡ്‌നാസ്' എന്ന പേരിലാണ് ഇരുവരെയും സ്‌നേഹത്തോടെ ആരാധകർ വിശേഷിപ്പിച്ചത്. കുട്ടിത്തവും നിഷ്‌കളങ്കതയുമായിരുന്നു ഷെഹനാസിന്റെ മുഖമുദ്ര. അതുതന്നെയാണ് ആളുകൾ ഇഷ്ടപ്പെട്ടതും.
ബിഗ് ബോസിനുശേഷവും സിദ്ധാർഥും ഷെഹനാസും ഒരുമിച്ചാണെന്ന് വാർത്തകളുണ്ടായിരുന്നു. ബിഗ് ബോസിലുണ്ടായ എല്ലാ ബന്ധങ്ങളും തകർന്നപ്പോഴും, അവരെപ്പോഴും ഒരുമിച്ച് തന്നെ നിന്നു. ഇരുവരും പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതരാവുമെന്നുമൊക്കെ റിപ്പോർട്ടുകൾ പുറത്തുവന്നു. അതിനിടയിലാണ് 2021-ൽ ഹൃദയാഘാതത്തെ തുടർന്ന് സിദ്ധാർഥ് മരിക്കുന്നത്. അതിനുശേഷം തകർന്നുപോയ ഷെനഹാസ് പിന്നീട് പതുക്കെ തിരിച്ചുവരികയായിരുന്നു. ആ മരണശേഷം ഷെഹനാസിന്റെ കുട്ടിത്തമെല്ലാം നഷ്ടപ്പെട്ടുവെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോൾ അതിനെക്കുറിച്ച് ഷെഹനാസ് പറഞ്ഞ വാചകങ്ങളാണ് ചർച്ചയാവുന്നത്. ''ബിഗ് ബോസ് 13 റീലുകൾ കാണാൻ എനിക്ക് പലപ്പോഴും അവസരം ലഭിക്കാറുണ്ട്. അപ്പോഴാണ് എന്റെ മാറ്റങ്ങൾ ശരിക്കും മനസ്സിലാവുന്നത്. ഞാൻ ശരിക്കും ഇങ്ങനെയായിരുന്നോ? ഇപ്പോൾ ഞാൻ ഒരുപാട് മാറി, ജീവിതത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. മുമ്പ് ഒരു നിഷ്‌കളങ്കയായ പെൺകുട്ടിയായിരുന്നു, എന്റെ മനസ്സിൽ വന്നത് ഞാൻ പറയുമായിരുന്നു, അത് തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിയായിരുന്നു. ആ പെൺകുട്ടി വളരെ സന്തോഷവതിയായിരുന്നു. ഇപ്പോൾ ഞാൻ ചിന്തിച്ച് മാത്രമേ എന്തും പറയുകയുള്ളൂ''.
സിദ്ധാർഥ് ശുക്ലയെക്കുറിച്ചും ഷെഹനാസ് സംസാരിച്ചു. ''എനിക്ക് ഈ നഗരത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. എനിക്ക് എല്ലാം പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്. എനിക്കെല്ലാം ഒരുക്കിത്തന്നു, എന്നെ പക്വത പഠിപ്പിച്ചു. അദ്ദേഹത്തിന്റെ മരണശേഷം എനിക്ക് കൂടുതൽ പക്വത വന്നു. അല്ലെങ്കിൽ ബിഗ് ബോസിൽ ഉണ്ടായിരുന്ന അതേ പെൺകുട്ടിയായി ഞാൻ തുടരുമായിരുന്നു''. 'ഇക്ക് കുഡി' എന്ന പഞ്ചാബി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റൺവീർ അല്ലാഹ്ബാദിയയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഷെഹനാസ്.
ദിൽജിത് ദോസാഞ്ജ് സംവിധാനം ചെയ്ത 'ഹോസ്ലാ രഖ്', സൽമാൻ ഖാന്റെ 'കിസി കാ ഭായ് കിസി കി ജാൻ', 'താങ്ക്യൂ ഫോർ കമിങ്', 'വിക്കി വിദ്യാ കാ വോ വാലാ വീഡിയോ' എന്നിവയാണ് ഷെഹനാസിന്റേതായി പുറത്തിറങ്ങിയ സിനിമകൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Shehnaaz Gill reflects on losing innocence after Sidharth Shukla`s death and her significant personal growth post-Bigg Boss 13