'ശാലിനി ഇപ്പോഴും എത്ര ചെറുപ്പം'; ഫ്രാൻസിൽനിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം

മാമാട്ടിക്കുട്ടിയമ്മയായി വന്ന് മലയാളികളുടെ മനംകവർന്ന താരമാണ് ശാലിനി. 80-കളിൽ മലയാളം, തമിഴ് സിനിമകളിൽ ബേബി ശാലിനി നിറഞ്ഞുനിൽക്കുകയും ചെയ്തു. അതുകഴിഞ്ഞ് കുറേ വർഷങ്ങൾ കുട്ടി ശാലിനി സിനിമകളിൽനിന്ന് മാറിനിന്നു.
പിന്നീട് 'അനിയത്തിപ്രാവി'ലൂടെയാണ് നായികയായുള്ള തിരിച്ചുവരവ്. വെറും അഞ്ചുവർഷം മാത്രമാണ് താരം ആ വരവിൽ അഭിനയിച്ചത്. അതിലേറെയും ഹിറ്റ് ചിത്രങ്ങളും. കളിയൂഞ്ഞാൽ, കാതലുക്ക് മരിയാദൈ, നക്ഷത്രത്താരാട്ട്, സുന്ദരകില്ലാഡി, നിറം, അമർക്കളം, അലൈ പായുതേ...തമിഴിലും മലയാളത്തിലുമായി കുറേ ചിത്രങ്ങളിൽ താരം അഭിനയിച്ചു.
അതിനിടെ 'അമർക്കള'ത്തിൽ നായകനായ അജിത് കുമാറുമായുള്ള വിവാഹവും. 2000-ൽ വിവാഹിതയാവുമ്പോൾ ശാലിനിക്ക് 21 വയസ്സായിരുന്നു. അതോടെ സിനിമയിൽനിന്ന് വിരമിക്കുകയും ചെയ്തു ശാലിനി. അതിനുശേഷം വെള്ളിവെളിച്ചത്തിൽനിന്ന് പൂർണമായും അകന്നുനിൽക്കുകയായിരുന്നു താരം.
സിനിമയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളിൽ പോലും വളരെ ചുരുക്കമായിട്ടാണ് ശാലിനി പ്രത്യക്ഷപ്പെട്ടത്. സോഷ്യൽമീഡിയയിൽ പോലും സജീവമായിരുന്നില്ല. 2022-ലാണ് ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. അതിനുശേഷം യാത്രാചിത്രങ്ങളും മറ്റുമായി ഇൻസ്റ്റയിൽ നിറഞ്ഞുനിൽക്കുന്നുണ്ട് ശാലിനി.
ഇപ്പോഴിതാ ഫ്രാൻസിൽനിന്നുള്ള കുടുംബചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ശാലിനി. 'A little bit of France, a whole lot of love' എന്നാണ് ചിത്രങ്ങൾക്ക് ശാലിനി ക്യാപ്ഷനിട്ടത്. മക്കൾക്കൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളും ശാലിനി പങ്കുവെച്ചിട്ടുണ്ട്. ഫ്രാൻസിലെ പ്രശസ്തമായ റേസിങ് മത്സരമായ '24 അവേഴ്‌സ് ഓഫ് ലെ മാൻസി'ൽ പങ്കെടുക്കാനാണ് അജിത്തും ടീമംഗങ്ങളും ഇവിടെത്തിയത്. താരത്തിന്റെ ടീമായ 'അജിത് കുമാർ റേസിങ്' ലെ മാൻസിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻടീമായി മാറി. ടോപ് 10 ആയി ഫിനിഷ് ചെയ്യുകയും ചെയ്തു.
ശാലിനി സോഷ്യൽമീഡിയയിലിട്ട ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ശാലിനിയുടെ ചിത്രങ്ങൾ തന്നെ. ശാലിനി ഇപ്പോഴും ചെറുപ്പമായിരിക്കുന്നുവെന്ന കമന്റുമായിട്ടാണ് ആരാധകരെത്തിയത്. 'അവരുടെ മകൾ അനൗഷ്‌കയുടെ ചേച്ചിയെ പോലെ തോന്നുന്നു ശാലിനിയെ കണ്ടാൽ' എന്ന് കമന്റിട്ടവരും കുറവല്ല.
ആരോഗ്യകരമായ അവരുടെ ഭക്ഷണശീലങ്ങൾ തന്നെയാണ് ഇപ്പോഴും ഊർജസ്വലതയോടെയിരിക്കാൻ ശാലിനിയെ സഹായിക്കുന്നത്. ഇതിനെക്കുറിച്ച് നേരത്തെ അജിത്തിന്റെ ന്യൂട്രീഷനിസ്റ്റ് ദിവ്യ കെ.പുരുഷോത്തം പറഞ്ഞിട്ടുമുണ്ട്. ''അജിത് കുടുംബം എന്നെ ഒരുപാട് അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ചടക്കം എന്നത് അജിത് സാറിൽ മാത്രം ഒതുങ്ങുന്നതല്ല. കുടുംബത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ശാലിനി മാഡം കൃത്യമായി കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന വ്യക്തിയാണ്. താനോ തന്റെ കുട്ടികളോ വീട്ടിലെ ജോലിക്കാരോ കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെ കാര്യവും അവർ എടുത്തുചോദിക്കും. അവർക്കതിൽ വ്യക്തമായ വിശദീകരണവും വേണം. ആരോഗ്യകരമായ ഭക്ഷണം എത്രത്തോളം പ്രധാനമാണെന്നത് അവരിൽനിന്ന് പഠിക്കണം''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shalini shared family photos from her trip to France on Instagram. The trip coincides with Ajith Kumar Racing's participation in the 24 Hours of Le Mans. Fans are amazed by Shalini's youthful appearance, comparing her to her daughter's sister.