'കുട്ടികളുണ്ടായില്ലെങ്കിൽ നിങ്ങൾ അപൂർണയാണെന്ന് സമൂഹം എപ്പോഴും ഓർമിപ്പിക്കും': ശബാന ആസ്മി

സമാന്തരസിനിമകളിലും കൊമേഴ്‌സ്യൽ സിനിമകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശബാന ആസ്മി. മികച്ച നടിക്കുള്ള അഞ്ച് ദേശീയപുരസ്‌കാരങ്ങളും പത്മശ്രീ, പദ്മഭൂഷൺ എന്നീ നേട്ടങ്ങളും അവർക്കുള്ള അംഗീകാരമാണ്. 1984-ലാണ് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ അവർ വിവാഹം കഴിക്കുന്നത്.
എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ അഭിപ്രായങ്ങളുള്ള വ്യക്തി കൂടിയാണ് ശബാന. തങ്ങളുടെ ചോയ്‌സിന്റെ പേരിൽ സ്ത്രീകൾ പലപ്പോഴും വിലയിരുത്തപ്പെടുന്നതിനെക്കുറിച്ച് വെട്ടിത്തുറന്ന് സംസാരിക്കാറുമുണ്ട് അവർ. കുട്ടികളില്ലാതെയുള്ള ജീവിതവും തന്റെ അത്തരമൊരു തിരഞ്ഞെടുപ്പായിരുന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു. ''അതുകൊണ്ടാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാതിരുന്നതും. കുട്ടികളില്ല എന്ന കാരണത്താൽ ഒരു സ്ത്രീ, സ്ത്രീയല്ലാതാവുന്നില്ല''.
എന്നാൽ, കുട്ടികളുടെ ഒരു അഭാവം തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും അവർ വെളിപ്പെടുത്തുന്നു. കാരണം ജാവേദിന്റെ ആദ്യഭാര്യയിലെ മക്കളായ ഫർഹാൻ അക്തറും സോയ അക്തറും അപ്പോഴേക്കും ശബാനയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു.
മുമ്പൊരു അഭിമുഖത്തിൽ തനിക്ക് ഗർഭം ധരിക്കാൻ കഴിയില്ലെന്ന് അംഗീകരിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും ശബാന ഓർത്തെടുത്തു. ''കുട്ടികളെ പ്രസവിക്കാൻ കഴിയില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെടാൻ പ്രയാസമാണ്. നിങ്ങൾ അപൂർണമാണെന്ന് സമൂഹം ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും. അതിൽനിന്ന് സ്വയം പുറത്തുകടക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കണം''.
ദത്തെടുക്കേണ്ട എന്ന തീരുമാനത്തെക്കുറിച്ച് അവർ പറഞ്ഞതിങ്ങനെ, ''എനിക്ക് ഒരിക്കലും ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. കാരണം ഞാൻ ജാവേദിന്റെ കുട്ടികളുമായി വളരെ സൗഹൃദത്തിലാണ്. അതിനാൽ കുട്ടികൾ വേണമെന്ന ആവശ്യം നിറവേറ്റപ്പെട്ടു. കുട്ടികളുണ്ടാകാത്തത്, ഒരർത്ഥത്തിൽ, എന്റെ തിരഞ്ഞെടുപ്പുകൾ വളരെ എളുപ്പമാക്കി. കാരണം മാതൃത്വം വളരെയധികം സമയമാവശ്യപ്പെടുമെന്നാണ് ഞാൻ കരുതുന്നത്''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Veteran actress Shabana Azmi shares her candid thoughts on societal pressures regarding childlessness and her choice to remain childfree, embracing motherhood through her stepchildren