‘ആളുകൾ വർഷങ്ങളോളം ഒന്നിച്ച് ജീവിച്ചശേഷം ഒടുവിൽ വേർപിരിയുന്നത് യുക്തിക്ക് നിരക്കാത്തത്’

സീമ തപാരിയ | Instagram
സീമ തപാരിയ | Instagram

നെറ്റ്ഫ്ലിക്സിലെ 'ഇന്ത്യൻ മാച്ച് മേക്കിംഗ്' (Indian Matchmaking) എന്ന ഷോയിലൂടെ പ്രശസ്തയായ വിവാഹ കൺസൾട്ടന്റാണ് സീമ തപാരിയ. പാശ്ചാത്യ രാജ്യങ്ങളിലെ ഡേറ്റിങ് രീതികളെയും ഇന്ത്യയിലെ പരമ്പരാഗത രീതികളെയും സീമ താരതമ്യം ചെയ്ത് നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു.

വർഷങ്ങളോളം പ്രണയിച്ച് പരസ്പരം പരീക്ഷിക്കുന്ന ആധുനിക രീതിയെക്കാൾ പരമ്പരാഗതമായ തീരുമാനങ്ങൾ എടുക്കുന്നതാണ് നല്ലതെന്ന് സീമ പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ആളുകൾ വർഷങ്ങളോളം ഒന്നിച്ച് ജീവിച്ച ശേഷം ഒടുവിൽ വേർപിരിയുന്നതിൽ അവർ അത്ഭുതം പ്രകടിപ്പിച്ചു. ഇത് യുക്തിക്ക് നിരക്കാത്തതാണെന്നാണ് അവരുടെ പക്ഷം. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിനോട് (BBC Asian Network) അവർ പറഞ്ഞതിങ്ങനെ:

"പാശ്ചാത്യ രാജ്യങ്ങളിൽ ആളുകൾ ഒന്ന്, രണ്ട് അല്ലെങ്കിൽ മൂന്ന് വർഷം വരെ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നു. അതിനുശേഷം അവർ പറയും 'ഇല്ല, ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല' എന്ന്. എങ്കിൽ പിന്നെന്തിനാണ് അവർ മൂന്ന് വർഷം കളഞ്ഞത്?" ഡേറ്റിങ് വെറും സമയനഷ്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.

“പരസ്പരം ചേരുമോ എന്ന് തീരുമാനിക്കാൻ 2-3 മാസം ധാരാളമാണ്. വിവാഹമാണ് ലക്ഷ്യമെങ്കിൽ അഞ്ച് വർഷം വരെ നീട്ടിക്കൊണ്ടുപോകേണ്ട ആവശ്യമില്ല.” അഞ്ച് വർഷം കഴിഞ്ഞിട്ടും ഒരാളെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് സാധിക്കുകയെന്നും അവർ ചോദിക്കുന്നു. തന്റെ ക്ലയന്റുകളോട് 2-3 മാസത്തിനുള്ളിൽ 'അതെ' അല്ലെങ്കിൽ 'അല്ല' എന്ന് വ്യക്തമായ ഉത്തരം നൽകാൻ താൻ ആവശ്യപ്പെടാറുണ്ടെന്നും അവർ വ്യക്തമാക്കി.

ട്രോളുകളോടും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോടും തനിക്ക് പേടിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. "നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പബ്ലിസിറ്റി നല്ലതാണ്. ട്രോൾ ചെയ്യുന്നത് ആളുകളുടെ ജോലിയാണ്. എല്ലാവരും നല്ലത് തന്നെ എഴുതണം എന്നില്ലല്ലോ."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Seema Taparia, famous from `Indian Matchmaking`, criticizes Western dating culture, advocating for traditional Indian approaches and quick decisions for marriage. Learn more!