സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സ്ത്രീകള്‍ ഒഴിവാക്കണം ഈ ശീലങ്ങള്‍

പ്രതീകാത്മകചിത്രം (AI Generated)
പ്രതീകാത്മകചിത്രം (AI Generated)

വരുമാനം ഉണ്ടെങ്കില്‍ പോലും സ്ത്രീകളെ എന്നും സാമ്പത്തിക പാരതന്ത്ര്യത്തില്‍ തളച്ചിടുന്നത് അവര്‍ പോലും അറിയാത്ത, ശ്രദ്ധിക്കാത്ത ചില ശീലങ്ങളോ പ്രവര്‍ത്തികളോ ആണ്. അവ കണ്ടെത്തി മാറ്റം വരുത്തേണ്ടത് ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടാന്‍ അത്യാവശ്യമാണ്. ഇതാ സ്ത്രീകള്‍ തിരിച്ചറിഞ്ഞ് മാറ്റാന്‍ ശ്രമിക്കേണ്ട ചില ശീലങ്ങള്‍

1. അവസാനിപ്പിക്കണം ഇഎംഐ ജീവിതം

ഇഎംഐയില്‍ നിന്ന് ഇ.എം.ഐയിലേക്കുള്ള ജീവിതമണ് പല സ്ത്രീകളുടെയും. വായ്പാ ലഭിക്കാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്, വ്യവസ്ഥാപിതമായ സ്ഥാപനങ്ങളില്‍ നിന്ന് പോലും. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വായ്പ കിട്ടും. ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്കുള്ളില്‍ നിന്ന് മോഹിച്ചതെന്തും ഒറ്റ ക്ലിക്കില്‍ സ്വന്തമാക്കാം. പല സാധനങ്ങളുടെയും യഥാര്‍ത്ഥ വില എത്രയെന്ന് പോലും ആരും നോക്കാറില്ല. പകരം ഇഎംഐ വിലയാണ് ശ്രദ്ധേയം. നിങ്ങള്‍ ഇത്തരം ശീലത്തിനുടമായാണ് എങ്കില്‍ ഉറപ്പായും അത് നിങ്ങളെ വലിയ കടക്കെണിയിലേക്ക് നയിക്കും. മോഹിച്ചത് സ്വന്തമാക്കണം എങ്കില്‍ അതിന് പണം വേണം. കയ്യില്‍ ഇപ്പോള്‍ ഇല്ലെങ്കില്‍ അതിനുള്ള പണം സമാഹരിക്കാനുള്ള വഴികളാണ് നോക്കേണ്ടത്. പാഴ്ചിലവുകള്‍ കുറച്ചും മിച്ചം പിടിച്ചും ധൂര്‍ത്ത് ഒഴിവാക്കിയും നിങ്ങള്‍ സ്വപ്നം കാണുന്നതെന്തും സ്വന്തമാക്കാം എന്നിരിക്കേ എന്തിന് കൊള്ളപ്പലിശയുടെ പിടിയില്‍ അകപ്പെടണം.

2. സമ്പാദിക്കണമെന്ന് ഒരു ചിന്ത മാത്രം

അമിത സമ്പാദ്യവും ആപത്താണ്. ജീവിതം സന്തോഷിക്കാനും ആസ്വദിക്കാനും ഉള്ളതാണ്. കിട്ടുന്നതിന്റെ നല്ലൊരു പങ്കും ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി മിച്ചം പിടിച്ച് ഇപ്പോഴത്തെ ജീവിതത്തെ നരകതുല്യമാക്കുന്നതിലും അര്‍ഥമില്ല. ഇന്നത്തെ ചെറിയ സന്തോഷങ്ങളെ ഭാവിയിലെ വലിയ സന്തോഷങ്ങള്‍ക്കായി ത്യജിക്കുന്നതാണ് സമ്പാദ്യം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് അമിത സമ്പാദ്യം ആപത്ത് വരുത്തിവെയ്ക്കും. ഇന്നത്തെ എല്ലാ ചെറിയ സന്തോഷങ്ങളുടെയും ശോഭ ഭാവിയിലെ ആവശ്യത്തിനുവേണ്ടി കെടുത്തിക്കളയണം എന്നില്ല. പിശുക്കല്ല സമ്പാദ്യം എന്നതും മറക്കരുത്.

3. കടക്കെണി വന്നാലും വിദഗ്ധ ഉപദേശം തേടില്ല

രോഗം വന്നാല്‍ ഡോക്ടറെ കാണും. കേസില്‍ അകപ്പെട്ടാല്‍ വക്കീലിനെ കാണും. പക്ഷേ കടക്കെണിയിലായാല്‍ ആരെയും കണ്‍സള്‍ട്ട് ചെയ്യില്ല. സ്വയം ചികിത്സ വിധിക്കും. ജീവിതത്തില്‍ നിന്നുതന്നെ ഒളിച്ചോടും. കൂടെയുള്ളവരെയും കൂടെ കൂട്ടും. കടക്കെണിമൂലം ജീവിതം പ്രതിസന്ധിയിലായ ഭൂരിഭാഗം പേര്‍ക്കും അതില്‍ നിന്ന് പുറത്തുകടക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ മുന്നിലുണ്ടാകും. പക്ഷേ അത് ഫലപ്രദമായി ഉപയോഗിക്കാനുള്ള മനസാന്നിധ്യം പലര്‍ക്കും കാണില്ല. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടാല്‍ ഉറപ്പായും വിദഗ്ധ ഉപദേശം തേടണം.

4. ജോലി പോകുമോ എന്ന് പേടി

വരുമാനത്തിന് അവസരങ്ങള്‍ നിരവധിയുണ്ട് ഇന്ന്. ഒരു ജോലി നഷ്ടപ്പെട്ടാലോ ഒരു ബിസിനസ് തകര്‍ന്നാലോ അത് ജീവിതത്തിന്റെ അവസാനമല്ല. അധ്വാനിക്കാനുള്ള മനസുള്ള എല്ലാവര്‍ക്കുമുന്നിലും ഈ ലോകം അവസരങ്ങളുടെ വലിയ വാതായനമാണ് തുറന്നിട്ടിരിക്കുന്നത്. പാര്‍ടൈം ജോലി മുതല്‍ ലഘു സംരംഭങ്ങള്‍ വരെ വിജയിപ്പിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരാണ് നമുക്കുചുറ്റും. കൂലിപ്പണിക്ക് എത്തി സംരംഭകരായി മാറിയ അന്യസംസ്ഥാന തൊഴിലാളികള്‍വരെ നിരവധിയുള്ള നമ്മുടെ നാട്ടില്‍ ആശയവും പോസിറ്റീവ് ചിന്താഗതിയും മാത്രം മതി വിജയിക്കാന്‍. ബാക്കിയെല്ലാം ഒരുക്കുന്ന ഒരു ഇക്കോ സിസ്റ്റം ഇവിടെയുണ്ട് ഇപ്പോള്‍. അത് പ്രയോജനപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവരണം.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the habits holding women back from financial independence. Learn how to break free and achieve financial freedom.