നീയെന്നെ കരയിപ്പിക്കുമോ എന്ന് സാറയോട് രൺവീർ; നിങ്ങൾ അമാനുഷികനെന്ന് സാറ

വിവാദങ്ങൾക്കും ചർച്ചകൾക്കുമിടയിലേക്കാണ് 'ധുരന്ധർ' റിലീസായത്. രൺവീർ സിങ്, സാറാ അർജുൻ എന്നിവർ നായികാനായകൻമാരായ സിനിമയിൽ, അർജുൻ രാംപാൽ, അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരുമുണ്ട്. സ്പൈ ആക്ഷൻ ത്രില്ലറാണ് സിനിമ. റോ ഏജന്റായിട്ടാണ് സിനിമയിൽ രൺവീർ. നല്ല കളക്ഷനുമായി സിനിമ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 130 കോടിക്ക് ഒടിടി സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ളിക്‌സ് കരസ്ഥമാക്കുകയും ചെയ്തു.
സിനിമ റിലീസാവുന്നതിനുമുമ്പ് തന്നെ 40-കാരനായ രൺവീർ സിങ്ങും നായികയായ സാറ അർജുനും തമ്മിലുള്ള പ്രായവ്യത്യാസം ചർച്ചയായിരുന്നു. 20 വയസ്സ് വ്യത്യാസമാണ് അവർക്കിടയിലുള്ളത്. അതിനെ ഒരുകൂട്ടം ആളുകൾ ചോദ്യം ചെയ്തു.
ഇപ്പോഴിതാ സാറാ അർജുന്റെ ഒരു പോസ്റ്റാണ് ചർച്ചയാവുന്നത്. രൺവീറിനെ പ്രശംസിച്ചുകൊണ്ടാണ് സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. ''എന്റെ വാക്കുകൾ ഒരിക്കലും എനിക്ക് തോന്നുന്നതിനോട് നീതി പുലർത്തില്ല. പക്ഷേ ഞാൻ ശ്രമിക്കാം. ഒരു യഥാർത്ഥ നടൻ അമാനുഷികനാണെന്ന് അവർ പറയുന്നു: പരിധിയില്ലാത്തവൻ, നിർഭയൻ...നിങ്ങൾ അതെല്ലാമാണ്. ലോകം നിങ്ങളുടെ മിടുക്ക് കാണുമ്പോൾ, എല്ലാ ദിവസവും നിങ്ങളുടെ സഹാനുഭൂതിയും ഉദാരതയും കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നിങ്ങളെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ കാര്യം മറ്റൊന്നാണ്. ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും ഉയർത്തുന്ന, പിടിച്ചുനിൽക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, സംരക്ഷിക്കുന്ന, വെളിച്ചം കൊണ്ടുവരുന്ന ഒരാൾ. അങ്ങനെ ഒരാൾ ആവാനുള്ള നിങ്ങളുടെ സന്നദ്ധതയാണ്. ഒരു മാലാഖയും അങ്ങനെയാണ് ചെയ്യുന്നത്. മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുമ്പോൾ യഥാർത്ഥത്തിൽ സന്തോഷിക്കുന്ന അപൂർവം ആളുകളിൽ ഒരാളാണ് നിങ്ങൾ. എന്റെ നല്ല ദിവസങ്ങൾ എന്റേതിനേക്കാൾ സന്തോഷത്തോടെ നിങ്ങൾ ആഘോഷിച്ചു'', സാറ എഴുതുന്നു.
വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായത്. തൊട്ടുപിന്നാലെ അതിനുമറുപടിയുമായി രൺവീർ എത്തി. ''മതിയാക്കൂ ഭ്രാന്തി പെണ്ണേ...നീയെന്നെ കരയിപ്പിക്കുമോ? ഈ നിമിഷം ആസ്വദിക്കൂ! ലോകം നിന്റേതാണ്! ഒന്നിനും നിന്നെ തടയാൻ കഴിയില്ല'', രൺവീർ പറഞ്ഞു.
സാറ നായികയാവുന്ന ആദ്യത്തെ സിനിമയാണ് 'ധുരന്ധർ'. തെലുഗുവിൽ 'യുഫോറിയ'യിലാണ് ഇനി സാറ അഭിനയിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exploring the buzz around Ranveer Singh and Sara Arjun`s `Dhurandhar`. Sara`s heartfelt post praises Ranveer, igniting fan discussions