‘ക്രിയാത്മകമായ വിമര്‍ശനങ്ങളെ വിലമതിക്കുന്നു, എല്ലാവര്‍ക്കും നിങ്ങളെ അറിയില്ല. എല്ലാവരും അറിയേണ്ട ആവശ്യവുമില്ല’

വ്യക്തിപരമായതോ അല്ലെങ്കില്‍ തന്നെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളയോ ആയ നിരന്തരമായ ട്രോളുകളും വിമര്‍ശനങ്ങളും നേരിടുന്നത് എളുപ്പമല്ലെന്ന് പറയുകയാണ് നടി സാറ അലി ഖാൻ.
''ക്ഷണിച്ചാലും ഇല്ലെങ്കിലും എല്ലാ ദിശകളില്‍ നിന്നും അഭിപ്രായങ്ങള്‍ വരും. എന്നാല്‍ കാലക്രമേണ, ഒരുതരം മെന്റല്‍ ഫില്‍റ്റര്‍ ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ പഠിച്ചു. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ജോലിയെക്കുറിച്ചുള്ളതാണെന്നും അത് എന്നെ വളരാനും പഠിക്കാനും മെച്ചപ്പെടാനും സഹായിക്കുന്നു എന്നും ഞാന്‍ സ്വയം ഓര്‍മ്മിപ്പിക്കുന്നു. ഞാന്‍ അതിനെ ശരിക്കും വിലമതിക്കുന്നു.''
''എന്നാല്‍ അത് വ്യക്തിപരമാകുമ്പോഴോ, അല്ലെങ്കില്‍ നിങ്ങളെ ഉയര്‍ത്തുന്നതിന് പകരം താഴ്ത്തിക്കെട്ടാനാണ് ഉദ്ദേശമെന്ന് തോന്നുമ്പോഴോ, ഞാന്‍ അത് ഉള്ളിലേക്ക് എടുക്കാതിരിക്കാന്‍ ശ്രമിക്കുന്നു. എല്ലാവര്‍ക്കും നിങ്ങളെ അറിയില്ല. എല്ലാവരും അറിയേണ്ട ആവശ്യമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്റെ മൂല്യങ്ങള്‍, എന്റെ ഉദ്ദേശ്യങ്ങള്‍, സ്‌ക്രീനിന് പുറത്ത് എന്നെ അറിയുന്ന ആളുകള്‍ എന്നിവയുമായി മുന്നോട്ടുപോവുന്നതാണ് ഏറ്റവും പ്രധാനം'' അവര്‍ കൂട്ടിച്ചേര്‍ത്തു.
''സത്യം പറഞ്ഞാല്‍, ഒരു മനുഷ്യനെന്ന നിലയില്‍ ചില ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ എന്നെ ബാധിക്കാറുണ്ട്. അതൊരു കുഴപ്പമല്ല. എന്നാല്‍ ഞാന്‍ എപ്പോഴും എന്റെ ജോലി, കുടുംബം, ദിനചര്യ, സുഹൃത്തുക്കള്‍, യാഥാര്‍ഥ്യബോധം എന്നിവയിലേക്ക് മടങ്ങിവരുന്നു. ദിവസാവസാനം, നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ അഭിമാനിക്കുകയും അതിലൂടെ വളരുകയും ചെയ്യുന്നുണ്ടെങ്കില്‍, അതുമാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രധാനം. മിക്ക സമയത്തും ഞാന്‍ വളരെ ഊര്‍ജ്ജസ്വലയാണ്, പക്ഷേ എനിക്കും മോശം ദിവസങ്ങളുണ്ട്! നമ്മളെല്ലാവരും മനുഷ്യരാണ്. പക്ഷേ ഉത്കണ്ഠയും സങ്കടവും തോന്നുന്നത് തികച്ചും സാധാരണമാണെന്ന് ഞാന്‍ പഠിച്ചു''.
നടന്മാരായ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളാണ് സാറ. 2018-ല്‍ അന്തരിച്ച സുശാന്ത് സിങ് രാജ്പുത്തിനൊപ്പം 'കേദാര്‍നാഥ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിനൊപ്പം രോഹിത് ഷെട്ടിയുടെ 'സിംബ', 'കൂലി നമ്പര്‍ 1', 'അത്രംഗി രേ', 'സരാ ഹട്കെ സരാ ബച്കെ' തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: sara ali khan shares her strategies for handling online trolling and personal criticism. learn how she uses mental filters, values her support system, and embraces her emotions to stay grounded.