“കരിഷ്മയുടെ മക്കളോട് പ്രിയ, 'സിന്‍ഡ്രെല്ലയുടെ രണ്ടാനമ്മ'യെപ്പോലെ പെരുമാറുന്നു”

പ്രിയ സച്ച്ദേവ് കപൂർ( PTI) സഞ്ജയ് കപൂർ മകളോടൊപ്പം (instagram)
പ്രിയ സച്ച്ദേവ് കപൂർ( PTI) സഞ്ജയ് കപൂർ മകളോടൊപ്പം (instagram)

വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുക്കളെച്ചൊല്ലിയുള്ള പിന്തുടര്‍ച്ചാവകാശ തര്‍ക്കം നീണ്ടുപോവുകയാണ്. പ്രിയ സച്ച്‌ദേവ് കപൂര്‍ തങ്ങളോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന 'സിന്‍ഡ്രെല്ലയുടെ രണ്ടാനമ്മയെ' പോലെയാണെന്ന് കരിഷ്മ കപൂറിന്റെ മക്കള്‍ ആരോപിച്ചു.

സഞ്ജയ് കപൂറിന്റെയും രണ്ടാമത്തെ ഭാര്യയും നടിയുമായ കരിഷ്മ കപൂറിന്റെയും മക്കളാണ് സമൈറയും കിയാനും. പ്രിയ കപൂര്‍ തങ്ങളുടെ ന്യായമായ ഓഹരികള്‍ വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയും സ്വത്തുക്കള്‍ സ്വന്തം മക്കളുടെ പേരിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ മാസം ആരംഭിച്ച 30,000 കോടി രൂപയുടെ പിന്തുടര്‍ച്ചാവകാശ തര്‍ക്കം ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. സമൈറയെയും കിയാനെയും ഒഴിവാക്കാനും എസ്റ്റേറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണം നേടാനുമായി പ്രിയ ഹാജരാക്കിയ വില്‍പത്രം വ്യാജമാണെന്ന് സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി വാദിച്ചു. 2025 മാര്‍ച്ച് 21 തീയതി വെച്ച ഒരു വില്‍പത്രമാണ് വിവാദങ്ങളുടെ കേന്ദ്രബിന്ദു.

ഇത് പ്രകാരം സഞ്ജയ് കപൂറിന്റെ മുഴുവന്‍ വ്യക്തിഗത സ്വത്തുക്കളും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യ പ്രിയ സച്ച്‌ദേവ് കപൂറിന് നല്‍കിയിരിക്കുന്നു. പ്രിയയും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമാണ് ഈ വില്‍പത്രമെന്ന് ആരോപിച്ച് കുട്ടികള്‍ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. പിതാവിന്റെ സ്വത്തില്‍ ഓഹരി ആവശ്യപ്പെട്ട് വിഭജന ഹര്‍ജിയും നല്‍കി. സഞ്ജയ് കപൂറിന് 'സ്വന്തം വില്‍പത്രത്തില്‍ ഒരു പങ്കുമില്ലായിരുന്നു' എന്ന് മഹേഷ് ജഠ്മലാനി ആരോപിച്ചു.

ഇതൊരു അസ്വാഭാവികമായ പെരുമാറ്റവും സംശയാസ്പദമായ സാഹചര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വില്‍പത്രം വായിച്ചതില്‍, അത് ഒരു വ്യാജരേഖയാണെന്ന് എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. ആത്മാഭിമാനമുള്ള ഒരു അഭിഭാഷകനും ആ വില്‍പത്രത്തിന്റെ നിര്‍മ്മാണത്തിന്റെ ഖ്യാതി ഏറ്റെടുക്കില്ല.

ഇത്രയും വലിയ എസ്റ്റേറ്റ് കൈമാറ്റം ചെയ്യുമ്പോള്‍ സഞ്ജയ് കപൂറിനെപ്പോലൊരാള്‍ ഒരു അഭിഭാഷകനെ സമീപിക്കാതെയും അദ്ദേഹത്തെക്കൊണ്ട് വില്‍പത്രം തയ്യാറാക്കിക്കാതെയും ഇരിക്കുക എന്നത് അസാധ്യമാണ്... ആരാണ് ഇത് തയ്യാറാക്കിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. അതൊരു അഭിഭാഷകനല്ല' അദ്ദേഹം തുടര്‍ന്നു.

കോടതി രേഖകള്‍ പ്രകാരം, വില്‍പത്രം കരിഷ്മ കപൂറിന്റെ മക്കള്‍ക്ക് കുടുംബ ട്രസ്റ്റില്‍ വെറും 26% ഓഹരി മാത്രമാണ് നല്‍കുന്നത്. അതേസമയം, പ്രിയയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അസാരിയസും ചേര്‍ന്ന് സ്വത്തുക്കളുടെ ഏകദേശം നാലില്‍ മൂന്ന് ഭാഗവും നിയന്ത്രിക്കുന്നു.

'മക്കള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് പ്രിയയ്ക്ക് എല്ലാം കൈക്കലാക്കാനുള്ള തിടുക്കമായിരുന്നു' ജഠ്മലാനി ബെഞ്ചിനോട് പറഞ്ഞു. പ്രിയ, സമൈറയോടും കിയാനോടും 'ദുഷ്ടയായ സിന്‍ഡ്രെല്ലയുടെ രണ്ടാനമ്മയെപ്പോലെ' പെരുമാറിയെന്നും, അവരെ ഒതുക്കാനും സ്വന്തം കുടുംബത്തിനുള്ളില്‍ സമ്പത്തും അധികാരവും ഉറപ്പിക്കാനും ഗൂഢാലോചന നടത്തിയെന്നും അഭിഭാഷകന്‍ ആരോപിച്ചു.

പ്രിയ സച്ച്‌ദേവ് കപൂറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് നായര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. 'സഞ്ജയ് കപൂറിന്റെ മരണത്തിന് വളരെ മുമ്പുതന്നെ വില്‍പത്രം ശരിയായ രീതിയില്‍ തയ്യാറാക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു' എന്ന് അദ്ദേഹം വാദിച്ചു. കുട്ടികള്‍ നല്‍കിയ ഹര്‍ജി 'നിലനില്‍ക്കുന്നതല്ല' എന്നും രേഖയുടെ ആധികാരികതയെ സമകാലികമായ തെളിവുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: karisma kapoor`s children allege step-mother priya sachdev kapoor`s vindictive actions in a 30,000 crore inheritance battle over businessman sanjay kapoor`s assets. delhi high court hears forged will claims.