ലാലിന്റെ ചുവടുകള്‍ക്ക് സംഗീതം നല്‍കിയത് ബിജിബാല്‍, പാടിയത് സംഗീത ശ്രീകാന്ത്

സ്‌ത്രൈണഭാവത്തില്‍ മോഹന്‍ലാല്‍ പകര്‍ന്നാടിയ വിൻസ്മേര ജുവൽസിന്റെ പരസ്യം നിമിഷനേരം കൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. രണ്ടുമൂന്ന് ദിവസമായി സോഷ്യല്‍മീഡയയിലെ ചര്‍ച്ചയും അതുതന്നെ. തുടരും സിനിമ തീര്‍ത്ത അതേ ഓളംതന്നെ മോഹന്‍ലാല്‍- പ്രകാശ് വര്‍മ്മ കൂട്ടുകെട്ടിന് ഈ പരസ്യചിത്രത്തിലൂടെയും സാധിച്ചുവെന്നാണ് പലരുടെയും വിലയിരുത്തല്‍. പരസ്യചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിന് ഭാവംപകര്‍ന്ന ശബ്ദത്തെത്തേടിയും അഭിനന്ദനങ്ങളെത്തുകയാണ്. ബിജിബാല്‍ സംഗീതം നല്‍കിയ ഗാനം പാടിയത് സംഗീത ശ്രീകാന്താണ്. അപ്രതീക്ഷിതമായി തേടിയെത്തിയ ആ സന്തോഷത്തെപ്പറ്റി സംസാരിക്കുകയാണ് സംഗീത.
“വീഡിയോ കണ്ടപ്പോള്‍ എനിക്കും സര്‍പ്രൈസായിരുന്നു. കാരണം ഇത്രപെട്ടെന്ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് റെക്കോഡ് ചെയ്തത് മൂന്നാല് മാസം മുമ്പാണ്. പക്ഷേ റിലീസാകാന്‍ വൈകുമെന്നാണ് പറഞ്ഞിരുന്നത്. പരസ്യചിത്രം ആളുകള്‍ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. ബിജിബാല്‍ സര്‍ പറഞ്ഞുതന്നതുപോലെ ഞാന്‍ പാടുകയായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടമുള്ള കര്‍ണാടിക് സംഗീത പദമാണിത്. സ്വാതിതിരുനാള്‍ രചിച്ച് ചേര്‍ത്തല ആര്‍. ഗോപാലന്‍ നായര്‍ ചിട്ടപ്പെടുത്തിയ ‘അളിവേണിയെന്തുചെയ് വൂ’ എന്ന കൃതിയാണ്. സ്വാതികൃതികളില്‍ ഭാവത്തിന് പ്രസിദ്ധമാണിത്.
മോഹന്‍ലാല്‍ സാറിനെ വെച്ച് പ്രകാശ് വര്‍മ്മ ഒരുക്കുന്ന പരസ്യചിത്രം, അതുതന്നെയായിരുന്നു എനിക്കും ആവേശം പകര്‍ന്നത്. പ്രകാശ് സാറുമായി നേരിട്ട് പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ ഒരുപാടിഷ്ടമാണ്. പ്രകാശ് സര്‍ ഇല്ലാത്ത സമയത്തായിരുന്നു ഈ പാട്ടിന്റെ റെക്കോഡിങ്. ലാല്‍ സര്‍ അഭിനയിച്ച വിഷ്വലുകള്‍ കണ്ടുകൊണ്ടാണ് ഞാന്‍ പാടിയത്. ചിത്രത്തിന്റെ ആശയം തന്നെയാണ് ഹൈലൈറ്റ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്ന ഒരു ഉള്ളടക്കം. ലാലേട്ടന്‍ അതിമനോഹരമായി അത് അവതരിപ്പിക്കുകയും ചെയ്തു. അപ്പോഴേ ഇതൊരു സംസാരവിഷയമായി മാറുമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ, വൈറലാകുന്നത് ഏത് രീതിയിലാകുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ദൈവാനുഗ്രഹം കൊണ്ട് എല്ലാവരും സ്വീകരിച്ചു. വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.”
2007-ല്‍ മോഹന്‍ലാല്‍ നായകനായ ‘ഛോട്ടാമുംബൈ’ എന്ന സിനിമയിലെ ‘പൂനിലാ മഴ നനയും പാതിരാ കുരുവികളേ’ എന്ന പാട്ടുപാടികൊണ്ടാണ് സിനിമാപിന്നണി ഗാനരംഗത്ത് സംഗീത ചുവടുവെക്കുന്നത്. ‘മഹേഷിന്റെ പ്രതികാര’ത്തിലെ ‘തെളിവെയിലഴകും’, ‘എബി’യിലെ ‘പാറിപ്പറക്കൂ കിളി’, ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ സിനിമയിലെ ‘അരികില്‍ പതിയെ ഇടനെഞ്ചില്‍’...തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം സംഗീത പാടിയ ശീമാട്ടി, നിറപറ എന്നിവയുടെ ജിംഗിള്‍സുകളും ശ്രദ്ധേയമാണ്.
“ഈയിടെ റിലീസായ ജങ്കാറില്‍ ഒരുപാട്ട് പാടിയിട്ടുണ്ട്. തെലുഗുവില്‍ പാടിയത് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ മലയാളത്തില്‍ ബിജിയേട്ടന്‍ സംഗീതം നല്‍കിയ ഒരു പാട്ട് കൂടി പാടിയിട്ടുണ്ട്. അടുത്തിടെ ചെയ്ത ഇന്‍ഡിപെന്‍ഡന്റ് വര്‍ക്ക് ആയ ‘മായ ഗോപബാല’ മ്യൂസിക് സിംഫണിക്ക് നല്ല പ്രതികരണങ്ങള്‍ കിട്ടുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള സംഗീത വീഡിയോകള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്.” സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയാണ് സംഗീതയുടെ ഭര്‍ത്താവ്. മകന്‍ മാധവന്‍ പ്ലസ്ടുവിന് പഠിക്കുന്നു.
Content Highlights: sangeetha sreekanth's voice glows in mohanlal's ad