ഗ്ലാമറില്ല, പകരം സുഖപ്രദമായ വിശ്രമം; വേറിട്ട 'മെറ്റേണിറ്റി ഷൂട്ടുമായി' സാമന്ത

നടി സാമന്ത റൂത്ത് പ്രഭു തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് സാമന്തയും ഭർത്താവും സംവിധായകനുമായ രാജ് നിദിമോരുവും. മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ വൻ ആഘോഷമാക്കുന്ന സിനിമാ ലോകത്ത്, തികച്ചും വ്യത്യസ്തവും നർമ്മം നിറഞ്ഞതുമായ ഒരു ചിത്രവുമായാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നടി ഈ ചിത്രം പങ്കുവെച്ചത്. സോഫയിലെ കുഷ്യനുകളിൽ ചാരി വളരെ ശാന്തമായി വിശ്രമിക്കുന്നതാണ് ചിത്രം. ചുവന്ന പ്രിന്റഡ് ടോപ്പും വെള്ള ട്രൗസറുമാണ് വേഷം. കറുത്ത സൺഗ്ലാസ് ധരിച്ച്, കാലുകൾ നീട്ടിവെച്ച് വയറിൽ കൈകൾ ചേർത്തുപിടിച്ചാണ് താരം ഇരിക്കുന്നത്.

"ഇതിനെ എന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കൂ" എന്ന രസകരമായ അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. താരത്തിന്റെ ലാളിത്യവും തമാശ നിറഞ്ഞ സമീപനവും, ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

കുഞ്ഞു ജനിക്കുന്നതിന് മുന്നോടിയായി വീട്ടിൽ ഒരുക്കങ്ങൾ നടത്തുന്ന ചിത്രങ്ങളും സാമന്ത പങ്കുവെച്ചിരുന്നു. കുഞ്ഞിനായുള്ള ബേബി മോണിറ്റർ ഫ്ലോർ സ്റ്റാൻഡ് ഉറപ്പിക്കുന്ന രാജിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ താരം പോസ്റ്റ് ചെയ്തിരുന്നു. വരുന്ന ഡിസംബറോടെ സാമന്തയ്ക്കും രാജിനും കുഞ്ഞ് ജനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ പുതിയ ചിത്രമായ 'മാ ഇന്റി ബംഗാരം' വിജയാഘോഷ ചടങ്ങിൽ വെച്ചാണ് സാമന്ത, താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവിലെ സിനിമാ കരാറുകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിൽ നിന്ന് മെറ്റേണിറ്റി ബ്രേക്ക് എടുക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

"എന്റെ ഇപ്പോഴത്തെ അവസ്ഥ കാരണം ഒരു ചെറിയ ഇടവേള എടുക്കേണ്ടതുണ്ട്. അതിനുശേഷം കൂടുതൽ നല്ല ചിത്രങ്ങളുമായി ഞാൻ എന്റെ ആരാധകർക്ക് മുന്നിലേക്ക് തിരിച്ചെത്തും," എന്നായിരുന്നു ചടങ്ങിൽ സാമന്തയുടെ വാക്കുകൾ.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സാമന്തയും രാജ് നിദിമോരുവും തമ്മിലുള്ള വിവാഹം. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Samantha Ruth Prabhu shared a unique, cozy, and humorous maternity photo on Instagram., She is expecting her first child with husband Raj Nidimoru, with the baby due in December 2026., Samantha confirmed her pregnancy during the success meet of her film 'Maa Inti Bangaram' and announced a temporary break from acting., The couple got married on December 1, 2025, at the Isha Foundation in Coimbatore.