ഉപ്പുവെള്ളത്തിൽ ലയിക്കുന്ന പ്ലാസ്റ്റിക്കോ? പുതിയ കണ്ടുപിടിത്തവുമായി ജപ്പാൻ

ജലത്തിലോ, മണ്ണിലോ കിടന്ന് നശിച്ച് പോകാത്ത, കത്തിച്ചാൽ പോലും പരിണിതഫലം ഉണ്ടാക്കുന്ന ഒരു വസ്തു. വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങി കടയിൽ നിന്ന് എന്ത് വാങ്ങുമ്പോഴും ഒരു പ്ലാസ്റ്റിക് കവർ നമ്മളോടൊപ്പം വീട്ടിലെത്തും. കടലിൽ പോലും എണ്ണമറ്റ പ്ലാസ്റ്റിക്കാണ് ഓരോ തിരയിലും ഒഴുകിയെത്തുന്നത്. പ്ലാസ്റ്റിക്കുകൾ വിഘടിക്കാൻ പ്രയാസമാണ്, അവ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ വരെ പരിസ്ഥിതിയിൽ നിലനിൽക്കുകയും വന്യജീവികൾക്കും മനുഷ്യർക്കും ദോഷം വരുത്തുകയും ചെയ്യും.
ദിനംപ്രതി കൂടിവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ശാസ്ത്രജ്ഞർ. കടൽ വെള്ളത്തിൽ അലിഞ്ഞ് ചേർന്ന് അവശിഷ്ടങ്ങൾ അവശേഷിപ്പിക്കാതെ നശിച്ച് പോകുന്ന പുതിയ തരം പ്ലാസ്റ്റിക്കാണ് അവർ കണ്ടെത്തിയിരിക്കുന്നത്. സമുദ്രമലിനീകരണം തടയുന്നതിലും ഇതൊരു പുതിയ നാഴികക്കല്ലാണ്.
പ്ലാസ്റ്റിക്കിനെ പ്രകൃതിക്ക് ദോഷം ചെയ്യാതെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയുടെ ഫലമായാണ് ഇത്തരത്തിലൊരു പ്ലാസ്റ്റിക്കിന്റെ ഉദയം. നിരവധി പരീക്ഷണങ്ങൾക്ക് ശേഷം സോഡിയം ഹെക്‌സമെറ്റഫോസ്‌ഫേറ്റ്, ഗ്വാനിഡിയം അയോൺ അധിഷ്ഠിത മോണോമറുകൾ എന്നിവ സംയോജിപ്പിച്ചാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
ഉപ്പുവെള്ളത്തിൽ അലിയുന്ന പുതിയ പ്ലാസ്റ്റിക് നൈട്രജനും, പോസ്ഫറസും അവശേഷിപ്പിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. എന്നാൽ ഇത് മനുഷ്യർക്കോ കടൽ ജീവികൾക്കോ ഉപദ്രവം ഉണ്ടാക്കുന്ന തരത്തിലല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയായി വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ബയോഡീഗ്രേഡബിൾ പദ്ധതികൾക്കും ഉൽപ്പന്നങ്ങൾക്കും ഡിമാൻഡ് കൂടും.
ജപ്പാനിലെ റിക്കൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെ (CEMS) ടാകുസോ ഐഡയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഈ പുതിയ തരം പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്തത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Japanese scientists develop a new type of plastic that dissolves in saltwater, offering a potential solution to plastic pollution and ocean contamination.