സൽമാൻ ഖാൻ ബിരിയാണി കഴിക്കുന്നതിനിടയിൽ തന്നെ അവർ തലയിൽ ഇൻജക്ഷൻ എടുക്കാൻ തുടങ്ങി

ബോളിവുഡിന്റെ 'ഭായ്ജാൻ' എന്നറിയപ്പെടുന്ന സൽമാൻ ഖാൻ, തന്റെ വേറിട്ട ജീവിതശൈലി കൊണ്ട് എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. സിനിമയ്ക്കപ്പുറം അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നിർമ്മാതാവ് ശൈലേന്ദ്ര സിങ് ഇപ്പോൾ. 'സൈറസ് സേയ്സ്' എന്ന പരിപാടിയിലാണ് അദ്ദേഹം ഈ രസകരമായ സംഭവം വെളിപ്പെടുത്തിയത്.
കണ്ണാടി നോക്കി ഭക്ഷണം കഴിക്കുന്ന സൽമാൻ
വർഷങ്ങൾക്ക് മുൻപ്, സൽമാന്റെ ഗാലക്സി അപ്പാർട്ട്മെന്റിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. "അന്ന് തിങ്കളാഴ്ചകളിൽ ഞങ്ങൾ സൽമാന്റെ വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നു. അടുക്കളയിലെ ചെറിയ ഡൈനിങ് ടേബിളിൽ ഇരുന്ന് കണ്ണാടിയിൽ നോക്കിയാണ് സൽമാൻ ഭക്ഷണം കഴിച്ചിരുന്നത്. നമ്മൾ അടുത്തിരുന്നാണ് സംസാരിക്കുന്നതെങ്കിലും കണ്ണാടിയിലൂടെയായിരിക്കും അദ്ദേഹം നമ്മളെ നോക്കുക," - ശൈലേന്ദ്ര സിങ് ഓർത്തെടുത്തു.
ബിരിയാണിക്കൊപ്പം ഹെയർ ട്രീറ്റ്മെന്റ്
സൽമാന് മുടി കൊഴിച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് സെലിബ്രിറ്റി മാനേജർ രേഷ്മ ഷെട്ടി ചൂണ്ടിക്കാണിച്ച സമയമായിരുന്നു അത്. സംസാരിച്ചിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരാൾ റൂമിലേക്ക് കടന്നുവന്നു. ആ വ്യക്തി ഗ്ലൗസ് ധരിച്ച് കയ്യിൽ സിറിഞ്ചുമായി വന്നു.
സൽമാൻ ബിരിയാണി കഴിക്കുന്നതിനിടയിൽ തന്നെ അയാൾ തലയിൽ ഇൻജക്ഷൻ എടുക്കാൻ തുടങ്ങി. ഇത് കണ്ട് അത്ഭുതപ്പെട്ട ശൈലേന്ദ്ര 'എന്താണ് സംഭവിക്കുന്നത്?' എന്ന് ചോദിച്ചപ്പോൾ "ഒരു സൂപ്പർസ്റ്റാർ ആകാൻ ചില വിലയൊക്കെ കൊടുക്കേണ്ടി വരും സഹോദരാ..." എന്നായിരുന്നു സൽമാന്റെ മറുപടി. പിന്നീടാണ് അത് PRP (Platelet-Rich Plasma) ട്രീറ്റ്മെന്റ് ആയിരുന്നുവെന്ന് ശൈലേന്ദ്ര മനസിലാക്കുന്നത്.
എന്താണ് PRP?
വ്യക്തിയുടെ സ്വന്തം രക്തം എടുത്ത് അതിലെ പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുത്ത് മുടി കൊഴിച്ചിലുള്ള ഭാഗത്ത് കുത്തിവെക്കുന്ന രീതിയാണിത്. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു. അക്കാലത്ത് ഇത് വളരെ അപൂർവ്വമായിരുന്നുവെങ്കിലും ഇന്ന് ഹൃതിക് റോഷൻ അടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ഇത്തരം ചികിത്സകൾ ചെയ്യാറുണ്ടെന്ന് ശൈലേന്ദ്ര കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Producer Shailendra Singh shares a unique anecdote about Salman Khan's grooming habits., The incident occurred at Salman Khan's Galaxy Apartment during a Monday gathering., Salman Khan underwent a PRP hair treatment session while casually eating biryani., The superstar justified the procedure by stating that being a celebrity comes with sacrifices., PRP treatment is now a common practice among Bollywood stars like Hrithik Roshan.