‘ഒരു ദിവസം 19 മണിക്കൂർ ജോലി ചെയ്യും, അവൻ ഇതിലും വലിയ വിജയം അർഹിക്കുന്നു’’- സായ് അഭ്യങ്കറിനെക്കുറിച്ച് ഹരിണി

പെട്ടെന്നുതന്നെ സോഷ്യൽമീഡിയയിലെ വെെറൽതാരമായ സംഗീതസംഗീതസംവിധായകനാണ് സായ് അഭ്യങ്കർ. സായ് യുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനുമുമ്പുതന്നെ ഏറ്റെടുത്ത പ്രോജക്റ്റുകളുടെ എണ്ണത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. 20-ാം വയസ്സിൽ രണ്ട് കോടി രൂപ പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകനെന്ന പട്ടവും സായ് ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. പ്രദീപ് രംഗനാഥനും മമിത ബെെജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡൂഡ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ, സായ് അഭ്യങ്കറിന്റെ മാതാപിതാക്കളും ഗായകരുമായ ടിപ്പുവും ഹരിണിയും മകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇത്രയും കുറഞ്ഞ കാലം കൊണ്ട് സായ് ഇത്ര വലിയ വിജയം നേടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു അച്ഛൻ ടിപ്പുവിന്റെ വാക്കുകൾ. അതേസമയം ഹരിണി പറഞ്ഞതിങ്ങനെ, "അവന്റെ അർപ്പണബോധവും കഠിനാധ്വാനവും വെച്ച് അവൻ ഇതിലും വലിയ വിജയം അർഹിക്കുന്നു. അവൻ ഒരു ദിവസം ഏകദേശം 19 മണിക്കൂർ ജോലി ചെയ്യുന്നു, അത് എങ്ങനെ സാധിക്കുന്നു എന്ന് ഞങ്ങൾക്കാർക്കും അറിയില്ല."
ഷെയ്ൻ നിഗം നായകനായ ബൾട്ടി സായിയെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകനാക്കിയെന്ന് സഹനിർമ്മാതാവ് സന്തോഷ് ടി കുരുവിള വെളിപ്പെടുത്തിയിരുന്നു.
സായിയുടെ സംഗീതത്തിൽ പുറത്തിറങ്ങുന്ന ആദ്യ തിയേറ്റർ റിലീസ് 'ബൾട്ടി' ആണെങ്കിലും, അദ്ദേഹത്തിന്റെ സംഗീതസംവിധായകനായുള്ള അരങ്ങേറ്റം ലോകേഷ് കനകരാജ് നിർമ്മിച്ച് രാഘവ ലോറൻസും നിവിൻ പോളിയും പ്രധാന വേഷങ്ങളിലെത്തുന്ന വരാനിരിക്കുന്ന 'ബെൻസ്' എന്ന ചിത്രമാണ്.
'കച്ചി സേരാ', 'ആസ കൂട' തുടങ്ങിയ ആൽബങ്ങളിലൂടെ സായ് ഏവരുടെയും ഹൃദയം കീഴടക്കിയിരുന്നു. വിവിധ ഭാഷകളിലായി ഒന്നിലധികം പ്രോജക്റ്റുകളുടെ തിരക്കിലാണ് സായ്. അതിനെക്കുറിച്ച് സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിൽ സായ് പറഞ്ഞതിങ്ങനെ: " എന്നോടൊപ്പം ജോലി ചെയ്യുന്ന നിർമ്മാതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും അവരവരുടെ മേഖലയിലെ പ്രഗത്ഭരാണ്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ, എന്നെപ്പോലുള്ള ഒരു പുതുമുഖം തുടർച്ചയായി വലിയ പ്രോജക്റ്റുകൾക്ക് അർഹനാണോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ, എന്നെ പരിഗണിക്കുന്നതിന് മുൻപ് ഒരു നിർമ്മാതാവോ സംവിധായകനോ തീർച്ചയായും രണ്ടുതവണ ചിന്തിച്ചിട്ടുണ്ടാകില്ലേ? ഈ അവസരങ്ങളൊന്നും എനിക്ക് സ്വാധീനം കൊണ്ട് ലഭിച്ചതല്ല, യഥാർഥ ബന്ധങ്ങളിലൂടെ ലഭിച്ചതാണ്."
ഇതിനോടകം തന്നെ ഡൂഡിലെ ഊരും ബ്ലഡ് എന്ന ഗാനവും സോഷ്യൽമീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sai Abhyankar`s parents, Tipu and Harini, praise his dedication and hard work in music.