ജസ്റ്റിൻ ബീബറിന്റെ മുൻ കാമുകി 34-ാം വയസിൽ അന്തരിച്ചു, കുഞ്ഞ് ജനിച്ചത് മാസങ്ങൾക്ക് മുമ്പ്

സഹാറ റേ
സഹാറ റേ

പോപ് താരം ജസ്റ്റിൻ ബീബറിന്റെ മുൻകാമുകിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്ന ഓസ്ട്രേലിയൻ മോഡൽ സഹാറ റേ (34) അന്തരിച്ചു. മകൾ 'സ്നോ'യ്ക്ക് ജന്മം നൽകി മാസങ്ങൾക്ക് ശേഷമാണ് വിടവാങ്ങൽ. തിങ്കളാഴ്ച സഹാറയുടെ കുടുംബം മരണവാർത്ത സ്ഥിരീകരിച്ചു. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യമെന്നാണ് വിവരം. മരണകാരണം ഇതുവരെ കുടുംബം പുറത്തുവിട്ടിട്ടില്ല. അതേസമയം, മോഡൽ സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മോഡൽ മുൻപ് വെളിപ്പെടുത്തിയിരുന്നു. പ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്ന അപൂർവ്വ രോഗമായ ഗില്ലൻ-ബാരെ സിൻഡ്രോം (Guillain-Barre syndrome) തനിക്ക് ബാധിച്ചിട്ടുണ്ടെന്ന് 2024 ഏപ്രിലിലാണ് അവർ വെളിപ്പെടുത്തിയത്. ഈ രോഗാവസ്ഥ കാരണം, അവർ ഭാഗികമായി തളരുകയും കുറേക്കാലം നടക്കാൻ സാധിക്കാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു.

മരവിപ്പും പേശികളുടെ ബലഹീനതയും മുതൽ ഗുരുതരമായ കേസുകളിൽ പക്ഷാഘാതം വരെ ഉണ്ടാക്കാൻ ഗില്ലൻ-ബാരെ സിൻഡ്രോമിന് സാധിക്കുമെന്ന് മയോ ക്ലിനിക്ക് പറയുന്നു.

ഇക്കൊല്ലം ജനുവരിയിലാണ് സഹാറ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുമ്പ്, തന്റെ സന്തോഷവും ആശങ്കയും പങ്കുവെച്ച് അവർ ആരാധകർക്കായി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

"എനിക്ക് ഭാഗ്യം ആശംസിക്കൂ. ഇന്ന് രാത്രി 8 മണിക്ക് എനിക്ക് പ്രസവ വേദനയ്ക്കുള്ള മരുന്ന് നൽകും. ഒരുപാട് സന്തോഷമുണ്ട്, ഒപ്പം ഭയവുമുണ്ട്," അവർ എഴുതി. പിന്നീട് ഏപ്രിലിൽ, തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന് മകൾ 'സ്നോ'യെ അവർ വീഡിയോയിലൂടെ പരിചയപ്പെടുത്തി. "ബേബി സ്നോ ഹല്ലേലൂയ" എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. ജൂലൈയിൽ പങ്കുവെച്ച തന്റെ അവസാന പോസ്റ്റിലും മകളുടെ ചിത്രമാണുണ്ടായിരുന്നത്.

പ്രശസ്ത സർഫർ ടോണി റേയുടെ മകളാണ് സഹാറ. 2016-ൽ ജസ്റ്റിൻ ബീബറുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരും ഹവായിയിൽ ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2023-ൽ സംഗീതജ്ഞൻ മോഡ് സണ്ണുമായി (Mod Sun) സഹാറ ഡേറ്റിങ്ങിലാണെന്ന വിവരങ്ങളുണ്ടായിരുന്നു. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സുഹൃത്തുക്കളും ആരാധകരും സോഷ്യൽ മീഡിയയിലൂടെ സഹാറയെ അനുസ്മരിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Australian model Sahara Ray passes away at 34 in a hospital., Her death occurs months after welcoming her daughter, Snow, in January.