ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും കാട്ടിലെ മൗഗ്ലിയും

മൗഗ്ലിയെ ഓര്‍ക്കുന്നില്ലേ ? ബഗീര എന്ന കരിമ്പുലിക്കും ബാലു എന്ന കരടിക്കും കാ എന്ന പെരുമ്പാമ്പിനുമൊപ്പം കാട്ടില്‍ കളിച്ചു നടന്ന, ചെന്നായ്ക്കള്‍ വളര്‍ത്തിയ മൗഗ്ലി. പുസ്തകമായും സിനിമയായും കാര്‍ട്ടൂണായും ചിത്രകഥയായും ലോകം പരിചയപ്പെട്ട കഥാപാത്രമാണ് മൗഗ്ലി. റഡ്യാഡ് കിപ്ലിങ് എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ ഭാവനാസൃഷ്ടി. ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന കിപ്ലിങ്ങിന്റെ അനശ്വരസൃഷ്ടിയായ 'ദി ജംഗിള്‍ ബുക്കിന്' പശ്ചാത്തലമായതും ഇന്ത്യ തന്നെ. പക്ഷേ, ഇന്ത്യയ്ക്കെതിരെ ഇത്രയും വിഷം തുപ്പിയ മറ്റൊരു എഴുത്തുകാരന്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാക്കളെയും അവഹേളിക്കാനും അധിക്ഷേപിക്കാനും കിപ്ലിങ് എന്നും ഊര്‍ജസ്വലനായിരുന്നു. ഇന്ത്യയെ ബ്രിട്ടന്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നത് ഇന്ത്യയുടെ തന്നെ നന്മയ്ക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്രവാദം. 1899-ല്‍ പ്രസിദ്ധീകരിച്ച കിപ്ലിങ്ങിന്റെ 'വൈറ്റ് മെന്‍സ് ബേഡന്‍' എന്ന കവിത കൊളോണിയലിസത്തിന്റെ മുഖപ്രസംഗമായി മാറി. വളര്‍ച്ചയെത്താത്ത, പാതി പിശാചുക്കളായ, ക്ഷാമങ്ങളും പട്ടിണിയും രോഗങ്ങളും കൊണ്ട് വലഞ്ഞ ദുഖിതരായ കാട്ടാളന്മാരായാണ് കോളനിയിലെ ജനങ്ങളെ കവിത ചിത്രീകരിക്കുന്നത്. അവര്‍ക്ക് സംരക്ഷണം നല്‍കി, മനുഷ്യസംസ്‌കാരത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കുക എന്ന അതികഠിനമായ ദൗത്യമാണത്രെ ബ്രിട്ടീഷുകാര്‍ നിര്‍വഹിക്കുന്നത്. ഈ ധാര്‍മിക ഭാരത്തെ, അങ്ങേയറ്റം ശ്രമകരമായ, ദുരിതപൂര്‍ണമായ ഉത്തരവാദിത്തത്തെ നിറവേറ്റുന്ന ബ്രിട്ടീഷ് പുരുഷത്വത്തെ കവിത വാനോളം പ്രശംസിക്കുന്നു.
ഇന്ത്യ തനിക്കു നല്‍കിയ നിറങ്ങള്‍ ഉപയോഗിച്ച് ലോകസാഹിത്യത്തില്‍ മുന്നേറുമ്പോഴും ഇന്ത്യയോടുള്ള കിപ്ലിങ്ങിന്റെ വിരോധം മാറിയില്ല. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു ജാലിയന്‍വാലബാഗ് കൂട്ടക്കുരുതി.
സമാധാനത്തിന്റെയും ശാന്തിയുടെയും യുഗപുരുഷനായ ഗാന്ധിജി പോലും ഒന്നാംലോക മഹായുദ്ധത്തില്‍ ബ്രിട്ടനെ പിന്തുണച്ചിരുന്നു. യുദ്ധാനന്തരം ഇന്ത്യയ്ക്ക് സെല്‍ഫ് ഗവണ്മെന്റ് സ്ഥാപിക്കാന്‍ അവകാശം നല്‍കുമെന്ന ബ്രിട്ടീഷ് വാഗ്ദാനത്തെ അദ്ദേഹം വിശ്വസിച്ചു. ഗാന്ധിയുടെ തീരുമാനം മാനിച്ച് മറ്റ് സ്വാതന്ത്ര്യ സമരസേനാനികളും മനസ്സില്ലാമനസ്സോടെ യുദ്ധത്തെ പിന്താങ്ങി. യുദ്ധം ജയിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് വാക്കുമാറി. വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഇന്ത്യന്‍ നേതാക്കന്മാര്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. കലാപകാരികളെ നേരിടാന്‍ ബ്രിട്ടന്‍ ആയുധമാക്കിയത് കരിനിയമം എന്ന് പില്‍ക്കാലത്ത് കുപ്രസിദ്ധി നേടിയ റൗലറ്റ് ആക്ടാണ്.
നിരന്തരപ്രക്ഷോഭങ്ങളില്‍ പഞ്ചാബ് പ്രക്ഷുബ്ധമായി. കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങുമെന്ന് പഞ്ചാബ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കല്‍ ഒ. ഡയറിനു ബോധ്യമായി. അദ്ദേഹം കൂടുതല്‍ സൈനികരെ വിന്യസിച്ചു. തൊട്ടടുത്ത ദിവസം, ഏപ്രില്‍ 11 ന് മാര്‍സെല്ല ഷെര്‍വുഡ് എന്ന ബ്രിട്ടീഷ് വനിത ഇന്ത്യന്‍ കലാപകാരികളാല്‍ ആക്രമിക്കപ്പെട്ടു. ഒരു ബ്രിട്ടീഷ് വ്യക്തിക്ക് നേരെ കടന്നാക്രമണം നടത്താനുള്ള ഇന്ത്യക്കാരുടെ ധൈര്യം അധികാരികളെ ചൊടിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു.
ജാലിയൻവാലാ ബാഗിലെ കിണർ
ഇതൊന്നുമറിയാതെ വസന്തോത്സവമായ വൈശാഖി ആഘോഷിക്കാന്‍ ജാലിയന്‍ വാലാബാഗ് മൈതാനത്തെത്തിയ സാധാരണക്കാര്‍ക്ക് നേരെ കമാന്റര്‍ റെജിനാള്‍ഡ് ഡയറുടെ സൈന്യം വെടിയുതിര്‍ത്തു. മൈതാനത്തിന് ഒറ്റ കവാടം മാത്രമാണുണ്ടായിരുന്നത്. അവിടെ സൈനികര്‍ തോക്കുകളേന്തി നിന്ന് നിര്‍ത്താതെ നിറയൊഴിച്ചു. ഓടി രക്ഷപ്പെടാന്‍ പോലുമാകാതെ മനുഷ്യര്‍ ഈയാംപാറ്റകളെപ്പോലെ വീണുമരിച്ചു. മരണവെപ്രാളത്തില്‍ ചിതറിയോടുന്നവരുടെ ചവിട്ടുകൊണ്ടും കുറേപ്പേര്‍ മരണപ്പെട്ടു. ഒറ്റ ഉണ്ട പോലും പാഴായില്ല എന്നാണ് ഡയര്‍ അഭിമാനത്തോടെ പറഞ്ഞത്. വെടിവെയ്പ്പിനു ശേഷം ഡയര്‍ മൈതാനത്തിന്റെ കവാടം അടച്ചിട്ടു. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നവര്‍ പോലും ഏപ്രിലിന്റെ കൊടുംവെയില്‍ താങ്ങാനാവാതെ മരണമടഞ്ഞു.
അവിടംകൊണ്ടും തീര്‍ന്നില്ല റെജിനാള്‍ഡ് ഡയറിന്റെ ക്രൂരത. ബിട്ടീഷ് വനിത ആക്രമിക്കപ്പെട്ട നിരത്തിലൂടെ ഇന്ത്യക്കാര്‍ക്ക് നടക്കാന്‍ അവകാശമില്ലെന്നായി. അവര്‍ ഇഴഞ്ഞുപോകണം. എതിര്‍ത്തവര്‍ക്കു നേരെ ലാത്തി വീശി. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും തദ്ദേശീയര്‍ ഭയന്നു. മരുന്നടക്കമുള്ള അവശ്യസാധങ്ങള്‍ വാങ്ങാന്‍ പറ്റാതെ പൊതുജനം വലഞ്ഞു. പരസ്യമായ ചാട്ടവാറടികള്‍ അരങ്ങേറി. അതിനായി പ്രത്യേകം വേദികള്‍ കെട്ടിയുയര്‍ത്തിയിരുന്നു.
അരുംകൊലയുടെ കണക്കുകള്‍ പുറത്തുവരാതെ മൂടിവെക്കാനുള്ള ശ്രമങ്ങള്‍ ഏതാനും മാസങ്ങള്‍ വിജയിച്ചു. പക്ഷേ, പതിയെ ഇന്ത്യയ്ക്കുള്ളിലും പുറത്തും നിരായുധരായ ആയിരങ്ങള്‍ വെടിയേറ്റ് മരിച്ച ദുരന്തകഥ പരസ്യമായി. അതിക്രൂരമായ നരഹത്യ ലോകമനഃസാക്ഷിക്ക് മുന്നില്‍ ബ്രിട്ടനെ ഒറ്റപ്പെടുത്തി. മാനവികതയ്ക്ക് നീതി കിട്ടാന്‍ ബ്രിട്ടീഷുകാരായ അനേകം പേര്‍ തെരുവിലിറങ്ങി ഇന്ത്യയ്ക്കായി ശബ്ദമുയര്‍ത്തി. നടപടിയെടുത്തേ പറ്റൂ എന്ന നിലയിലായി ബ്രിട്ടീഷ് പാര്‍ലമെന്റ്. അന്വേഷണങ്ങള്‍ നടന്നു. വിചാരണകള്‍ ഉണ്ടായി. ഒടുവില്‍ 1920-ല്‍ ഹണ്ടര്‍ കമ്മിറ്റി നിര്‍ദേശപ്രകാരം റെജിനാള്‍ഡ് ഡയര്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.
എലിസബത്ത് 2 രാജ്ഞിയും എഡിൻബറോ ഡ്യൂക്കും
അമൃത്സറിന്റെ കശാപ്പുകാരന്റെ എന്ന പേര് അതിനോടകം പതിഞ്ഞുപോയ ഡയറിനെ ചേര്‍ത്തുപിടിക്കാന്‍ കിപ്ലിങ് മുന്നിരയിലുണ്ടായിരുന്നു. 'ദി മോര്‍ണിംഗ് പോസ്റ്റ്' എന്ന പത്രം അന്യായമായി പിരിച്ചുവിടപ്പെട്ട ഡയറിനായി ധനസമാഹരണം നടത്തി. കിപ്ലിങ് ഉദാരമായ സംഭാവന നല്‍കിയെന്ന് മാത്രമല്ല, പത്രം നടത്തിയ പ്രചാരണത്തിന് പരസ്യം തയ്യാറാക്കുക കൂടി ചെയ്തു. ''ഇന്ത്യയുടെ രക്ഷകന്‍'' എന്നാണ് കിപ്ലിങ് ഡയറിനെ വിളിച്ചത്.
മനുഷ്യമൂല്യങ്ങളുടെ അപ്പോസ്തലന്മാരായി, സ്‌നേഹത്തിന്റെ ദൂതന്മാരായി, നന്മയുടെ വറ്റാത്ത തെളിനീരായി സാഹിത്യത്തെയും സാഹിത്യകാരന്മാരെയും ലോകം കാണുന്നു. അനീതി എന്നും പേനയെ ഭയപ്പെട്ടിരുന്നു. എന്നാല്‍ അനീതിയെയും അസമത്വത്തെയും മൃഗീയകുറ്റകൃത്യങ്ങളെയും ന്യായീകരിക്കാന്‍ സര്‍ഗ്ഗശേഷിയെ ഉപയോഗിച്ച കിപ്ലിങ്ങിനെയും ലോകം ഓര്‍ക്കണം.
Content Highlights: rudyard kipling and his infamous support of colonialism