കഥ കാശ്മീരിലാണ്, പാട്ടിൽ തണുപ്പ് തോന്നണമെന്ന് മണിരത്നം; റഹ്മാൻ ഒരുക്കിയ ‘റോജ’യിലെ നിത്യഹരിതഗാനങ്ങളുടെ കഥ

കഥ നടക്കുന്നത് കാശ്മീരിലാണ്; അതുകൊണ്ട് നല്ല കുളിര് വേണം പാട്ടില്‍ അത്രയേ പറഞ്ഞുള്ളൂ 'റോജ'യുടെ സംവിധായകന്‍ മണിരത്‌നം. പുതുമുഖ സംഗീതസംവിധായകന്റെ ഊഴമായിരുന്നു ആദ്യം. ഹൃദയഹാരിയായ ഒരീണം മെനഞ്ഞെടുത്ത് അതില്‍ മരം കോച്ചുന്ന തണുപ്പ് നിറച്ചു അദ്ദേഹം. പാട്ടെഴുത്തുകാരന്‍ ആ തണുപ്പൊരു നിലാമഴയാക്കി; പാട്ടുകാര്‍ ചേര്‍ന്ന് അതൊരു പ്രണയമഴയും. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ മഴ നനഞ്ഞുകൊണ്ടിരിക്കുന്നു നമ്മള്‍ സംഗീത പ്രേമികള്‍. മടുപ്പിന്റെ നേര്‍ത്ത കണിക പോലുമില്ലാതെ. ''പുതുവെള്ളൈമഴൈ ഇങ്ക് പൊഴികിന്‍ട്രത്, ഇന്ത കൊള്ളൈനിലാ ഉടല്‍ നനൈകിന്‍ട്രത്.'' എ.ആര്‍. റഹ്‌മാന്റെ ഈണത്തില്‍ വൈരമുത്തു എഴുതി ഉണ്ണിമേനോനും സുജാതയും പാടിയ ''റോജ''യിലെ ആ ഗാനം പുതുതലമുറക്കും ഏറെ പ്രിയങ്കരം.
''പാടുമ്പോള്‍ അത് ഇത്രത്തോളം ജനകീയമാകുമെന്നോ എക്കാലവും ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നോ ഒന്നും പ്രതീക്ഷിച്ചിട്ടില്ല.'' സിനിമയില്‍ തന്റെ തലക്കുറി തിരുത്തിയ പാട്ടിനെക്കുറിച്ച് ഉണ്ണിമേനോന്‍. ''പക്ഷേ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്നു അത്. ഇന്നും പുതുവെള്ളൈമഴൈ പാടാതെ സ്റ്റേജ് വിടാന്‍ സമ്മതിക്കില്ല ആളുകള്‍. തുടക്കം മുതല്‍ അവസാന ബിറ്റ് വരെ ശ്വാസമടക്കിപ്പിടിച്ച് പരിപൂര്‍ണ്ണ നിശ്ശബ്ദരായായാണ് അവരത് കേട്ടിരിക്കുക.''
Content Highlights: The making of Roja`s iconic song "Pudhu Vellai Mazhai," featuring A.R. Rahman, Unni Menon, and Sujatha, and its enduring legacy.