16-കാരിയും മുതിർന്ന സഹതാരവും തമ്മിലുള്ള ഇന്റിമേറ്റ് രംഗം, ‘ഇത് നിയമപരമാണോയെന്ന് സോഷ്യൽ മീഡിയ

സീരിയലിൽ നിന്നുള്ള ദൃശ്യം
സീരിയലിൽ നിന്നുള്ള ദൃശ്യം

‘റിംഝിം എന്ന ഹിന്ദി ടെലിവിഷൻ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡ് വലിയ വിവാദത്തിലായിരിക്കുകയാണ്. പ്രായപൂർത്തിയായ സഹതാരത്തോടൊപ്പം പ്രായപൂർത്തിയാകാത്ത നായികയെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിപ്പിച്ചു എന്ന പേരിലാണ് വിവാദം. ഒരു കൗമാരക്കാരിയും പ്രായപൂർത്തിയായ പുരുഷനും തമ്മിലുള്ള പ്രണയബന്ധമാണ് സീരിയലിലെ പ്രമേയം. 16 വയസുള്ള യാഷിക ശർമയും 24 വയസുള്ള ഹിമാൻഷു ആവസ്ഥിയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ജനുവരി 28 ബുധനാഴ്ച സംപ്രേഷണം ചെയ്ത പുതിയ എപ്പിസോഡിലാണ് വിവാദരംഗമുള്ളത്. നായകൻ നായികയുടെ മുമ്പിൽ വസ്ത്രമഴിക്കുന്നതും നായികയുടെ അഴിഞ്ഞ ബ്ലൗസ് ഇടാൻ സഹായിക്കുന്നതുമെല്ലാമാണ് രംഗത്തിലുള്ളത്. നായികയുടെ പുറംഭാഗത്തേക്ക് ക്യാമറ ഫോക്കസ് ചെയ്തതും ഓൺലൈനിൽ വലിയ രോഷത്തിന് കാരണമായി. മുൻപുള്ള മറ്റൊരു രംഗത്തിൽ ഇരുവരും കിടക്കയിൽ ഒരുമിച്ചു ചെലവിടുന്ന രംഗങ്ങളും വിവാദമായിരുന്നു.  

സീരിയർ പ്രക്ഷേപണം ചെയ്തതിനു പിന്നാലെ വിവാദരംഗങ്ങളുടെ ക്ലിപ്പുകളും സ്ക്രീൻഗ്രാബുകളും ബുധനാഴ്ച രാത്രിയോടെ റെഡിറ്റിൽ പ്രചരിച്ചു. 15 വയസുള്ള ഒരു കുട്ടി ഇത്തരത്തിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് ഏത് ലോകത്താണ് ശരിയാകുക?, ഇത് നിയമപരമായി എങ്ങനെ അനുവദനീയമാവും?, ഇത്തരം രംഗങ്ങളിൽ എന്തുകൊണ്ട് പ്രായപൂർത്തിയായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നില്ല എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ. 

“ഈ രാജ്യത്ത് അഭിനയിക്കാൻ നിയമപരമായി യോഗ്യതയുള്ള സ്ത്രീകൾ ഇല്ലേ? എന്തിനാണ് റൊമാന്റിക് വേഷങ്ങൾക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ടുവരുന്നത്? ഇത് അത്യന്തം അസഹ്യമാണ്”-എന്നും ഒരാൾ കമന്റ് ചെയ്തു. 

15–18 വയസ് പ്രായത്തിലുള്ള പെൺകുട്ടികളെ ഇന്ത്യൻ ടിവി സീരിയലുകൾ പതിവായി ലൈംഗികവൽക്കരിക്കുന്നുവെന്ന് ചിലർ ആരോപിച്ചു. യാഷികയുടെ മാതാപിതാക്കൾ ഇടപെട്ട് ഇതവസാനിപ്പിക്കണമെന്നാണ് മറ്റു ചിലർ ആവശ്യപ്പെട്ടത്. അതേസമയം, അഭിനേതാക്കളോ, നിർമ്മാണകമ്പനിയോ, ചാനലോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Controversy erupts over `Rimjhim` TV serial for featuring a 16-year-old actress in intimate scenes with an adult co-star. Netizens demand answers.