പെയിന്റിങ്ങില്‍ പതിറ്റാണ്ടുകള്‍ മറഞ്ഞിരുന്ന കുട്ടി; ‘എ ലേഡി ആന്‍ഡ് എ ജെന്റില്‍മാന്‍ ഇന്‍ ബ്ലാക്ക്'

എ ലേഡി ആൻഡ് എ ജെന്റില്‍മാൻ ഇൻ ബ്ലാക്ക് / gardnermuseum
എ ലേഡി ആൻഡ് എ ജെന്റില്‍മാൻ ഇൻ ബ്ലാക്ക് / gardnermuseum

അകാലത്തില്‍ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ എന്നും മനുഷ്യരെ വേട്ടയാടാറുണ്ട്. വേദനകളില്‍ ഉരുകിയുരുകി ശിഷ്ടകാലം ജീവിച്ചു തീര്‍ക്കുന്നവരും ഓര്‍മകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു ദുഃഖത്തിന്റെ കഥ പറയുന്ന 17-ാം നൂറ്റാണ്ടിലെ ഒരു കുടുംബചിത്രമുണ്ട്. 1633-ല്‍, റെംബ്രാന്റ് എന്ന ഡച്ച് കലാകാരന്‍ വരച്ച 'എ ലേഡി ആന്‍ഡ് എ ജെന്റില്‍മാന്‍ ഇന്‍ ബ്ലാക്ക്' എന്ന് പേരിട്ട ഒരു ബറോക്ക് ഓയില്‍ ഓണ്‍ ക്യാന്‍വാസ് പെയിന്റിങ്ങാണത്. 1990ലെ ഇസബെല്ല സ്റ്റുവര്‍ട്ട് ഗാര്‍ഡ്‌നര്‍ മ്യൂസിയം മോഷണത്തില്‍ നഷ്ടപ്പെട്ട ഏറ്റവും മൂല്യവത്തായ സൃഷ്ടികളില്‍ ഒന്നായിരുന്നു റെംബ്രാന്റിന്റെ 'എ ലേഡി ആന്‍ഡ് ജെന്റില്‍മാന്‍ ഇന്‍ ബ്ലാക്ക്'.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച ഒരു പുരുഷനും സ്ത്രീയുമാണ് ഇതിലുള്ളത്. സ്ത്രീ ഒരു കസേരയില്‍ ഇരിക്കുന്നതായും തൊട്ടടുത്ത് പുരുഷന്‍ നില്‍ക്കുന്നതായും കാണാം. വിശാലമായ അരികുകളുള്ള തൊപ്പിയും ഞൊറികളുള്ള കോളറുമുള്ള വസ്ത്രമാണ് പുരുഷന്‍ ധരിച്ചിരിക്കുന്നത്. പുരുഷന്റേതിന് സമാനമായി, കഴുത്തിനുചുറ്റും വലുതും ഞൊറികളുള്ളതുമായ കോളറോടുകൂടിയ ആഡംബര വസ്ത്രമാണ് സ്ത്രീ  ധരിച്ചിരുന്നത്. 1990ലെ മോഷണത്തില്‍ നഷ്ടപ്പെട്ട ഇവ പിന്നീട് തിരിച്ചെടുക്കാനായിട്ടില്ല. ആകെ പതിമൂന്ന് സൃഷ്ടികളാണ് അന്ന് മോഷ്ടിക്കപ്പെട്ടത്. മ്യൂസിയം ചുമരുകളില്‍ പെയിന്റിങ്ങുകള്‍ തൂക്കിയിരുന്നിടത്ത് ഇപ്പോള്‍ ശൂന്യമായ ഫ്രെയിമുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

മ്യൂസിയം ചുമരുകളിലെ ശൂന്യമായ ഫ്രെയിമുകൾ /gardnermuseum

എന്നാല്‍ ആ പെയിന്റിങ്ങില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് പിന്നീട് മ്യൂസിയം കണ്ടെത്തി. യാദൃശ്ചികമായിരുന്നു അത്.  മോഷണത്തിന് മുമ്പ് 1976-ല്‍ എടുത്ത പെയിന്റിങ്ങിന്റെ എക്‌സ്-റേ ചിത്രങ്ങളില്‍ ഒരു കുട്ടിയുടെ, പ്രത്യേകിച്ചും ഒരു ആണ്‍കുട്ടിയുടെ, സാന്നിധ്യം കാണാനായി. നഗ്‌നനേത്രങ്ങള്‍ക്ക് കാണാനാകാത്ത തരത്തില്‍ ചിത്രത്തിനുള്ളില്‍ പെയ്ന്റ് ചെയ്ത് മറച്ചുവെച്ച നിലയിലായിരുന്നു അത്. പിന്നീടിത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എപ്പോഴാണ് അല്ലെങ്കില്‍ എന്തിനാണ് ആണ്‍കുട്ടിയെ പെയിന്റിങ്ങില്‍ നിന്ന് നീക്കം ചെയ്തതെന്ന് കൃത്യമായി അറിയില്ലെങ്കിലും, ആ കുട്ടി മരിച്ചുപോയതാണെന്ന നിഗമനത്തിലേക്ക് ആളുകള്‍ എത്തി. പെയിന്റിങ്ങിലെ കുട്ടിയുടെ സാന്നിധ്യം റെംബ്രാന്റിന്റെ ഉപഭോക്താക്കള്‍ക്ക് സഹിക്കാന്‍ കഴിയാത്തത്ര വേദന നിറഞ്ഞ ഓര്‍മ്മപ്പെടുത്തലായതുകൊണ്ട് കുട്ടിയെ പെയിന്റ് ചെയ്ത് ഒഴിവാക്കി എന്നൊക്കെയായിരുന്നു അനുമാനങ്ങള്‍.

പിന്നീട് ചിത്രകാരനായ മരിയാനോ സങ്കല്ലിയുടെ സഹായത്തോടെ എക്‌സ്-റേ ചിത്രം മെച്ചപ്പെടുത്താന്‍ എഐ സൂപ്പര്‍ റെസല്യൂഷന്‍ ഉപയോഗിച്ചു. അത് കൃത്യമാക്കാന്‍ അദ്ദേഹം അക്കാലത്തെ വസ്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉപയോഗിച്ചു. അവസാന മിനുക്കുപണികള്‍ 2022 ഫെബ്രുവരി 14-ന്, വാലന്റൈന്‍സ് ദിനത്തില്‍ പൂര്‍ത്തിയായി. വളരെ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും ആ കുട്ടിയെ ഛായാചിത്രത്തിലേക്ക് സങ്കല്ലി തിരികെ വരച്ചുചേര്‍ത്തു. നില്‍ക്കുന്ന പുരുഷനും ഇരിക്കുന്ന സ്ത്രീക്കും ഇടയിലായാണ് കുട്ടിയുടെ സ്ഥാനം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: ai reveals a hidden child in Rembrandt`s `a lady and a gentleman in black,` stolen in 1990. Explore the mystery and restoration.