ഇഎംഐ അടച്ച് മടുത്തോ? പലിശ നിരക്കിലെ ചെറിയ കുറവ് വലിയ ആശ്വാസമാക്കി മാറ്റാം

ഇടത്തരക്കാരായ ശമ്പള വരുമാനക്കാരുടെ കുടുംബങ്ങളിൽ ഓരോ മാസവും ആവർത്തിക്കുന്ന ഒരു കാഴ്ചയുണ്ട്. ശമ്പളം അക്കൗണ്ടിൽ എത്തിയാലുടനെ എത്തിയതിനേക്കാൾ വേഗത്തിൽ അത് ഇഎംഐയുടെ രൂപത്തിൽ ആവിയായി പോകും. ചെറിയ തുക എന്തെങ്കിലും മിച്ചമുണ്ടായാൽ ഭാഗ്യം. പിന്നെ ക്രെഡിറ്റ് കാർഡിലായിരിക്കും കളി. ഭവനവായ്പ, വാഹനവായ്പ, വിദ്യാഭ്യാസവായ്പ, വ്യക്തിഗത വായ്പ- മാസച്ചെലവുകൾ തുടങ്ങുന്നതിന് മുമ്പേ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇതിനായി നീക്കിവെക്കപ്പെടുന്നു.
ഈ പശ്ചാത്തലത്തിലാണ് 2025-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഘട്ടംഘട്ടമായി നടപ്പാക്കിയ പലിശ നിരക്കിലെ കുറവ് ഇടത്തരക്കാർക്ക് ആശ്വാസമായി മാറുന്നത്. ഈ വർഷം നാലു പ്രാവശ്യമായി ആർബിഐ 1.25 ശതമാനം കുറവാണ് റിപ്പോ നിരക്കിൽ വരുത്തിയത്. ഡിസംബർ മാസത്തോടെ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനം ആയിട്ടാണ് കുറഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു ശതമാനത്തിന്റെ വ്യത്യാസം വളരെ ചെറിയ കുറവായി തോന്നാം. എന്നാൽ നാലും അഞ്ചും വായ്പകളുള്ളവർക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല.
റിപ്പോ നിരക്ക് കുറവ് യഥാർത്ഥത്തിൽ എന്താണ്?
ബാങ്കുകൾ റിസർവ് ബാങ്കിൽ വായ്പ എടുക്കുമ്പോൾ കൊടുക്കുന്ന പലിശനിരക്കാണ് റിപ്പോ നിരക്ക്. റിസർവ് ബാങ്ക് ഈ നിരക്ക് കുറയ്ക്കുമ്പോൾ, ബാങ്കുകൾക്ക് പണം കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്നു. അതോടെ ബാങ്കുകൾ ഇടാപാടുകർക്ക് നൽകിയിരിക്കുന്ന വായ്പയുടെ പലിശ നിരക്കിലും ആനുപാതികമായ കുറവ് വരുത്തും.
2019 ഒക്ടോബർ 1ന് ശേഷം എടുത്ത ഭൂരിഭാഗം റീട്ടെയിൽ വായ്പകളും എക്‌സ്റ്റേണൽ ബഞ്ച് മാർക്ക് ലെൻഡിംഗ് റേറ്റ് (External Benchmark Lending Rate (EBLR)-നോട് ബന്ധിപ്പിച്ചിരിക്കുന്നതാണ്.
ഇത് റിപ്പോ നിരക്കുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനാൽ റിപ്പോ നിരക്ക് കുറവിന്റെ ഗുണഫലം വായ്പയെടുത്തവർക്കു വേഗത്തിൽ ലഭിക്കുന്നു.
ഇഎംഐയിൽ എത്രത്തോളം കുറവ് വരും?
ഒരു സാധാരണ ഇടത്തരക്കാരന്റെ ഉദാഹരണം എടുത്തുനോക്കാം.
20 വർഷത്തേക്കുള്ള 50 ലക്ഷം രൂപയുടെ ഭവനവായ്പയാണെങ്കിൽ, 0.25 ശതമാനം പലിശ കുറവ് വന്നാൽ ഇഎംഐയിൽ ഏകദേശം775 മുതൽ 800 വരെ കുറവ് വരാം. ഒരു വർഷത്തിൽ ഇത് ഏകദേശം 9,500 രൂപയുടെ ലാഭമാണ്. 2025-ൽ ഉണ്ടായ 1.25 ശതമാനം മൊത്തം കുറവ് കണക്കിലെടുത്താൽ, വായ്പയുടെ കാലാവധിയിലുടനീളം ഒരു ലക്ഷം മുതൽ ലക്ഷങ്ങൾ വരെ പലിശ ലാഭം ലഭിക്കാം.
ഏത് വായ്പകൾക്കാണ് കൂടുതൽ ഗുണം?
ഭവനവായ്പകൾക്കാണ് ഏറ്റവും കൂടുതൽ ആശ്വാസം.വലിയ തുകയും ദീർഘകാലാവധിയും ഉള്ളതിനാൽ ചെറിയ പലിശ കുറവുപോലും വലിയ മാറ്റം സൃഷ്ടിക്കുന്നു. വാഹനവായ്പകളിലും ഇഎംഐയിൽ 1,500 മുതൽ 2,000 വരെ മാസ ലാഭം ലഭിക്കാം.
സാമ്പത്തിക ആസൂത്രണത്തിന് പുതിയ അവസരം
പലിശ ചെലവ് കുറയ്ക്കാനുള്ള അവസരം മാത്രമല്ല ഇത്. സാമ്പത്തികമായി ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ എടുക്കാനുള്ള അവസരംകൂടിയാണ്.
പലിശ നിരക്ക് കുറയ്ക്കുമ്പോൾ ബാങ്കുകൾ സാധാരണയായി ഇഎംഐ തുകയിൽ കുറവ് വരുത്തുകയാണ് ചെയ്യുന്നത്. എന്നാൽ വായ്പയെടുത്തവർ ആവശ്യപ്പെട്ടാൽ ഇഎംഐ തുക അതേപടി നിലനിർത്തി കാലാവധി കുറയ്ക്കാൻ കഴിയും. ഇത് വായ്പ വർഷങ്ങൾ മുമ്പേ തീർക്കാനും വലിയ പലിശ ലാഭിക്കാനും സഹായിക്കും. ഇപ്പോഴത്തെ കുറഞ്ഞ പലിശ കാലഘട്ടം ലോൺ റീഫൈനാൻസിംഗ്, ബാലൻസ് ട്രാൻസ്ഫർ എന്നിവ പരിഗണിക്കാനുള്ള നല്ല സമയവുമാണ്. അതിലുപരി, കുറഞ്ഞ ഇഎംഐകൾ മാസവരുമാനത്തിലെ കാഷ് ഫ്‌ളോ മെച്ചപ്പെടുത്താനും സഹായിക്കും. വിലക്കയറ്റത്തിന്റെ ഈ കാലത്ത് കുടംബ ബജറ്റിന് വലിയ ആശ്വാസം ഇതുമൂലം ലഭിക്കും.
മറുവശവും ശ്രദ്ധിക്കണം
റിപ്പോ നിരക്ക് കുറവിന്റെ ഗുണം ഉടൻ ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് പഴയ എംസിഎൽആർ അടിസ്ഥാന വായ്പകളിൽ നിരക്ക് കുറയ്ക്കാൻ ബാങ്കുകൾ കൂടുതൽ സമയം എടുത്തേക്കാം. അതുപോലെ തന്നെ സമ്പാദ്യം ബാങ്കിൽ ഇനി നിക്ഷേപിക്കുന്നവർക്ക് സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശയിലും കുറവ് സംഭവിക്കാം.
പലിശ ലാഭിക്കാൻ ഉടൻ ചെയ്യേണ്ടത്
- നിങ്ങളുടെ വായ്പ EBLR-ലിങ്ക്ഡ് ആണോ എന്ന് പരിശോധിക്കുക.
- ബാങ്കുമായി പലിശ കുറവ് സംബന്ധിച്ച് സംസാരിക്കുക
- ഇഎംഐ കുറയ്ക്കണോ, കാലാവധി കുറയ്ക്കണോ എന്ന് തീരുമാനിക്കുക
റിപ്പോ നിരക്ക് കുറവ് വായ്പാ ഭാരവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമല്ല. എന്നാൽ ബുദ്ധിപൂർവ്വമായി ഉപയോഗിച്ചാൽ കടബാധ്യത കുറയ്ക്കാനും കുടുംബ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi