'വിവാഹമോചനം കഴിയുംവരെ സിനിമയിൽ അഭിനയിക്കില്ല'; സ്വന്തം നിലപാട് തിരുത്തി രവി മോഹൻ

കുറച്ചുനാളുകളായി തമിഴ്‌നടൻ രവി മോഹന്റെ സ്വകാര്യജീവിതം വാർത്തകളിലിടം പിടിച്ചിട്ട് (Ravi Mohan Divorce Case). 2024-ൽ താനും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന് സോഷ്യൽമീഡിയയിലൂടെ രവി മോഹൻ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ തന്റെ അറിവോടെയല്ല ഇതെന്ന് ആർതി അറിയിച്ചതോടെ അവർ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പുതിയ മാനം കൈവന്നു. രവി ഗായിക കെനീഷ ഫ്രാൻസിസുമായി പ്രണയത്തിലാണെന്നും അതാണ് ഭാര്യയുമായി വേർപിരിയാൻ കാരണമെന്നും വാർത്തകൾ പരന്നു. പല ചടങ്ങുകളിലും ഒരേനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കെനീഷയും രവിയുമെത്തിയത് ആ അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി.
രവിയും ആർതിയും ആരോപണങ്ങളിലും പ്രത്യാരോപണങ്ങളിലും മുഴുകിയതോടെ കോടതി അത് തടയുകയും ചെയ്തു. ഇതിന്റെയെല്ലാം ഭാഗമായി രവിക്കും കെനീഷയ്ക്കുമെതിരെ കടുത്ത സൈബർ ആക്രമണങ്ങളുമുണ്ടായി. അപ്പോഴെല്ലാം കെനീഷ തന്റെ അടുത്ത സുഹൃത്താണെന്നാണ് രവി പറഞ്ഞത്. തന്റെ വിഷമങ്ങളിൽ അവൾ കൂട്ടായി നിന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നിട്ടും സൈബർ ആക്രമണം തുടർന്നുകൊണ്ടേയിരുന്നു. അവയ്‌ക്കൊടുവിൽ താൻ രവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് കെനീഷ അറിയിച്ചു. താൻ ചെന്നൈ വിടുകയാണെന്നും ഒപ്പം സംഗീതവും ഉപേക്ഷിക്കുകയാണെന്നും അവർ അറിയിച്ചു.
അതിനുപിന്നാലെ രവി വീണ്ടും രംഗത്തെത്തി. വിവാഹമോചനത്തിന്റെ കാര്യം തീരുമാനമാകാതെ ഒരു സിനിമയിലും താൻ അഭിനയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വിവാഹജീവിതം തകർത്തത് ഒരു നടിയാണെന്നും രവി ആരോപിച്ചു. എന്നാലിപ്പോൾ സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനം പിൻവലിക്കുന്നതായി രവി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു അവാർഡ്ദാനച്ചടങ്ങിൽവെച്ചാണ് അദ്ദേഹം ഇതുപറഞ്ഞത്. തന്റെ തെറ്റുകൾ മൂലം പലർക്കും വേദനിക്കേണ്ടി വന്നുവെന്നും അവരോട് ക്ഷമചോദിക്കുന്നതായും രവി പറയുന്നു.
ജെഎഫ്ഡബ്ല്യു അച്ചീവേഴ്‌സ് അവാർഡ്‌സിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ''ഈ വർഷം എനിക്ക് 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയും, അതായത് 23 വർഷത്തോളം ഞാൻ സിനിമയിലാണ് ചെലവഴിച്ചത്. എന്റെ ചെറിയൊരു തെറ്റ് നിങ്ങളെയെല്ലാം ഇത്രയധികം വേദനിപ്പിച്ചു എന്നത് ഖേദകരമാണ്. വ്യക്തിജീവിതവും തൊഴിലും എനിക്ക് തുല്യപ്രാധാന്യമുള്ളവയാണ്. എങ്കിലും വ്യക്തിജീവിതത്തിലെ വികാരങ്ങൾക്ക് അല്പം മുൻതൂക്കം നൽകിപ്പോയി''.
തുടർന്ന് താൻ എന്തുകൊണ്ടാണ് സിനിമയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ''ഞാനല്പം വൈകാരികമായിപ്പോയിരുന്നു; എന്നാൽ സിനിമാമേഖലയിലുള്ളവരെല്ലാം എന്നെ സമീപിച്ച് പറഞ്ഞു, 'നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ അംഗീകരിക്കാം, പക്ഷേ ഇനി സിനിമയുടെ ഭാഗമല്ലെന്ന് ഒരിക്കലും പറയരുത്.' അവരോടെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി ഞാനെന്റെ ആരാധകരെയും നിരാശപ്പെടുത്തില്ല. ഞാൻ തീർച്ചയായും തിരിച്ചുവരും. നിങ്ങളുടെ സന്തോഷം, സ്‌നേഹം, ഔദാര്യം എന്നിവ കണക്കിലെടുക്കുന്നു. എനിക്ക് ഈ ആത്മവിശ്വാസം നൽകിയ എല്ലാവർക്കും മുന്നിലും ഞാൻ നന്ദിയോടെ ശിരസ്സ് നമിക്കുന്നു''.
പത്രസമ്മേളനത്തിനിടെ താൻ വിങ്ങിപ്പൊട്ടിയതിനെയും ക്ഷോഭത്താൽ പൊട്ടിത്തെറിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ഇതിൽനിന്ന് നല്ലൊരു കാര്യം സംഭവിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. പലരും മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. സമാനമായ അവസ്ഥയിലൂടെ കടന്നുപോയ പലരും എന്നെ ബന്ധപ്പെട്ടു എന്നത് സന്തോഷം നൽകുന്നു. ഇന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് നിങ്ങളുടെ മുന്നിൽ നിൽക്കാൻ എനിക്ക് കഴിയുന്നുണ്ടെങ്കിൽ, അതിന് കാരണം എന്റെ ആരാധകർ മാത്രമാണ്. നിങ്ങളുടെ അനുഗ്രഹത്തോടെ എന്റെ പുതിയ ജീവിതം മുന്നോട്ട് പോകുന്നു'', രവി കൂട്ടിച്ചേർത്തു.
'പരാശക്തി'യാണ് രവി മോഹന്റെ അവസാനമിറങ്ങിയ ചിത്രം. ബെൻസ്, കരാത്തെ ബാബു തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ravi Mohan retracts his decision to quit acting during his divorce proceedings. The actor acknowledged that his emotional state during the crisis affected his professional commitments.