‘90 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിൽ നിന്ന് ചാടാൻ പറഞ്ഞു, എട്ടു മണിക്കൂറോളം വെള്ളത്തിനടിയിൽ കിടന്നു’

രശ്മിക മന്ദാന, സിനിമയുടെ പോസ്റ്റർ | Instagram
രശ്മിക മന്ദാന, സിനിമയുടെ പോസ്റ്റർ | Instagram

തന്റെ പുതിയ ചിത്രമായ 'മൈസ'യുടെ (Mysaa) ചിത്രീകരണ സമയത്തുണ്ടായ വെല്ലുവിളി നിറഞ്ഞ അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് നടി രശ്മിക മന്ദാന. ശാരീരികമായും മാനസികമായും ഏറെ അദ്ധ്വാനം ആവശ്യമായി വന്ന കഥാപാത്രമാണ് മൈസയിലേതെന്ന് സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിൽ താരം പറഞ്ഞു.

കേരളത്തിലെ കാടുകളിലും അതിരപ്പിള്ളിയിലുമായിരുന്നു പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ചിത്രീകരണത്തിനിടെ ചെറുതായി കാൽവഴുതിയാൽ പോലും വലിയ അപകടത്തിന് കാരണമാകുമായിരുന്നു എന്ന് രശ്മിക ഓർത്തെടുക്കുന്നു.

"ഈ സിനിമ എനിക്ക് പൂർണ്ണമായും പുതിയൊരു അനുഭവമായിരുന്നു. മൈസയ്ക്ക് വേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകിയാണ് അഭിനയിച്ചത്. ഒരു കുന്നിൻ മുകളിൽ നിന്ന് പരമാവധി വേഗതയിൽ ഓടാൻ സംവിധായകൻ ആവശ്യപ്പെട്ടു. വീണാൽ മറ്റു സിനിമകളുടെ ഷെഡ്യൂളിനെ ബാധിക്കുമെന്ന ഭയം കാരണം ഞാൻ വിസമ്മതിച്ചെങ്കിലും സംവിധായകൻ പിന്മാറാൻ തയ്യാറായില്ല," രശ്മിക പറഞ്ഞു.

ഉയരത്തെ ഭയമുള്ള തന്നോട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ 90 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടാനാണ് സംവിധായകൻ ആവശ്യപ്പെട്ടതെന്ന് താരം വെളിപ്പെടുത്തി. "ദിവസം മുഴുവൻ ഞാൻ പേടിച്ചു വിറയ്ക്കുകയായിരുന്നു. എട്ടു മണിക്കൂറോളം വെള്ളത്തിനടിയിൽ കിടക്കേണ്ടി വന്നു. ഞാൻ മീനാണോ എന്ന് തോന്നിപ്പോയി. അതുപോലെ തന്നെ സംഘട്ടന രംഗങ്ങളും വളരെ പ്രയാസമേറിയതായിരുന്നു."

നൃത്തം ചെയ്യുന്നതിനിടെ ഇടുപ്പിലെ ഞരമ്പിന് (Hip Tendon) ഗുരുതരമായി പരിക്കേറ്റ കാര്യവും രശ്മിക പങ്കുവെച്ചു. ഫുട്ബോൾ കളിക്കാരിൽ മാത്രം കണ്ടുവരുന്ന തരത്തിലുള്ള പരുക്കാണിതെന്നും ഇത് ഭേദമാകാൻ മൂന്ന് ആഴ്ചയോളം സമയം വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചതായി നടി വ്യക്തമാക്കി. ഇനിയും 12 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്നും സംവിധായകന്റെ സമർപ്പണം കാണുമ്പോൾ എത്ര കഷ്ടപ്പെടാനും താൻ തയ്യാറാണെന്നും താരം കൂട്ടിച്ചേർത്തു.

രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന 'മൈസ'യിൽ രശ്മികയ്ക്ക് പുറമേ സമുതിരക്കനി, ഈശ്വരി റാവു, താരക് പൊന്നപ്പ, ഗുരു സോമസുന്ദരം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം നവംബർ 27-ന് തിയേറ്ററുകളിലെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna shared grueling shooting experiences for her upcoming film 'Mysaa'., She performed a dangerous 90-feet waterfall jump in Athirappilly despite her fear of heights., She spent about eight hours underwater and suffered a severe hip tendon injury during dance sequences., The movie directed by Ravindra Pulle is scheduled to release in theaters on November 27.