'ധുരന്ധറി'ൽ രൺവീറിന് മൂന്ന് വാനിറ്റി വാനുകളോ? ഇത് ആർഭാടമെന്ന് പ്രേക്ഷകർ

രൺവീർ സിങ് / PTI
രൺവീർ സിങ് / PTI

ബോളിവുഡ് താരങ്ങളുടെ പ്രതിഫലമാണ് സിനിമകളുടെ നിർമാണച്ചെലവ് കൂട്ടുന്നതെന്ന് കുറച്ചുനാളുകളായി നടക്കുന്ന ചർച്ചകളാണ്. താരങ്ങൾക്കൊപ്പം അവരുടെ സഹായികളുടെ ചെലവും ചേരുമ്പോളാണ് ബജറ്റ് വല്ലാതെ കൂടുന്നത്. അതും ഒന്നോ രണ്ടോ സഹായികളായിരിക്കില്ല പല താരങ്ങൾക്കുമുണ്ടാവുന്നത്.

ഇതിനെതിരെ സംവിധായകരും നിർമാതാക്കളും രൂക്ഷമായി വിമർശനങ്ങൾ ഉയർത്താറുമുണ്ട്. അതിനെക്കുറിച്ച് ഒരിക്കൽ കരൺ ജോഹർ പറഞ്ഞതിങ്ങനെ, ''ചില അഭിനേതാക്കൾ എന്തിനാണ് എട്ട് പേരടങ്ങുന്ന സഹായികളുടെ സംഘവുമായി യാത്ര ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സഹായികളുടെ ആവശ്യങ്ങൾക്കായി ഞങ്ങൾ ഒരു നിശ്ചിത ബജറ്റ് വയ്ക്കും. ഒരു താരത്തിന് അതിനപ്പുറം എന്തെങ്കിലും വേണമെങ്കിൽ, അത് പേഴ്‌സണൽ ട്രെയ്നറോ പ്രത്യേക ഭക്ഷണക്രമമോ ആകട്ടെ, അതിന്റെ ചിലവ് അവർ തന്നെ വഹിക്കണം''.

അതേ സമയത്തുതന്നെ മൂന്നും നാലും വാനിറ്റി വാനുകളുമായി സെറ്റിലെത്തുന്ന അഭിനേതാക്കളുടെ കാര്യവും ചർച്ചയായിരുന്നു. അവരത് കൊണ്ടുവരുന്നുവെന്നതല്ല, അതിന്റെ ചെലവുകൾ കൂടി നിർമാതാക്കൾ വഹിക്കേണ്ടി വരുന്നതാണ് പ്രശ്‌നമെന്നും നിർമാതാക്കൾ പറഞ്ഞു.

നടൻ രൺവീർ സിങ്ങിന് മൂന്ന് വാനിറ്റി വാനുകളാണ് ഉള്ളതെന്നും ഒരു നിർമാതാവ് തുറന്നടിച്ചിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കുള്ളത്, രണ്ടാമത്തേത് ജിം ആയിട്ട് ഉപയോഗിക്കുന്നത്, അടുത്തത് ഷെഫിന് വേണ്ടിയുള്ളതും. അന്നിത് വെറും ആരോപണമായി പലരും തള്ളിക്കളയുകയായിരുന്നു.

എന്നാൽ, അത് കള്ളമല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് നെറ്റിസൺസ്. 'ധുരന്ധർ' സിനിമ നെറ്റ്ഫ്‌ളിക്‌സിൽ കണ്ട ചിലരാണ് ഈ കണ്ടുപിടുത്തത്തിനുപിന്നിൽ. സിനിമയുടെ അവസാനം കൊടുത്തിരിക്കുന്ന ക്രെഡിറ്റ് കാർഡാണ് അതിനു തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതിൽ ഗതാഗതസൗകര്യങ്ങളുടെ ക്രെഡിറ്റ് കൊടുത്തിരിക്കുന്ന സ്ഥലത്ത്, 'ഹംസ വാൻ, ഹംസ സ്റ്റാഫ് വാൻ, ഹംസ നോർമൽ വാൻ...'എന്നിങ്ങനെയാണ് കൊടുത്തിരിക്കുന്നത്. സിനിമയിൽ രൺവീറിന്റെ കഥാപാത്രങ്ങളുടെ പേര് ഹംസ, ജസ്‌കിരാത് എന്നിങ്ങനെയാണ്. മറ്റ് താരങ്ങളുടെ വാൻ, അവരുടെ പേരിൽ തന്നെയാണ് കൊടുത്തിരിക്കുന്നത്. എന്നാൽ, രൺവീറിന്റേത് കഥാപാത്രത്തിന്റെ പേരിലും. ഇത് കണ്ടുപിടിച്ചതോടെ നിർമാതാക്കളുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Netizens discover Ranveer Singh used three vanity vans for `Dhurandhar` on Netflix. Was it extravagant or justified?