‘ഭാര്യയാണ് ഭർത്താവിനെതിരെ ശബ്ദമുയർത്തേണ്ടത്, ഭർത്താവ് ഭാര്യയോടല്ല’ റാണി മുഖർജിക്കെതിരെ രൂക്ഷവിമർശനം

കുടുംബബന്ധങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ചും പെരുമാറ്റരീതികളെക്കുറിച്ചും നടി റാണി മുഖർജി അടുത്തിടെ നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഭർത്താക്കന്മാരോട് സംസാരിക്കുമ്പോൾ ഭാര്യമാർ ശബ്ദമുയർത്തി സംസാരിക്കണമെന്ന നടിയുടെ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ബന്ധങ്ങളിൽ പരസ്പരം ബഹളം വെക്കുന്നതിനെ റാണി പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ, വീട്ടിലെ ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റാണി സംസാരിച്ചു. " ഒരാൺകുട്ടിയുടെ സ്വഭാവം രൂപപ്പെടുന്നത് തന്റെ അച്ഛൻ അമ്മയോട് എങ്ങനെ പെരുമാറുന്നു എന്നത് കണ്ടിട്ടാണ്. ബഹുമാനം തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. സ്വന്തം അമ്മയോട് മോശമായി പെരുമാറുന്നത് കാണുമ്പോൾ, മറ്റേതൊരു സ്ത്രീയോടും അങ്ങനെ പെരുമാറാമെന്ന് ആൺകുട്ടികൾ കരുതും. അതിനാൽ അച്ഛന്മാർ തങ്ങളുടെ ഭാര്യമാരോട് മാന്യമായി പെരുമാറാൻ ബാധ്യസ്ഥരാണ്. എങ്കിൽ മാത്രമേ സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട പദവിയെക്കുറിച്ച് ആൺകുട്ടികൾക്ക് ബോധമുണ്ടാകൂ," റാണി പറഞ്ഞു.
തുടർന്നാണ് വിവാദമായ പരാമർശം അവർ നടത്തിയത്: "വീട്ടിൽ അച്ഛൻ അമ്മയോട് ശബ്ദമുയർത്തുന്ന ചെറിയ കാര്യങ്ങൾ പോലും സംഭവിക്കാൻ പാടില്ല. സത്യത്തിൽ അമ്മയാണ് അച്ഛനോട് ശബ്ദമുയർത്തേണ്ടത്, അങ്ങനെയാണ് വേണ്ടത്." സ്കൂൾ കാലത്ത് ഒരു ആൺകുട്ടിയെ തല്ലിയ കാര്യവും, തന്റെ ഭർത്താവ് ആദിത്യ ചോപ്രയ്ക്ക് വീട്ടിൽ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കരുതെന്ന് തമാശരൂപേണ പറയുകയുകയാണ് താരം.
റാണിയുടെ ഈ നിലപാടിനെതിരെ കടുത്ത വിമർശനമാണ് റെഡിറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്നത്. തമാശയാണെന്ന് കരുതി റാണി പറയുന്നത് പലപ്പോഴും അബദ്ധങ്ങളാണെന്ന് പലരും ചൂണ്ടിക്കാട്ടി.
"എന്തിനാണ് ഒരാൾ മറ്റൊരാൾക്ക് നേരെ ശബ്ദമുയർത്തുന്നത്? സമാധാനപരമായി കാര്യങ്ങൾ സംസാരിച്ചൂടെ?" എന്ന് ഒരു ഉപയോക്താവ് ചോദിച്ചു. ബന്ധങ്ങളിൽ ബഹളം വെക്കുന്നതിനെ, അത് ആര് ചെയ്താലും, സാധാരണവൽക്കരിക്കുന്നത് ശരിയല്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. റാണി പഴയ തലമുറയിൽപ്പെട്ട ആളായതുകൊണ്ട് പറയുന്നതെന്തും ശരിയാണെന്ന് കരുതരുത് എന്നും വിമർശകർ കുറിച്ചു.
നിലവിൽ 'മർദാനി 3' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് റാണി. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്ന പോലീസ് ഓഫീസർ ശിവാനി ശിവാജി റോയ് എന്ന കഥാപാത്രത്തെയാണ് റാണി ഇതിൽ അവതരിപ്പിക്കുന്നത്. ജനുവരി 30-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rani Mukerji`s recent remarks on gender equality and marital dynamics have ignited a social media storm. Explore the controversy and public reactions.