‘ഞാന്‍ മുമ്പ് പക്വതയുള്ള നടനായിരുന്നില്ല, ഇന്ന് എനിക്ക് വളരെ മികച്ച രീതിയില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതിന് കാരണമുണ്ട്’

രജത് ബേദി / instagram
രജത് ബേദി / instagram

ആര്യന്‍ ഖാന്റെ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന ചിത്രത്തിലൂടെ രജത് ബേദി ഒരു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ ഏറ്റവും നന്നായി ഓര്‍ക്കുന്നത് 'കോയി... മില്‍ ഗയ' എന്ന ഐക്കണിക് ചിത്രത്തിലൂടെയാണ്. ആ ചിത്രത്തില്‍ ഹൃത്വിക് റോഷനും പ്രീതി സിന്റയ്ക്കുമൊപ്പം അദ്ദേഹം അഭിനയിച്ചു.

2003 ലെ ബ്ലോക്ക്ബസ്റ്ററിലെ സുന്ദരനായ പ്രതിനായകന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ വേഷങ്ങളില്‍ ഒന്നാണ്. എന്നിരുന്നാലും, ശക്തമായ ഓണ്‍-സ്‌ക്രീന്‍ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, ചിത്രത്തിന്റെ വിജയം നടനെ വലിയ ഓഫറുകളിലേക്ക് നയിച്ചില്ല. ഒടുവില്‍, രജത് കാനഡയിലേക്ക് താമസം മാറുകയും റിയല്‍ എസ്റ്റേറ്റില്‍ തന്റെ കരിയർ കണ്ടെത്തുകയും ചെയ്തു.

നേരത്തെ, 'കോയി... മില്‍ ഗയ'യുടെ പ്രമോഷനുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടതായി തോന്നിയതായും സിനിമയുടെ പരസ്യ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നതായും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകന്‍ രാകേഷ് റോഷനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.

''ഞാന്‍ മുമ്പ് 'കോയി... മില്‍ ഗയ' ചെയ്യുമ്പോള്‍ പോലും പക്വതയുള്ള നടനായിരുന്നില്ല. രാകേഷ് ജി എന്നെക്കൊണ്ട് ചെയ്യിക്കാന്‍ ആവശ്യപ്പെട്ട ഒരു രംഗം സിനിമയിലുണ്ടായിരുന്നു. ഞാനും ദുഗ്ഗുവും (ഹൃത്വിക് റോഷന്‍) തമ്മിലുള്ള ഒരു രംഗമായിരുന്നു അത്. അതില്‍ എന്റെ പ്രകടനം ഹൃത്വികിനേക്കാള്‍ മികച്ചു നില്‍ക്കേണ്ടിയിരുന്നു'' രജത് പറഞ്ഞു.

രാകേഷ് റോഷന്‍ തന്നെ എങ്ങനെ പല ടേക്കുകളിലൂടെ നയിച്ചുവെന്ന് രജത് പങ്കുവെച്ചു. ''ഞാന്‍ കുറച്ച് ടേക്കുകള്‍ ചെയ്തു. അതില്‍ രാകേഷ് ജി എന്റെ ഡയലോഗുകള്‍ അവതരിപ്പിക്കുന്നതില്‍ ഉള്‍പ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു. ഒടുവില്‍, അദ്ദേഹം ഷോട്ട് ഓക്കെ പറഞ്ഞു. പിന്നീട്, അദ്ദേഹം എന്നോടു പറഞ്ഞു, 'രജത്, ആ രംഗം നിങ്ങളുടേതായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ആ സീനില്‍ നീ ദുഗ്ഗുവിനെ കടത്തിവെട്ടേണ്ടിയിരുന്നു. പക്ഷേ നീ അത് ചെയ്തില്ല.'' ആ ദിവസം എന്നെ വിഷമിപ്പിച്ചു.

ആ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. തന്റെ കരിയറിലെ വെല്ലുവിളികളും മോശം അവസ്ഥകളുമാണ് ഒരു നടന്‍ എന്ന നിലയില്‍ തന്നെ രൂപപ്പെടുത്തിയതെന്ന് ബേദി പറയുന്നു. 'എന്റെ യാത്ര എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. വൈകാരികമോ വേദനാജനകമോ ആയ ഒരു രംഗം ചെയ്യുന്നത് നിങ്ങള്‍ കാണുമ്പോള്‍, എന്റെ പ്രതിസന്ധികളും ഞാന്‍ അനുഭവിച്ച എല്ലാ കാര്യങ്ങളും അതില്‍ പ്രതിഫലിക്കുന്നു.

ഇന്ന് എനിക്ക് വളരെ മികച്ച രീതിയില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതിന്റെ കാരണവും അതാണ്. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ പക്വതയുള്ളവനാണ്' അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: rajat bedi, the iconic villain from `koi mil gaya`, discusses his career, challenges, and surprising comeback in `the baads of bollywood`