മദ്യപിച്ച രാജ് കപൂർ പുലർച്ചെ 2 മണിക്ക് ദേവ് ആനന്ദിനെ വിളിച്ചു;വീട്ടിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തി

ദേവ് ആനന്ദ്, രാജ് കപൂർ
ദേവ് ആനന്ദ്, രാജ് കപൂർ

ഇന്ത്യൻസിനിമയിലെ ഷോമാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു താരമേയുള്ളൂ, അത് നടൻ രാജ് കപൂറാണ്. സിനിമയ്ക്കുവേണ്ടി മാത്രം ജീവിച്ചൊരു മനുഷ്യൻ. നല്ല സിനിമകൾ നിർമിക്കാനായി സ്വന്തം സമ്പാദ്യങ്ങൾ പോലും അദ്ദേഹം മാറ്റിവെച്ചു. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രപ്രവർത്തകരിലൊരാളായിട്ടാണ് അദ്ദേഹം ഇന്നും ഓർമിക്കപ്പെടുന്നത്.

രാജ് കപൂറിൽനിന്നുള്ള ഒരു അഭിനന്ദനവാക്ക് പോലും വലിയ ബഹുമതിയായിട്ടാണ് അന്ന് പലരും കണക്കാക്കിയിരുന്നത്. നടൻ ദേവ് ആനന്ദിന്റെ സഹോദരനും സംവിധായകനുമായ വിജയ് ആനന്ദിനും അത്തരമൊരു അംഗീകാരം രാജ് കപൂറിൽനിന്ന് ലഭിച്ചിരുന്നു. പക്ഷേ, അത് അംഗീകരിക്കാൻ വിജയ് ആനന്ദിന് ബുദ്ധിമുട്ടായിരുന്നുവത്രേ.

ദേവ് ആനന്ദിന്റെ അടുത്തസുഹൃത്തായ മോഹൻ ചോരിവാലയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വിജയ് ആനന്ദ് തന്നോട് ഒരിക്കൽ പങ്കുവെച്ച കഥകൾ അദ്ദേഹം വെളിപ്പെടുത്തി. ''സിനിമയിൽനിന്ന് വളരെ അകലെയുള്ളൊരു സാധാരണക്കാരന് രാജ് കപൂർ ദൈവത്തെ പോലെയായിരുന്നു. എന്നാൽ സഹ ചലച്ചിത്രപ്രവർത്തകരുമായി ഇടപഴകുമ്പോൾ അദ്ദേഹം അല്പം അരക്ഷിതാവസ്ഥയിലാകുമെന്ന് വിജയ് ആനന്ദ് സാർ പറഞ്ഞിട്ടുണ്ട്'', മോഹൻ ഓർക്കുന്നു.

വിജയ് ആനന്ദ് സംവിധാനവും തിരക്കഥാരചനയും നിർവഹിച്ച 'ഗൈഡ്' സിനിമയുടെ റിലീസിനു തൊട്ടുപിന്നാലെയാണത്രേ ഈ സംഭവം നടക്കുന്നത്. ''ഒരിക്കൽ പുലർച്ചെ രണ്ടു മണിയോടെ, ദേവ് ആനന്ദിന്റെ വീട്ടിലേക്ക് രാജ് കപൂർ വിളിച്ചു. വീട്ടുജോലിക്കാരി ഫോൺ എടുത്തപ്പോൾ ദേവ് ആനന്ദിനോട് ഇപ്പോൾ തന്നെ സംസാരിക്കണമെന്ന് രാജ് കപൂർ പറഞ്ഞു. അതിനുകഴിഞ്ഞില്ലെങ്കിൽ, ഉടൻ വീട്ടിലേക്ക് വരുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഒടുവിൽ ദേവ് ആനന്ദ് എത്തി. ഫോണെടുത്തയുടനെ ദേവ് ആനന്ദിനോട് രാജ് കപൂർ പറഞ്ഞത് ഒരു കാര്യം മാത്രം, 'എനിക്ക് ഗൈഡ് സിനിമ കാണണം'. പിറ്റേന്ന് രാവിലെ പ്രിന്റ് അയയ്ക്കാമെന്ന് ദേവ് ആനന്ദ് പറഞ്ഞു. രാജ് കപൂർ ഫോൺവെച്ചു. 15 മിനിറ്റിനുശേഷം രാജ് കപൂർ വീണ്ടും വിളിച്ച്, പ്രിന്റ് അയച്ചോയെന്ന് ചോദിച്ചു. മദ്യപിച്ചാണ് രാജ് കപൂർ വിളിക്കുന്നതെന്ന് മനസ്സിലായപ്പോൾ, പ്രിന്റ് വീട്ടിലെത്തിക്കാൻ ദേവ് ആനന്ദ് ഏർപ്പാട് ചെയ്തു.

സിനിമ കണ്ടശേഷം രാജ് കപൂർ വീണ്ടും ദേവ് ആനന്ദിനെ വിളിച്ച് ചിത്രത്തെയും വിജയ് ആനന്ദിനെയും പ്രശംസിച്ചു. 'ഇത്രയും കഴിവുള്ള ഒരു സഹോദരനെ ലഭിച്ചതിൽ നിങ്ങൾ ഭാഗ്യവാനാണ്' എന്നും പറഞ്ഞു. രാജ് കപൂർ ഫോണിൽ കരയുകയായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് രാജ് കപൂർ പങ്കെടുത്തൊരു പരിപാടിയിൽ ദേവ് ആനന്ദും വിജയ് ആനന്ദുമുണ്ടായിരുന്നു. രാജിനോട് പോയി സംസാരിക്കാൻ വിജയ് ആനന്ദിനോട് ദേവ് ആവശ്യപ്പെട്ടു. അങ്ങനെ സംസാരിക്കാൻ ചെന്നപ്പോൾ വിജയ് ആനന്ദിനെ അറിയാത്തതുപോലെ രാജ് കപൂർ പെരുമാറി. സ്വയം പരിചയപ്പെടുത്തിയപ്പോൾ, എന്തു ചെയ്യുന്നുവെന്നാണ് ചോദിച്ചത്. ഈയടുത്താണ് ഗൈഡ് സിനിമ സംവിധാനം ചെയ്തതെന്ന് വിജയ് മറുപടി നൽകി. പ്രിന്റ് അയച്ചിരുന്നുവെന്ന് പറഞ്ഞപ്പോൾ, 'ഓകെ, ഞാൻ കണ്ടിട്ട് നിങ്ങളെ വിളിക്കാം' എന്ന് മറുപടി പറഞ്ഞു. ഇത് വിജയ് ആനന്ദിന് നാണക്കേടായി. പിന്നീടൊരിക്കൽ കണ്ടപ്പോഴും രാജ് കപൂർ പഴയ അതേ ചോദ്യങ്ങൾ തന്നെ വിജയ് ആനന്ദിനോട് ചോദിച്ചു''. ഈ സംഭവത്തിനുശേഷം പിന്നീടൊരിക്കലും രാജ് കപൂറിനെ വിജയ് ആനന്ദ് കണ്ടിട്ടില്ലെന്നും മോഹൻ ഓർക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the night Raj Kapoor, inebriated, called Dev Anand demanding to see `Guide`. A surprising story of admiration and awkward encounters