മാസം ഒരുകോടിയോളം, അശ്വിനിയുടെ പെയ്ഡ് ഉള്ളടക്കം സബസ്ക്രൈബ് ചെയ്തത് 25000 പേർ

ഇൻസ്റ്റാഗ്രാമിന്റെ സബ്സ്ക്രിപ്ഷൻ ഫീച്ചർ ഇതിനകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. ക്രിയേറ്റർമാർക്ക് ഉപയോക്താക്കളിൽ നിന്നും നേരിട്ട് വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്, പണം നൽകുന്ന ഫോളോവേഴ്സിന് പ്രത്യേകഉള്ളടക്കം നൽകാൻ ഇത് ക്രിയേറ്റർമാരെ അനുവദിക്കുന്നു. കേരളത്തിൽ ഈ ഫീച്ചർ ഉപയോഗിച്ച് ഏറ്റവുമധികം സബ്സ്ക്രൈബേഴ്സിനെ നേടിയ ഇൻസ്റ്റ ക്രിയേറ്ററായിരിക്കുകയാണ് പർപ്പിൾ ഹാൽസിയോൺ എന്ന പേജിനുടമയായ എ അശ്വിനി. ഇൻസ്റ്റഗ്രാം ഫോളോവർമാരിൽ മുമ്പിലുള്ള പേളി മാണി, പ്രിയ വാര്യർ, അഹാന കൃഷ്ണ തുടങ്ങിയവരേക്കാളെല്ലാം സബ്സ്ക്രിപ്ഷനിൽ അശ്വിനിയാണ് മുമ്പിൽ.
അശ്വിനിയുടെ ഉള്ളടക്കത്തിനെതിരേ ചില വിവാദങ്ങളും വിമർശനങ്ങളുമൊക്കെ ഉയരുന്നുണ്ടെങ്കിലും തന്റെ യാത്രയിലെ പുതിയൊരു നാഴികക്കല്ല് പ്രഖ്യാപിച്ചിരിക്കുകയാണ് അവരിപ്പോൾ. തന്റെ പെയ്ഡ് സബ്സ്ക്രൈബർമാരുടെ (instagram subscription) എണ്ണം 25,000 മറികടന്നുവെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അവർ പ്രഖ്യാപിച്ചു.
യാത്ര, ഫാഷൻ, ജീവിതശൈലി എന്നിവയിലാണ് അശ്വിനിയുടെ ഉള്ളടക്കം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബ്രാൻഡ് സഹകരണങ്ങളെ വളരെയധികം ആശ്രയിക്കുന്ന പല ഇൻഫ്ലുവൻസർമാരിൽ നിന്നും വ്യത്യസ്തമായി, പേയ്മെന്റ് നൽകുന്ന ഫോളോവർമാർക്ക് പ്രത്യേക ഉള്ളടക്കം വാഗ്ദാനം ചെയ്തുകൊണ്ടാണ് അവർ വരുമാനം വർധിപ്പിച്ചത്.
പ്രതിമാസം ഫീസ് നൽകുന്ന ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന എക്സ്ക്ലൂസീവ് സ്റ്റോറികൾ, റീലുകൾ, പോസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതിമാസം ഏകദേശം 390 രൂപയാണ് ഓരോ സബ്സ്ക്രൈബർമാരിൽ നിന്നും ഇവർ ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. അങ്ങനെ നോക്കിയാൽ മാസത്തിൽ ഏകദേശം ഒരു കോടിക്കടുത്താണ് അശ്വിനിയുടെ വരുമാനം.
സബ്ക്രൈബേഴ്സിന്റെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഭാവിയിൽ കൂടുതൽ വരുമാനമുണ്ടാക്കാൻ അവർക്ക് സാധിച്ചേക്കും. അതേസമയം, അവരുടെ ഉള്ളടക്കത്തിനെതിരേ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.
"ഇന്ന് ഞാൻ 25K സബ്സ്ക്രൈബർമാരെ നേടി," അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അവസാന ആഴ്ചകളിൽ താൻ നേരിട്ട വിമർശനങ്ങളെയും ഓൺലൈൻ ആക്രമണങ്ങളെയും അഭിസംബോധന ചെയ്ത അശ്വിനി പിന്തുണച്ചവർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. നെഗറ്റീവ് കമന്റുകളും ആരോപണങ്ങളും അവരുടെ നിശ്ചയദാർഢ്യം വർധിപ്പിച്ചുവെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി സ്വീകരിച്ചതായും അവർ അവകാശപ്പെട്ടു.
ഇന്ത്യയിലെ വളർന്നുവരുന്ന ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നായി ഇപ്പോൾ അശ്വിനിയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ashwani A (Purple Halcyon) reached 25,000 paid Instagram subscribers in 2026., The creator utilizes Instagram's subscription feature as her primary monetization strategy., Ashwani A has initiated legal action regarding privacy breaches and online harassment., The influencer's rise highlights the growing trend of subscription-based content in India.