സീരിയൽതാരത്തിന്റെ തൂങ്ങിമരണം; പങ്കാളിയെ 10 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തനാക്കി കോടതി

പ്രത്യുഷ ബാനർജി, രാഹുൽ രാജ് സിങ് | PTI, Instagram
പ്രത്യുഷ ബാനർജി, രാഹുൽ രാജ് സിങ് | PTI, Instagram

'ബാലികാ വധു' എന്ന സീരിയലിലൂടെ മുൻനിരയിലേക്കെത്തിയ താരമായിരുന്നു പ്രത്യുഷ ബാനർജി. യേ രിഷ്ത ക്യാ കെഹലാതാ ഹെ, പ്യാർ തൂനെ ക്യാ കിയാ, കോമഡി ക്ലാസസ്, ഗുൽമോഹർ ഗ്രാൻഡ് എന്നിവയിലും അവർ അഭിനയിച്ചു. സാവ്ധാൻ ഇന്ത്യ എന്ന ക്രൈം ഷോ ഒരുകാലത്ത് അവതരിപ്പിച്ചതും അവർ തന്നെ. ബിഗ് ബോസിന്റെ ഏഴാമത്തെ സീസണിൽ മത്സരാർഥിയുമായിരുന്നു അവർ.

അത്ര പ്രശസ്തിയിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെയാണ് പ്രത്യുഷ തന്റെ ജീവിതം അവസാനിപ്പിക്കുന്നതും. 2016-ലാണ് മുംബൈയിലുള്ള തന്റെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ പ്രത്യുഷയെ കാണപ്പെടുന്നത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാൽ പ്രത്യുഷയുടെ കാമുകനും നടനുമായ രാഹുൽ രാജ് സിങ്ങിനെതിരെ താരത്തിന്റെ മാതാപിതാക്കൾ രംഗത്തെത്തി. അവർ രാഹുലിനെതിരെ പരാതി നൽകുകയും ചെയ്തു. ഇപ്പോഴിതാ രാഹുലിനെ കേസിൽനിന്നൊഴിവാക്കിയിരിക്കുകയാണ് മുംബൈ ഹൈക്കോടതി. സംഭവം നടന്ന് പത്തുവർഷങ്ങൾക്കുശേഷമാണ് കോടതി രാഹുലിനെ കുറ്റവിമുക്തനാക്കുന്നത്. ആത്മഹത്യാപ്രേരണയ്ക്കാവശ്യമായ തെളിവുകളില്ലെന്നും വിചാരണ തുടരാനാവില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് മുംബൈ കോടതിയുടെ ഈ തീരുമാനം.

2016 ഏപ്രിൽ ഒന്നിനാണ് പ്രത്യുഷ മരിക്കുന്നത്. അന്നവർക്ക് 24 വയസ്സേയുണ്ടായിരുന്നുള്ളൂ. പിന്നാലെയാണ് രാഹുലിനെതിരെ പ്രത്യുഷയുടെ മാതാപിതാക്കൾ കേസുകൊടുത്തത്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചുവെന്നാണ് അവർ രാഹുലിനെതിരെ നടത്തിയ ആരോപണം. പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കുറ്റങ്ങളെല്ലാം രാഹുൽ നിഷേധിച്ചിരുന്നു. മുൻകൂർ ജാമ്യത്തിന് നൽകിയ അപേക്ഷ പരിഗണിച്ച്, 2016 ജൂലായിൽ മുൻകൂർജാമ്യം ലഭിച്ചു.

2018-ൽ പോലീസ് കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന്, കുറ്റാരോപണത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. പ്രത്യുഷയുടെ മാതാപിതാക്കളാണ് അവരുടെ മരണത്തിന് കാരണമെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. അവർ താരത്തിന്റെ പേരിൽ വലിയൊരു തുക വായ്പയെടുത്തിരുന്നുവെന്നും കടംവീട്ടാൻ കഴിയാതെ വന്നതോടെ പ്രത്യുഷ കടുത്ത മാനസികസംഘർഷങ്ങളിലായിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.

എന്നാൽ കേസിൽനിന്ന് ഒഴിവാക്കണമെന്നുള്ള ആവശ്യം സെഷൻസ് കോടതി തള്ളി. പിന്നാലെ രാഹുൽ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യുഷ അവസാനമായി സംസാരിച്ചത് രാഹുലിനോടായിരുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതിനു കാരണക്കാരായി തന്റെ മാതാപിതാക്കൾ അടക്കമുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്തു. താനവിടെ എത്തുന്നതുവരെ കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് അവരെ ബോധ്യപ്പെടുത്താൻ രാഹുൽ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. ഒടുവിൽ ആത്മഹത്യാപ്രേരണക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് കോടതി വിധിക്കുകയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bombay High Court cleared Rahul Raj Singh of abetment charges 10 years after Pratyusha Banerjee's death. The court noted a lack of sufficient evidence to continue the trial for abetment to suicide. Pratyusha Banerjee passed away in April 2016 at her Mumbai apartment at the age of 24.