ഗോൾകീപ്പറുടെ കാൽമുട്ട് നെഞ്ചിലിടിച്ചു, പിന്നാലെ ബോധം നഷ്ടമായി, ഒടുവിൽ മരണവും; മോശം ദിനങ്ങളെന്ന് ഗോൾകീപ്പർ

ഹേസൂസ് ഡെ മിഗെൽ, മരണത്തിനിടയാക്കിയ കൂട്ടിയിടി
ഹേസൂസ് ഡെ മിഗെൽ, മരണത്തിനിടയാക്കിയ കൂട്ടിയിടി

കളിക്കിടെ പരിക്കേറ്റ് ഗ്രൗണ്ടിൽവീണു മരിച്ച ഫുട്‌ബോൾ താരത്തിന്റെ മരണം നൽകിയ ആഘാതത്തിൽനിന്ന് കരകയറിയിട്ടില്ല ഫുട്‌ബോൾ ലോകം. സ്പാനിഷ് ഫുട്‌ബോൾ താരം ഹേസൂസ് ഡെ മിഗെൽ (Jesus De Miguel) ആണ് എതിർ ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ഗ്രൗണ്ടിൽ വീണത്. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ ടെനറിഫെയുടെ ഫോർവേഡ് പ്ലെയറാണ് ഹേസൂസ്.

അൻഡോറയ്‌ക്കെതിരായ സെഗുൻഡ ഡിവിഷൻ മത്സത്തിനിടെയായിരുന്നു സംഭവം. കളി സമനിലയായതിനെ തുടർന്ന് ഇഞ്ചുറി ടൈമിലേക്ക് നീണ്ടിരുന്നു. അതിനിടെയാണ് അപകടമുണ്ടാവുന്നത്. എതിർ ടീമിന്റെ ഗോൾകീപ്പർ ഹേസൂസ് ഒാവോനോയുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് മിഗെൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. പന്ത് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒാവോനോയുടെ കാൽമുട്ട് മിഗെലിന്റെ നെഞ്ചിലിടിക്കുന്നത്. പന്ത് ക്ലിയർ ചെയ്യാനായി എതിർദിശയിൽ നിന്ന് ഓടിവരുന്നതിനിടെയായിരുന്നു ഈ കൂട്ടിയിടി.

നെഞ്ചിൽ ഇടികിട്ടിയ ഉടനെ മിഗെൽ ഗ്രൗണ്ടിലേക്ക് വീണു. ആദ്യം വേദന സഹിക്കാനാവാതെ മുട്ടുകൾ മടക്കി, കുറച്ചുനേരം ചുരുണ്ടുകൂടി കമിഴ്ന്നുകിടന്നു.

തുടർന്ന് അദ്ദേഹം മലർന്നു വീഴുകയും കൈകൾ ഇരുവശങ്ങളിലേക്കും തളർത്തിയിടുകയും ചെയ്തു. അപ്പോഴേക്കും ബോധരഹിതനായി മാറിയിരുന്നു.

അതോടെ ഇരുടീമിലെയും അംഗങ്ങൾ വൈദ്യസഹായത്തിനായി ആംഗ്യം കാട്ടി. ഉടൻ വൈദ്യസംഘം ഗ്രൗണ്ടിലെത്തി.

കളിക്കളത്തിലെ ഈ 'ഇടി'യെ തുടർന്ന് ഓവോനോയ്ക്ക് റെഡ് കാർഡ് ലഭിച്ചു. അദ്ദേഹം ഗ്രൗണ്ടിൽനിന്ന് പുറത്തേക്ക് പോകുമ്പോഴാണ് മിഗെലിന്റെ അവസ്ഥ മനസ്സിലാക്കുന്നത്. ഉടനെ അദ്ദേഹവും ഓടിയെത്തി. സംഭവം നടക്കുമ്പോൾ 2-2ന് സമനിലയിൽ നിൽക്കുകയായിരുന്നു മത്സരം. അതോടെ കളി ഉപേക്ഷിക്കുകയും ചെയ്തു. ആയിരക്കണക്കിന് കാണികളുടെയും മിഗെലിന്റെ പങ്കാളിയുടെയും 16 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെയും മുന്നിൽവെച്ചായിരുന്നു ഈ സംഭവങ്ങളെല്ലാം ഉണ്ടായത്. ആസ്പത്രിയിലെത്തിച്ചെങ്കിലും, ഹൃദയാഘാതത്തെ തുടർന്ന് മിഗ്വേൽ മരിച്ചു.

പിന്നാലെ ഓവോനോയ്‌ക്കെതിരെ വൻതോതിലുള്ള പ്രതിഷേധമാണുണ്ടായത്. തുടർന്ന് അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു. താൻ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓവോനോ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംഭവത്തിൽ സ്പാനിഷ് പോലീസ് അന്വേഷണം ആരംഭിച്ചു. അശ്രദ്ധമൂലമുള്ള നരഹത്യയെന്ന പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Spanish second division player Jesus De Miguel died following a collision with goalkeeper Jesus Owono., The incident occurred during a match between Tenerife and Andorra in injury time., De Miguel suffered cardiac arrest and passed away despite being rushed to the hospital.