ഡിജിറ്റല്‍ തട്ടിപ്പുകളേറുന്നു; സ്ത്രീകള്‍ക്ക് വേണം കൂടുതല്‍ ജാഗ്രത

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണാണ് നമ്മുടെ ഹാന്‍ഡ് ബാഗ്. നമ്മുടെ പണം, ഐഡന്റിറ്റി, ഓര്‍മകള്‍, ബന്ധങ്ങള്‍ എല്ലാം അതിനകത്താണ് നമ്മള്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ജീവിതം മുഴുവന്‍ നമ്മള്‍ ഫോണിലാക്കി സൂക്ഷിച്ചുവച്ചിരിക്കുകയാണ്. എന്നാല്‍ തിരക്കറേയ ബസിലോ മാര്‍ക്കറ്റിലോ ഹാന്‍ഡ് ബാഗ് സൂക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ നാലിലൊന്ന് ജാഗ്രത പോലും ഫോണിന്റെ കാര്യത്തില്‍ കാട്ടാറില്ല. അത് മാറണം. മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ വലിയ ജാഗ്രത തന്നെ പുലര്‍ത്തണം. കാരണം ഡിജിറ്റല്‍ മോഷണത്തിന് നിങ്ങളുടെ പോക്കറ്റടിക്കുകയൊന്നും വേണ്ട. നിങ്ങളുടെ അടുത്ത് വരേണ്ട. എന്തിന് നിങ്ങളെ കാണുകപോലും വേണ്ട. ഒരു മെസേജ്, ഒരു ലിങ്ക്, ഒരു ഫോണ്‍ വിളി ഒക്കെ മതി നിങ്ങളെ അപ്പാടെ മോഷ്ടിച്ചുകൊണ്ടുപോകാന്‍.
ഇന്ന് ഡിജിറ്റല്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നുണ്ട്. സ്ത്രീകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥിനികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ നിരന്തരം ഇത്തരം തട്ടിപ്പിന് ഇരയാകുകയാണ്. ഡിജിറ്റല്‍ തട്ടിപ്പുകാരെ കണ്ടാല്‍ മോഷ്ടാക്കളോ ക്രിമിനലുകളോ ആയി തോന്നുകയേയില്ല. അവര്‍ ഡെലിവറി ഏജന്റ്, ബാങ്ക് മാനേജര്‍, ഇന്‍സ്റ്റഗ്രാം അഡ്വര്‍ട്ടൈസേഴ്‌സ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്‌സ് തുടങ്ങിയ രൂപത്തിലൊക്കെ ആകും നിങ്ങളുടെ അടുത്ത് എത്തുക. ചിലപ്പോള്‍ നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്ത് പുതിയ നമ്പരില്‍ നിന്ന് അയക്കുന്നതുപോലെ വരുന്ന ഒരു മെസേജ് തുറന്ന് വായിച്ചാല്‍ മതി.
എന്തുകൊണ്ട് സ്ത്രീകള്‍
യുപിഐ, വാട്‌സാപ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയുടെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ന് സ്ത്രീകളാണ്. പലര്‍ക്കും കാര്യമായ ഡിജിറ്റല്‍ സെക്യൂരിറ്റി അവബോധവുമില്ല. തട്ടിപ്പുകാര്‍ കരുതുന്നത് ഫോണ്‍ചെയ്താല്‍ സ്ത്രീകള്‍ മര്യാദ കാണിക്കും അതുപയോഗിച്ച് അവരെ കബളിപ്പിക്കാം എന്നാണ്. വീട്ടുചെലവിനുള്ള പണമൊക്കെ ഓണ്‍ലൈനായി കൈകാര്യം ചെയ്യുന്ന ഇവര്‍ ബാങ്കില്‍ നിന്നുള്ള പല മെസേജുകളും തിരക്ക് മൂലം കാണാറില്ല. ചെറു ബിസിനസ് ഇന്‍സ്റ്റയിലൂടെയും വാട്‌സാപ്പിലൂടെയും ചെയ്യുന്നവരെ വ്യാജ ഇടപാടുകാരായി എത്തിയും തട്ടിപ്പുകാര്‍ കബളിപ്പിക്കുന്നു. സ്ത്രീകളുടെ അടുത്ത് സഹതാപം പിടിച്ചുപറ്റാനും വൈകാരികമായി കബളിപ്പിക്കാും എളുപ്പമാണ് എന്നും ഇത്തരക്കാര്‍ കരുതുന്നു. ഇക്കാരണങ്ങളാല്‍ സൈബര്‍ തട്ടിപ്പുകാര്‍ സ്ത്രീകളെയാണ് കൂടുതലും ലക്ഷ്യമിടാന്‍ സാധ്യത.
യുപിഐ തട്ടിപ്പ് വ്യാപകം
യുപിഐ ഇടപാട് തികച്ചും സുരക്ഷിതമാണ്. നിങ്ങളുടെ സഹായവും സഹകരണവും ഇല്ലാതെ ഇതില്‍ തട്ടിപ്പ് നടക്കില്ല. നിങ്ങളുടെ സഹായവും സഹകരണവും ഉറപ്പാക്കലാണ് തട്ടിപ്പുകാരുടെ രീതി. അത് ലഭിച്ചാല്‍ പിന്നെ തട്ടിപ്പ് വളരെ എളുപ്പമാണ്.
പല തരത്തിലുള്ള റിക്വസ്റ്റുകളും തട്ടിപ്പുകളും
1.മണി റിക്വസ്റ്റ് സ്‌കാം- നിങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു. 'Please approve to receive refund.'
എന്നുപറഞ്ഞ് ചിലര്‍ മെസേജുകള്‍ അയക്കും. പണം റിസീവ് ചെയ്യാന്‍ ഒരിക്കലും നിങ്ങളുടെ അപ്രൂവലോന്നും ആവശ്യമില്ല എന്നതാണ് സത്യം. ഇത്തരം മെസേജുകള്‍ കിട്ടിയാല്‍ ഇക്കാര്യം ഓര്‍ക്കുക.
2. ഫേക്ക് ബൈ സ്‌കാം- നിങ്ങള്‍ ഒരു സാധനം വില്‍ക്കാന്‍ ഒഎല്‍എക്‌സിലോ ഫേസ് ബൂക്കിലോ ഫോട്ടോ ഇട്ടു എന്നുകരുതുക. ബയര്‍ ഒരു ക്വൂ ആര്‍ കോഡ് അയച്ചുതരും. എന്നിട്ട പറയും 'Scan to get payment.' ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടത് എപ്പോഴും പണം അയയ്ക്കാനാണ്. റിസീവ് ചെയ്യാനല്ല. ഇത്തരം ആവശ്യം വന്നാല്‍ അപ്പോഴേ ഉറപ്പിച്ചോളൂ അത് തട്ടിപ്പാണ് എന്ന്.
3. കസ്റ്റമര്‍ സര്‍വ്വീസ് സ്‌കാം- ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ ഫേക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. അതില്‍ വിളിച്ചാല്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറയും. അല്ലെങ്കില്‍ ഒടിപി നല്‍കാന്‍ പറയും. രണ്ടും ചെയ്യരുത്.
എങ്ങനെ ഇത്തരം തട്ടിപ്പുകള്‍ തടയാം
ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത എടുത്ത ഹെല്‍പ്പ് ലൈന്‍, കസ്റ്റമര്‍ കെയര്‍ നമ്പരുകളില്‍ വളിക്കരുത്. യുപിഐ ആപില്‍ ഓട്ടോ പേ പരമാവധി ഡിസേബിള്‍ ചെയ്യുക. യുപിഐ ലിമിറ്റ് കഴിയാവുന്നത്ര കുറച്ച് വയ്ക്കുക.
കൈ.വൈസി അപ്‌ഡേറ്റ് സ്‌കാം
നിങ്ങള്‍ക്ക് എസ്എംഎസോ വാട്‌സാപ്പ് മെസേജോ ലഭിക്കുന്നു.
''Your bank account/ATM card/Paytm wallet will be blocked. Update KYC immediately THROUGH THE LINK.'
ഇതുകാണുമ്പോഴേ നമുക്ക് ആധിയാകും.നമ്മള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നു. അല്ലെങ്കില്‍ മെസേജിനൊപ്പമുള്ള ഫോണ്‍ നമ്പരില്‍ വിളിക്കുന്നു. നിങ്ങളുടെ എല്ലാ വിവരങ്ങളും നല്‍കുന്നു. കെവൈസി അപ് ഡേറ്റായി എന്നും ഇപ്പോള്‍ ഒരു ഒടിപി വരുമെന്നും അത് നല്‍കാനും പറയും. അതും നമ്മള്‍ നല്‍കും. അതോടെ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലായിക്കഴിയും നിങ്ങളുടെ ബാങ്ക് അക്കൗണ്ട്.
ഓര്‍ക്കുക ബാങ്ക് ഒരിക്കലും കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ ലിങ്ക് അയയ്ക്കില്ല. ഒടിപി ചോദിക്കില്ല. നിങ്ങളുടെ നെറ്റ് ബാങ്കിങ്ങിലോ മൊബൈല്‍ ബാങ്ക് ആപ്പിലോ ലോഗിന്‍ ചെയ്തുമാത്രമേ നിങ്ങള്‍ക്ക് ഓണ്‍ലൈനായി കെവൈസി അപഡേറ്റ് ചെയ്യാന്‍ കഴിയൂ.
ലോണ്‍ ആപ്പ് ട്രാപ്പ്
ഫേക്ക് ലോണ്‍ ആപ്പ് വളരെ പെട്ടെന്ന് പണം തരാം എന്ന് വാഗ്ദാനം ചെയ്യും. പക്ഷേ അവര്‍ ഫോണിലെ ഫോട്ടോ, കോണ്‍ടാക്ട്, മെസേജ്, തുടങ്ങിയില്‍ ആക്‌സസ് ചോദിക്കും. അതെല്ലാം ദുരപയോഗപ്പെടുത്തി നിങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യും. ഇത്തരത്തില്‍ ലോണൊന്നും എടുക്കാതിരിക്കുക. ലോണ്‍ ആവശ്യമെങ്കില്‍ വിശ്വസ്തരായ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കാന്‍ പറയാന്‍ വയ്യ. കാരണം ബാങ്കുകളില്‍ നിന്ന് വായ്പ കിട്ടാന്‍ അപ്പോള്‍ എളുപ്പമല്ല. ഇത്തരം സാഹചര്യമാണ് തട്ടിപ്പുകാര്‍ ദുരപയോഗം ചെയ്യുന്നത്.
തട്ടിപ്പ് ജോലി വാഗ്ദാനങ്ങള്‍
വീട്ടിലിരുന്ന് പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാന്‍ പല സ്ത്രീകള്‍ക്കും അതിയായ ആഗ്രഹമുണ്ടെന്ന് തട്ടിപ്പുകാര്‍ക്ക് അറിയാം. ഇത്തരക്കാരെ ലക്ഷ്യമിട്ട് വരുന്ന മെസേജുകള്‍ ഇത്തരത്തിലുള്ളതാണ്.
''You will earn ?5,000 per day doing simple tasks. First, pay ?1,000 as registration fee.'
ഇതില്‍ വിശ്വസിച്ചില്ലെങ്കില്‍ വരും അടുത്തത്. Complete 10 tasks and earn ?20,000. But to unlock payment, pay ?5,000.''
യഥാര്‍ത്ഥ ജോലി നല്‍കുന്നവരാരും പൈസ അങ്ങോട്ട് ചോദിക്കില്ല. ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കുക. വീഡിയോ ലൈക്ക് ചെയ്യുക തുടങ്ങിയ ടാസ്‌കുകള്‍ക്ക് പ്രതിഫലം നല്‍കുമ്പോഴേ ഓര്‍ക്കുക. ഇതൊക്കെ തട്ടിപ്പായിരിക്കുമെന്ന്. ഇത്തരത്തില്‍ ജോലി ഓഫര്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ്, ജിഎസ്റ്റി രജിസ്‌ട്രേഷന്‍, ലിങ്ക്ഡ് ഇന്‍ അക്കൌണ്ട് തുടങ്ങിയവ പരിശോധിക്കുക. വളരെ ലളിതമായി തീര്‍ക്കാവുന്ന ടാസ്‌കുകളും ജോലികളുമാണ് നല്‍കുന്നതെങ്കില്‍ അതുതന്നെ പോരെ തട്ടിപ്പാണ് എന്നറിയാന്‍.
ഇന്‍സ്റ്റഗ്രാം ഷോപ്പിംഗ് തട്ടിപ്പുകള്‍
ബൊട്ടിക്കുകള്‍, സാരി ഡിസൈനര്‍, ജൂവലറികള്‍ തുടങ്ങിയവയുടെ ആകര്‍ഷകമായ ഇന്‍സ്റ്റപേജുകള്‍ കണ്ട് വലയില്‍ വീഴുന്ന സ്ത്രീകള്‍ നിരവധിയാണ്. ഇവര്‍ക്ക് കാഷ് ഓണ്‍ ഡെലിവറി ഓപ്ഷനേ കാണില്ല. ക്യൂആര്‍ കോഡ്, യുപിഐ തുടങ്ങിയവ വഴി മാത്രമേ പേയ്‌മെന്റ നടത്താന്‍ കഴിയൂ. പേജില്‍ വിലാസം ഒന്നും കാണില്ല. സാരികളുടെയും ജൂവലറികളുടെയും ഫോട്ടോകളൊക്കെ സ്റ്റോക് ഇമേജ് സൈറ്റുകളില്‍ നിന്നെടുത്ത ഫോട്ടോകളായിരിക്കും. പേയ്‌മെന്റ് നടത്തിയാലും ഉല്‍പ്പന്നമൊന്നും വരില്ല. നമ്മള്‍ വെറുതെ കാത്ത് കാത്ത് ഇരിക്കുക മാത്രമേയുള്ളൂ. റിവ്യൂ, കമന്റുകള്‍, റിയല്‍ കസ്റ്റമര്‍ ഫോട്ടോകള്‍, റിട്ടേണ്‍ പോളിസി തുടങ്ങിയവ വിശദമായി പരിശോധിച്ച് മാത്രം ഓര്‍ഡര്‍ ചെയ്യുക.
റൊമാന്‍സ്, ഫ്രണ്ട്ഷിപ്പ് തട്ടിപ്പുകള്‍
വിധവകള്‍, സിംഗിള്‍ മദര്‍, മുതിര്‍ന്ന സ്ത്രീകള്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് തട്ടിപ്പുകാര്‍ പ്രത്യേക വലയാണ് വീശുക. ഫേസ് ബുക്ക്, ഇന്‍സ്റ്റ, വാട്‌സാപ്പ്, ഡേറ്റിംഗ് ആപ്പുകള്‍ തുടങ്ങിയവ വഴിയാണ് ഇത്തരം വലകള്‍ വരിക. തട്ടിപ്പുകാര്‍ ആര്‍മി ഓഫീസര്‍മാര്‍, വിദേശത്തുള്ള എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരാണെന്ന് പറഞ്ഞാണ് ഇവര്‍ പരിചയം സ്ഥാപിക്കുക. അടുപ്പം ഉണ്ടാക്കിയശേഷം അയയ്ക്കുന്നത് ഇത്തരം മെസേജുകളായിരിക്കും. I sent you a gift parcel. Customs stopped it. Please pay ?40,000 to release.'
ഓണ്‍ലൈനില്‍ പൈസ ചോദിക്കുന്ന ആരെയും വിശ്വസിക്കരുത്.
ഇക്കാര്യങ്ങള്‍ ഓര്‍ക്കുക
ഒരിക്കലും ഓണ്‍ലൈനില്‍ പരിചയപ്പെടുന്നവര്‍ക്ക് ഒടിപി, എറ്റിഎം കാര്‍ഡ് വിശദാംശങ്ങള്‍, ആധാര്‍, ഫോട്ടോ, തുടങ്ങിയവ നല്‍കരുത്.
ഗൂഗിളില്‍ നിന്ന് കിട്ടിയ ഹെല്‍പ്പലൈന്‍, കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിക്കരുത്.
നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെ തുണ
ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളൊരു ഐടി വിദഗ്ധയൊന്നും ആകേണ്ടതില്ല. വെറും സാമാന്യ ബുദ്ധി മാത്രം മതി. എന്തെങ്കിലും കേട്ടാല്‍ പെട്ടെന്ന് പേടി വരിക, ആരെയും പെട്ടെന്ന് വിശ്വസിക്കുക- സ്ത്രീകളുടെ സഹജമായ ഈ രണ്ട് ബലഹീനതകളാണ് തട്ടിപ്പുകാര്‍ ആയുധമാക്കുന്നത്. പക്ഷേ നിങ്ങള്‍ അല്‍പ്പം സാവകാശത്തില്‍ എല്ലാം ക്ഷമയോടെ കേട്ട് സ്വയം ഒന്ന് ആലോചിച്ചുനോക്കിയാല്‍ മതി തട്ടിപ്പുകാര്‍ നിരായുധരാകും.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi