19 വയസ്സിൽ ഇന്റിമേറ്റ് രംഗം ചിത്രീകരിച്ചത് കാമുകന്റെ ഇഷ്ടത്തിന്, വേദന തുറന്നുപറഞ്ഞ് പാരിസ് ഹിൽട്ടൺ

അമേരിക്കയിലെ ഏറെ സ്വാധീനമുള്ള മീഡിയാ പേഴ്സണാലിറ്റിയും സാമൂഹിക പ്രവർത്തകയും ബിസിനസുകാരിയുമാണ് പാരിസ് ഹിൽട്ടൺ. സാമൂഹ്യ പ്രശ്നങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന് പേരുകേട്ട വ്യക്തി കൂടിയാണവർ. 19 വയസ്സുള്ളപ്പോൾ തന്റെ സ്വകാര്യ വീഡിയോ പുറത്തുവന്നതിനെക്കുറിച്ച് അടുത്തിടെ അവർ സംസാരിച്ചിരുന്നു. അന്ന് കടന്നുപോവേണ്ടിവന്ന ദുരവസ്ഥയെപ്പറ്റി വിവരിക്കുമ്പോൾ, 44-ാം വയസ്സിലും പാരിസ് വികാരധീനനായി.
“19 വയസ്സുള്ളപ്പോൾ, എൻ്റെയൊരു സ്വകാര്യ വീഡിയോ, എൻ്റെ സമ്മതമില്ലാതെ ലോകത്തിനു മുന്നിൽ പ്രചരിച്ചു. അതൊരു ദുരുപയോഗമായിരുന്നു. അന്നെന്നെ രക്ഷിക്കാൻ നിയമങ്ങളുണ്ടായിരുന്നില്ല. എനിക്കുനേരെ ഉണ്ടായതിനെപ്പറ്റി പറയാൻ വാക്കുകളുമുയർന്നില്ല. ഇന്റർനെറ്റ് പുതിയതായിരുന്നു, ഒപ്പം അതിൻ്റെ ക്രൂരതയും പുതിയതായിരുന്നു."
വീഡിയോ പുറത്തുവന്നതോടെ കടുത്ത അപമാനവും നാണക്കേടും അനുഭവിച്ചുവെന്നും പാരിസ് വെളിപ്പെടുത്തി. പ്രതിച്ഛായ മാത്രമല്ല, സ്വന്തം ശരീരത്തിൻ്റെ നിയന്ത്രണവും നഷ്ടപ്പെട്ടതായി തോന്നി. ഒരു പരിഹാസപാത്രമാവുകയായിരുന്നു താൻ. ലക്ഷക്കണക്കിന് ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അതെല്ലാം എഐ നിർമിതമാണെന്നും അവർ പറയുന്നു.
"അവരെന്നെ പല പേരുകളും വിളിച്ചു. ചിരിച്ചു, എൻ്റെ വേദന ക്ലിക്കുകൾക്കായി വിറ്റു, എന്നിട്ട് എന്നോട് മിണ്ടാതിരിക്കാനും മുന്നോട്ട് പോകാനും പറഞ്ഞു. ശ്രദ്ധ കിട്ടിയതിന് നന്ദി പറയാൻ പോലും പറഞ്ഞു. ഈ ആളുകൾ ചൂഷണം ചെയ്യപ്പെട്ട ഒരു യുവതിയെന്ന നിലയിൽ എന്നെ കണ്ടില്ല. ഞാൻ അനുഭവിച്ച ഭയവും അപമാനവും നാണക്കേടുമൊന്നും അവർ കണ്ടില്ല. എനിക്കെന്താണ് നഷ്ടപ്പെട്ടതെന്ന് ആരുമെന്നോട് ചോദിച്ചില്ല. എൻ്റെ പ്രതിച്ഛായയും ശരീരത്തിൻ്റെ നിയന്ത്രണവും നഷ്ടപ്പെട്ടു. സുരക്ഷിതത്വവും ആത്മാഭിമാനവും എന്നിൽ നിന്ന് കവർന്നു.”-അവർ പറഞ്ഞു.
പാരിസിന്റെ മുൻ കാമുകനായ റിക്ക് സോളമനൊപ്പം വീട്ടിൽ വെച്ച് നിർമ്മിച്ച സെക്സ് ടേപ്പാണ് 2001-ൽ പുറത്തുവന്നത്. അന്ന് പാരിസിന് 19 വയസ്സാണ്. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കാൻ റിക്ക് ആഗ്രഹിച്ചിരുന്നുവെന്നും, പക്ഷെ തനിക്കതിൽ അസ്വസ്ഥതയുണ്ടായിരുന്നുവെന്നും 'പാരീസ്: ദി മെമ്മോയർ' എന്ന തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ടേപ്പ് നിർമ്മിക്കാൻ താൻ സമ്മർദ്ദത്തിലാവുകയായിരുന്നു, മറ്റാരുമത് കാണില്ലെന്ന് ഉറപ്പു കിട്ടിയിരുന്നെന്നും പാരിസ് പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Paris Hilton bravely shares her traumatic experience of an intimate video leak at 19, highlighting the abuse and lack of protection. Learn her story.